| Thursday, 14th April 2022, 12:32 pm

രണ്ട് പ്രശ്‌നങ്ങളാണ് മുന്നിലുള്ളത്, ആ രണ്ട് കാര്യങ്ങള്‍ക്കനുസരിച്ച് കളി പാകപ്പെടുത്തും; രാജസ്ഥാന്റെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ് സഞ്ജു നായകനാവുന്ന രാജസ്ഥാന്‍ റോയല്‍സ്. കളിച്ച കളികളില്‍ ഒന്നില്‍ മാത്രം പരാജയപ്പെട്ട് പോയിന്റ് പട്ടികയില്‍ ഒന്നാമത് തുടരുകയാണ് മുന്‍ ചാമ്പ്യന്‍മാര്‍.

മലയാളികള്‍ സഞ്ജുവിനെ എത്രത്തോളം ഇഷ്ടപ്പെടുന്നോ, അത്രയും തന്നെ സ്‌നേഹിക്കുന്ന മറ്റൊരു താരമാണ് ദേവ്ദത്ത് പടിക്കല്‍. സഞ്ജുവിനെ പോലെ തന്നെ ടീമിലെ മലയാളി സാന്നിധ്യമായ ദേവദത്ത് രാജസ്ഥാന്‍ ബാറ്റിംഗ് നിരയുടെ കരുത്ത് തന്നെയാണ്.

രാജസ്ഥാന്‍ സ്വന്തം വീടുപോലെയാണെന്നും ഒരേ മനസോടെയാണ് തങ്ങളിപ്പോള്‍ പോരാടുന്നതെന്നും പറയുകയാണ് ദേവ്ദത്ത് ഇപ്പോള്‍. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘രാജസ്ഥാന്‍ റോയല്‍സില്‍ കാര്യങ്ങള്‍ നല്ല രീതിയില്‍ തന്നെയാണ് പോയ്‌ക്കൊണ്ടിരിക്കുന്നത്. എന്റെ വീടുപോലെതന്നെയാണ് ഇവിടെ അനുഭവപ്പെടുന്നത്.

ഒരു ടീം എന്ന നിലയില്‍ ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം ഇതുവരെ പുറത്തെടുക്കാനായിട്ടില്ല എന്നാണ് ഞങ്ങള്‍ കരുതുന്നത്. അവിടെയും ഇവിടെയുമൊക്കെ ചില പ്രശ്നങ്ങളുണ്ട്. എന്നാല്‍, വരും മത്സരങ്ങളില്‍ ഇവയെല്ലാം നന്നാക്കിയെടുക്കാനാകും എന്നാണ് കരുതുന്നത്’ ദേവ്ദത്ത് പറഞ്ഞു.

രാജസ്ഥാന് വേണ്ടി ഏത് റോളിലും കളിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയ താരം ടീമിനായി കഴിവിന്റെ പരമാവധി നല്‍കുകയും ഏറ്റവും നന്നായി കളി ആസ്വദിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, രണ്ട് പ്രശ്‌നങ്ങളാണ് ഇപ്പോള്‍ തങ്ങളുടെ മുന്നിലുള്ളതെന്നും എന്നാല്‍ ആ രണ്ട് കാര്യങ്ങളും തങ്ങളുടെ കൈയ്യിലല്ലെന്നും ദേവ്ദത്ത് പറയുന്നു. ടോസും മഞ്ഞുവീഴ്ചയുമാണ് ആ രണ്ട് കാര്യങ്ങളെന്നും താരം വ്യക്തമാക്കുന്നു.

‘ടോസ് എന്നത് ഞങ്ങളുടെ കയ്യിലല്ലല്ലോ. ഗ്രൗണ്ടിലെ മഞ്ഞുവീഴ്ച മനസിലുണ്ട്. അതിന് അനുയോജ്യമായ രീതിയില്‍ കളി പാകപ്പെടുത്തി എടുക്കാനാണ് ശ്രമിക്കുന്നത്. ടോസും രണ്ടാം ഇന്നിംഗ്സിലെ മഞ്ഞുവീഴ്ചയും ഞങ്ങളുടെ കയ്യിലല്ലല്ലോ’ ദേവ്ദത്ത് പറയുന്നു.

ഗുജറാത്തിനെതിരെ നടക്കുന്ന മത്സരത്തില്‍ മഞ്ഞുവീഴ്ച ഒരു നിര്‍ണായക ഘടകമാവുമെന്നും ദേവ്ദത്ത് കൂട്ടിച്ചേര്‍ക്കുന്നു.

ഹര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്തിനെതിരെയും ജയിച്ച് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനാണ് രാജസ്ഥാന്‍ ഒരുങ്ങുന്നത്. മാരക ഫോമില്‍ തുടരുന്ന ജോസ് ബട്‌ലറും, ബട്‌ലറിന് പിന്തുണ നല്‍കാനും വമ്പന്‍ സ്‌കോറുകള്‍ അടിച്ചെടുക്കാനും ദേവ്ദത്തും സഞ്ജുവും പൂര്‍ണ സജ്ജരായിരിക്കുമ്പോള്‍ രാജസ്ഥാന്‍ ബാറ്റിംഗ് നിര സുശക്തമാണ്.

മറുഭാഗത്ത് ഗില്ലിന്റെ പോരാട്ട വീര്യത്തിലാണ് ഗുജറാത്ത് കുതിക്കുന്നത്. ഗില്ലിന് പിന്തുണ നല്‍കാന്‍ ക്യാപ്റ്റന്‍ ഹര്‍ദിക്കും കൂട്ടിനുണ്ട്.

ബൗളര്‍മാരുടെ പോരാട്ടമായും മത്സരം വിലയിരുത്തപ്പെടുന്നുണ്ട്. വിക്കറ്റ് വേട്ടക്കാരില്‍ മുമ്പനായ ചഹലും സ്പിന്‍ മജീഷ്യന്‍ റാഷിദ് ഖാനും കളം നിറഞ്ഞാടുമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

Content highlight: Rajasthan Royals batter Devdutt Padikkal about next match with Gujarat Titans

We use cookies to give you the best possible experience. Learn more