| Thursday, 13th April 2023, 6:23 pm

തിരുത്തിയത് 10 വര്‍ഷത്തെ ചരിത്രം; മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞാല്‍ നമ്മള്‍ മാത്രമാണ്; ധോണിപ്പടയെ തോല്‍പിച്ചതില്‍ സംഗ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവരുടെ മടയിലെത്തി രാജസ്ഥാന്‍ റോയല്‍സ് തകര്‍ത്തുവിട്ടിരുന്നു. ബാറ്റിങ് യൂണിന്റെയും ബൗളിങ് ഡിപ്പാര്‍ട്‌മെന്റിന്റെയും ചിട്ടയായ പ്രകടനത്തിനൊപ്പം സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സി കൂടിയായതോടെ രാജസ്ഥാന്‍ മത്സരം സൂപ്പര്‍ കിങ്‌സില്‍ നിന്നും പിടിച്ചടക്കുകയായിരുന്നു,

മൂന്ന് റണ്‍സിനാണ് രാജസ്ഥാന്‍ ചെന്നൈയെ പരാജയപ്പെടുത്തിയത്. സന്ദീപ് ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ വിജയിക്കാന്‍ 21 റണ്‍സ് വേണമെന്നിരിക്കെ 17 റണ്‍സ് മാത്രമാണ് ചെന്നൈക്ക് നേടാന്‍ സാധിച്ചത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ജോസ് ബട്‌ലറിന്റെ അര്‍ധ സെഞ്ച്വറിയിലും ആര്‍. അശ്വിന്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവരുടെ ഇന്നിങ്‌സിലും 175 റണ്‍സ് എന്ന മാന്യമായ സ്‌കോറിലേക്കുയര്‍ന്നിരുന്നു.

ഒരുവേള 200+ റണ്‍സ് ടീം നേടുമെന്ന് തോന്നിച്ചെങ്കിലും ചെന്നൈയുടെ സ്പിന്നര്‍മാര്‍ പിങ്ക് പടയെ തടഞ്ഞുനിര്‍ത്തി. രവീന്ദ്ര ജഡേജയും മോയിന്‍ അലിയും തങ്ങളുടെ ക്ലാസ് പുറത്തെടുത്തതോടെ രാജസ്ഥാന്‍ വിയര്‍ത്തിരുന്നു.

തങ്ങള്‍ക്കെതിരെ പയറ്റിയ സ്പിന്‍ തന്ത്രം അതേ നാണയത്തില്‍ രാജസ്ഥാനും തിരിച്ചുപയറ്റിയിരുന്നു. ആര്‍. അശ്വിന്‍ – യൂസ്വേന്ദ്ര ചഹല്‍ ഡെഡ്‌ലി കോംബോക്കൊപ്പം ആദം സാംപയും അരങ്ങേറിയതോടെ ചെന്നൈയും സമ്മര്‍ദ്ദത്തിലായി. ഇവര്‍ക്കൊപ്പം സഞ്ജുവിന്റെ പേസ് ട്രയോയും കളമറിഞ്ഞ് കളച്ചതോടെ വിജയലക്ഷ്യത്തിന് മൂന്ന് റണ്‍സകലെ ചെന്നൈ വീണു.

ഇതോടെ രാജസ്ഥാന്റെ 15 വര്‍ഷത്തെ ചരിത്രം കൂടിയാണ് തിരുത്തിക്കുറിക്കപ്പെട്ടത്. ആദ്യ സീസണിന് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ചെപ്പോക്കില്‍ തോല്‍പിക്കാന്‍ സാധിക്കാതിരുന്ന രാജസ്ഥാന്‍ കഴിഞ്ഞ ദിവസം ആ കളങ്കവും മായ്ച്ചുകളയുകയായിരുന്നു.

കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ചെന്നൈയെ സ്വന്തം തട്ടകത്തില്‍ തോല്‍പിക്കുന്ന രണ്ടാം ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. മുംബൈ ഇന്ത്യന്‍സാണ് ഈ നേട്ടം കൈവരിച്ച ആദ്യ ടീം. വിജയത്തിന് ശേഷം ഡ്രസിങ് റൂമില്‍ വെച്ച് കോച്ച് സംഗക്കാരയാണ് ഇക്കാര്യം താരങ്ങളെ ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിച്ചത്.

ടീം മീറ്റിങ്ങില്‍ ഓരോ താരങ്ങളുടെയും പ്രകടനങ്ങള്‍ എടുത്തുപറഞ്ഞായിരുന്നു സംഗക്കാര ടീമിനെ അഭിനന്ദിച്ചത്.

ഏപ്രില്‍ 16നാണ് രാജസ്ഥാന്‍ തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ സീസണിലെ ഫൈനലില്‍ തങ്ങളെ പരാജയപ്പെടുത്തിയ ഗുജറാത്ത് ടൈറ്റന്‍സിനെ അതേ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വെച്ചാണ് രാജസ്ഥാന്‍ നേരിടുന്നത്.

Content Highlight: Rajasthan Royals beat Chennai Super Kings at their home stadium

Latest Stories

We use cookies to give you the best possible experience. Learn more