| Monday, 3rd April 2023, 8:59 am

പോയിന്റ് പട്ടികയില്‍ ഒന്നാമത്; സഞ്ജുവും പിള്ളേരും പണി തുടങ്ങി; ലക്ഷ്യം കിരീടം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഓരോ ടീമിന്റെയും ആദ്യ മത്സരം കഴിഞ്ഞപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി രാജസ്ഥാന്‍ റോയല്‍സ്. നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാന്‍ ഒന്നാമതെത്തിയത്.

രാജസ്ഥാന് പുറമെ ആദ്യ മത്സരം വിജയിച്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ്, പഞ്ചാബ് കിങ്‌സ് എന്നിവര്‍ക്കും രണ്ട് പോയിന്റാണ് ഉള്ളതെങ്കിലും റണ്‍ റേറ്റില്‍ ഇവരെയെല്ലാം രാജസ്ഥാന്‍ മറികടക്കുകയായിരുന്നു.

+3.600 എന്ന റണ്‍ റേറ്റാണ് രാജസ്ഥാനുള്ളത്. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സിനെതിരെ നേടിയ പടുകൂറ്റന്‍ വിജയമാണ് രാജസ്ഥാന് ഈ മികച്ച റണ്‍ റേറ്റ് സമ്മാനിച്ചത്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: +2.500
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു: +1.981
ഗുജറാത്ത് ടൈറ്റന്‍സ്: +0.514
പഞ്ചാബ് കിങ്‌സ്: +0.438 – എന്നിങ്ങനെയാണ് വിജയിച്ച മറ്റ് ടീമുകളുടെ നെറ്റ് റണ്‍ റേറ്റ്.

(ഐ.പി.എല്‍ 2023ന്റെ പോയിന്റ് ടേബിളിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനോട് പരാജയപ്പെട്ട സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് നിലവില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍.

കഴിഞ്ഞ ദിവസം ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തിലായിരുന്നു രാജസ്ഥാന്‍ റോയല്‍സ് പടുകൂറ്റന്‍ വിജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയല്‍സ് ടോപ് ഓര്‍ഡറിന്റെ ബലത്തില്‍ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു.

ജോസ് ബട്‌ലറും യശസ്വി ജെയ്‌സ്വാളും ക്യാപ്റ്റന്‍ സഞ്ജു സാംസണും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ റോയല്‍സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന് മോശം തുടക്കമായിരുന്നു ലഭിച്ചത്. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീണപ്പോള്‍ സണ്‍റൈസേഴ്‌സ് പരുങ്ങലിലായി. ടീം സ്‌കോര്‍ 50 കടക്കും മുമ്പ് അഞ്ച് വിക്കറ്റുകള്‍ നിലംപൊത്തിയതോടെ സണ്‍റൈസേഴ്‌സിന്റെ അടിത്തറയിളകി.

ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങി 32 റണ്‍സ് നേടിയ അബ്ദുള്‍ സമദാണ് ടീമിന്റെ ടോപ് സ്‌കോറര്‍.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏട്ട് വിക്കറ്റ് നഷ്ടത്തില്‍ സണ്‍റൈസേഴ്‌സ് 131 റണ്‍സിന് പോരാട്ടം അവസാനിപ്പച്ചതോടെ രാജസ്ഥാന്‍ 72 റണ്‍സിന്റെ കൂറ്റന്‍ വിജയം ആഘോഷിക്കുകയായിരുന്നു.

Content Highlight: Rajasthan Royals become table topper after the 1st match

We use cookies to give you the best possible experience. Learn more