റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ തങ്ങളുടെ ബാറ്റിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. എപ്പോഴെത്തേയും പോലെ ടോസ് നഷ്ടപ്പെട്ട് വീണ്ടും ബാറ്റിംഗിനിറങ്ങാനായിരുന്നു സഞ്ജുവിന്റേയും ടീമിന്റേയും വിധി.
തുടക്കത്തില്‍ പതറിയെങ്കിലും പിന്നീട് നില വീണ്ടെടുത്ത് കത്തിക്കയറുന്ന പ്രകടനമായിരുന്നു രാജസ്ഥാന്‍ നടത്തിയത്. ഓപ്പണറായ യശസ്വി ജെയ്‌സ്വാളും ക്യാപ്റ്റന്‍ സഞ്ജു സാസംണും നിരാശപ്പെടുത്തിയപ്പോള്‍ ജോസ് ബട്‌ലറും ഹെറ്റ്‌മെയറും കത്തിക്കയറുകയായിരുന്നു.
വണ്‍ ഡൗണായിറങ്ങിയ മലയാളി താരം ദേവദത്ത് പടിക്കലും മികച്ച പിന്തുണയായിരുന്നു നല്‍കിയത്.
ഡെത്ത് ഓവറില്‍ കത്തിക്കയറിയാണ് രാജസ്ഥാന്‍ ബെംഗളൂരുവിനെ ഞെട്ടിച്ചത്. 18 ഓവര്‍ പിന്നിടുമ്പോള്‍ 127 റണ്‍സായിരുന്ന രാജസ്ഥാന്‍ ഇന്നിംഗ്‌സ് 20ാം ഓവര്‍ അവസാനിക്കുമ്പോള്‍ 169ലേക്ക് എത്തുകയായിരുന്നു.
അവസാന 12 പന്തില്‍ നിന്നും 39 റണ്‍സ് അടിച്ചെടുത്താണ് ഹെറ്റ്‌മെയറും ബട്‌ലറും ആര്‍.സി.ബിക്ക് മേല്‍ ഇടിത്തീയായി പടര്‍ന്നത്.
മത്സരത്തില്‍ 47 പന്തില്‍ പുറത്താകാതെ ആറ് സിക്സ് സഹിതം 70 റണ്‍സാണ് ജോസ് ബട്ലര്‍ നേടിയത്. ഒരു ബൗണ്ടറി പോലും അടിക്കാതെയായിരുന്നു ജോസ് ബട്ലറുടെ ഇന്നിംഗ്സ്. ഹെറ്റ്‌മെയറാകട്ടെ 31 പന്തില്‍ നാല് ഫോറും രണ്ട് സിക്സറുമടക്കം പുറത്താകാതെ 42 റണ്‍സും എടുത്തു. ഇരുവരും നാലാം വിക്കറ്റില്‍ എണ്ണം പറഞ്ഞ 83 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
ഇരുവരുടെയും ഇന്നിംഗ്‌സിനെ പുകഴ്ത്തി രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ച് ട്വീറ്റാണ് ഇപ്പോള്‍ തരംഗമാവുന്നത്.
ബ്രദേഴ്‌സ് ഓഫ് ഡിസ്ട്രക്ഷന്‍ എന്നറിയപ്പെടുന്ന അണ്ടര്‍ടേക്കറിനോടും കെയ്‌നിനോടുമാണ് ഇരുവരേയും താരതമ്യം ചെയ്തിരിക്കുന്നത്.
അവസാന രണ്ട് ഓവറില്‍ ബട്‌ലറും ഹെറ്റ്‌മെയറും എന്ന ക്യാപ്ഷനോടെയാണ് ടീം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
വാംഖഡെ പോലെ ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ 169 എന്നത് മികച്ച സ്‌കോര്‍ അല്ലെങ്കില്‍ക്കൂടിയും രാജസ്ഥാന്‍ ബോളര്‍മാര്‍ ആര്‍.സി.ബിയെ പിടിച്ചുകെട്ടുമെന്നാണ് ആരാധകര്‍ പറയുന്നത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ബെംഗളൂരു നിലവില്‍ 5 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 40 റസാണ് എടുത്തിരിക്കുന്നത്.