| Friday, 11th May 2018, 11:51 pm

ക്യാപ്റ്റന്‍ കൂളിന്റെ തന്ത്രങ്ങള്‍ പിഴച്ചു; ബട്‌ലറിന്റെ ചിറകിലേറി രാജസ്ഥാന് രാജകീയ ജയം

സ്പോര്‍ട്സ് ഡെസ്‌ക്

ജയ്പുര്‍: ഐ.പി.എല്‍ പതിനൊന്നാം സീസണില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായ മത്സരത്തില്‍ ചെന്നൈയ്‌ക്കെതിരെ രാജസ്ഥാന് തകര്‍പ്പന്‍ ജയം. 177 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 60 പന്തില്‍ 95 റണ്‍സെടുത്ത ജോസ് ബട്‌ലറിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് രാജസ്ഥാന് മിന്നും ജയമൊരുക്കിയത്.

നാല് പന്തില്‍ 13 റണ്‍സ് നേടി കൃഷ്ണപ്പ ഗൗതവും നിര്‍ണ്ണായകമായ പ്രകടനമാണ് അവസാന ഓവറുകളില്‍ നടത്തിയത്. തന്റെ ബാറ്റിംഗ് പ്രകടനത്തിനു ജോസ് ബട്‌ലര്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്. ജയത്തോടെ രാജസ്ഥാന്‍ റോയല്‍സിനു 10 പോയിന്റായിട്ടുണ്ട്. ചെന്നൈ 14 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിലകൊള്ളുന്നു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുക്കുകയായിരുന്നു.
മൂന്നാം ഓവറില്‍ സ്‌കോര്‍ 19 റണ്‍സില്‍ നില്‍ക്കെ മികച്ച ഫോമിലുള്ള അമ്പാട്ടി റായ്ഡുവിന്റെ വിക്കറ്റാണ് ചെന്നൈയ്ക്ക് ആദ്യം നഷ്ടമായത്. 9 പന്തില്‍ 12 റണ്‍സ് നേടിയ റായ്ഡുവിനെ ആര്‍ച്ചര്‍ പുറത്താക്കുകയായിരുന്നു. പിന്നീട് ഒത്തുചേര്‍ന്ന വാട്‌സണ്‍-റെയ്‌ന സഖ്യം 86 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 31 പന്തില്‍ 39 റണ്‍സെടുത്താണ് വാട്‌സണ്‍ മടങ്ങിയത്. പിന്നാലെ അര്‍ധസെഞ്ച്വറി നേടിയ റെയ്‌നയും മടങ്ങി. ബില്ല്യങ്‌സ് 22 പന്തില്‍ 27 റണ്‍സെടുത്തു. 23 പന്തില്‍ 33 റണ്‍സോടെ ക്യാപ്റ്റന്‍ ധോനിയും ഒരു റണ്‍സോടെ ബ്രാവേയും പുറത്താകെ നിന്നു.

രാജസ്ഥാനായി നാല് ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്ത് ആര്‍ച്ചര്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. സോദി ഒരു വിക്കറ്റും സ്വന്തമാക്കി. കാന്‍സര്‍ ബോധവത്കരണത്തിന്റെ ഭാഗമായി തങ്ങളുടെ നീല ജേഴ്സിക്ക് പകരം പിങ്ക് ജേഴ്സി അണിഞ്ഞാണ് രാജസ്ഥാന്‍ ഇന്ന് ഗ്രൗണ്ടിലിറങ്ങിയത്. നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് 14 പോയന്റുള്ള ചെന്നൈ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തും ഇത്രതന്നെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ രാജസ്ഥാന്‍ എട്ട് പോയന്റോടെ ആറാം സ്ഥാനത്തുമാണ്.

We use cookies to give you the best possible experience. Learn more