| Saturday, 7th May 2022, 9:51 pm

ഇത് അവന്റെ തിരിച്ചുവരവ്, രാജസ്ഥാന്റേയും

സ്പോര്‍ട്സ് ഡെസ്‌ക്

തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലെ പരാജയത്തിന് ശേഷം ഐ.പി.എല്ലില്‍ വിജയ വഴിയില്‍ തിരിച്ചെത്തി സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബ് കിംഗ്‌സിനെ ആറ് വിക്കറ്റിന് മുട്ടുകുത്തിച്ചാണ് രാജസ്ഥാന്‍ വിജയം കൊയ്തത്. ഇതോടെ പ്ലേ ഓഫ് സാധ്യതകള്‍ വീണ്ടും സജീവമാക്കാനും രാജസ്ഥാനിനായി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പഞ്ചാബ് ഓപ്പണര്‍ ജോണി ബെയസ്‌ട്രോയുടെ ഇന്നിംഗ്‌സിന്റെ ബലത്തിലായിരുന്നു മികച്ച സ്‌കോറിലേക്ക് നടന്നുകയറിയത്. എട്ട് ഫോറും ഒരു സിക്‌സറും പറത്തിയാണ് 40 പന്തില്‍ ബെയസ്‌ട്രോ 56 റണ്‍സായിരുന്നു അടിച്ചുകൂട്ടിയത്.

ശ്രീലങ്കന്‍ താരമായ ഭാനുക രാജപക്‌സയും ലിയാം ലിവിംഗ്‌സറ്റണും സ്വാഭാവിക പ്രകടനം പുറത്തെടുത്തതോടെ നിശ്ചിത ഓവറില്‍ പഞ്ചാബ് 5 വിക്കറ്റിന് 189 റണ്‍സ് എന്ന നിലയില്‍ ഇന്നിംഗ്‌സ് അവസാനിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ മത്സരങ്ങളിലെ വിക്കറ്റ് വരള്‍ച്ച മറികടന്നായിരുന്നു ചഹല്‍ തുടങ്ങിയത്. നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി, ബെയസ്‌ട്രോ അടക്കമുള്ള മൂന്ന് വിക്കറ്റായിരുന്നു ചഹല്‍ സ്വന്തമാക്കിയത്. ചഹലിന് പുറമെ അശ്വിനും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ തുടക്കത്തിലേ ആഞ്ഞടിച്ചിരുന്നു. ഏറെ കാലം ടീമിന് പുറത്തിരിക്കേണ്ടി വന്ന യശസ്വി ജെയ്‌സ്വാളായിരുന്നു വെടിക്കെട്ടിന് തിരി കൊളുത്തിയത്. സന്ദീപ് ശര്‍മയെറിഞ്ഞ ആദ്യ ഓവറില്‍ തമന്നെ രണ്ട് ഫോറും ഒരു സിക്‌സറുമടിച്ചായിരുന്നു തന്റെ തിരിച്ചുവരവിലെ പ്രകടനം തുടങ്ങിയത്.

ദേവ്ദത്ത് പടിക്കലിന് പകരം ഓപ്പണറായി ഇറങ്ങിയ ജെയ്‌സ്വാളും ബട്‌ലറും സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. ടീം സ്‌കോര്‍ 46ല്‍ നില്‍ക്കെ 16 പന്തില്‍ നിന്നും അഞ്ച് ഫോറും ഒരു സിക്‌സറുമടക്കം 30 റണ്‍സെടുത്ത് ബട്‌ലര്‍ പുറത്താവുകയായിരുന്നു.

പിന്നാലെയെത്തിയ സഞ്ജുവും കൂറ്റനടികളുമായി മൈതാനം നിറഞ്ഞു നിന്നു. സഞ്ജു 12 പന്തില്‍ നാല് ബൗണ്ടറിയടക്കം 23 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. പകരമെത്തിയ ദേവ്ദത്ത് പടിക്കല്‍ 32 പന്തില്‍ മൂന്ന് ഫോറടക്കം 31 റണ്‍സാണ് എടുത്തത്.

ഹെറ്റ്‌മെയര്‍ തന്റെ പതിവ് രീതിയില്‍ ആഞ്ഞടിച്ചപ്പോള്‍ രണ്ട് പന്ത് ബാക്കി നില്‍ക്കെ വിജയം രാജസ്ഥാനൊപ്പം നിന്നു. പഞ്ചാബിനായി അര്‍ഷദീപ് സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി. റബാദയും റിഷി ധവാനും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

രണ്ട് മത്സരത്തില്‍ തോറ്റ രാജസ്ഥാന്റെ തിരിച്ചുവരവാണ് ഐ.പി.എല്ലില്‍ കണ്ടത്. എന്നാല്‍ യശസ്വി ജെയ്‌സ്വാള്‍ എന്ന യുവതാരത്തിന്റെ തിരിച്ചുവരവായിരുന്നു അത്. ആദ്യ മത്സരങ്ങളിലെ മോശം ഫോം കാരണം പുറത്തിരിക്കേണ്ടി വന്ന ജെയ്‌സ്വാള്‍ അവസരം ലഭിച്ചപ്പോള്‍ തന്റെ സ്‌ഫോടന ശേഷി മുഴുവന്‍ പുറത്തെടുക്കുകയായിരുന്നു.

ജയത്തോടെ 11 കളിയില്‍ ഏഴ് ജയവുമായി 14 പോയിന്റുമായി രാജസ്ഥാന്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. പഞ്ചാബ് ഏഴാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

Content Highlight: Rajasthan Royals back on winning track Yashaswi Jaiswal

We use cookies to give you the best possible experience. Learn more