| Tuesday, 24th May 2022, 7:03 pm

കളി നടക്കുമോ എന്നുപോലും അറിയില്ല, എന്നാലും ഞങ്ങളെത്തിയെടാ മക്കളേ... ഈഡന്‍ ഗാര്‍ഡന്‍സില്‍ റോയലായി റോയല്‍സ്; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2022ന്റെ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ചൊവ്വാഴ്ച തുടക്കമാവുകയാണ്. ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് രണ്ടാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയല്‍സിനെ നേരിടും.

വിജയിക്കുന്ന ടീമിന് നേരിട്ട് ഫൈനല്‍ പ്രവേശനം സാധ്യമാവുമെന്നിരിക്കെ ഇരു ടീമിന്റെയും ആരാധകര്‍ ആവേശത്തിലാണ്.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഒന്നാം ക്വാളിഫയര്‍ മത്സരം അരങ്ങേറുന്നത്.

മത്സരത്തിന് മുന്നോടിയായി രാജസ്ഥാന്‍ ടീം നിറഞ്ഞ ശുഭാപ്തി വിശ്വാസമാണ് കൈമുതലാക്കിയിരിക്കുന്നത്. കാലാവസ്ഥ തങ്ങളെ ചതിക്കില്ലെന്നും, അഥവാ തോല്‍ക്കുകയാണെങ്കില്‍ തന്നെ കളിച്ച് തോല്‍ക്കണമെന്നുമാണ് ടീമിന്റേയും ആരാധകരുടെയും മനസില്‍.

കനത്ത മഴയാണ് കൊല്‍ക്കത്തയില്‍ പെയ്യുന്നത്. ഇക്കാരണം കൊണ്ടുതന്നെ മത്സരം ഉപേക്ഷിച്ചാല്‍ എട്ടിന്റെ പണി കിട്ടാന്‍ പോകുന്നത് രാജസ്ഥാന്‍ റോയല്‍സിനും സഞ്ജു സാംസണും ആവുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

മഴ കാരണം ഒരു പന്തുപോലും എറിയാന്‍ പറ്റാതെ മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ടീമിനെ വിജയിച്ചതായി പ്രഖ്യാപിക്കണമെന്നതാണ് ഐ.പി.എല്‍ നിയമം. ഈ നിയമമാണ് പോയിന്റ് പട്ടികയില്‍ പിന്നിലുള്ളവരെ തിരിഞ്ഞുകൊത്താനൊരുങ്ങുന്നത്.

ഒന്നാം ക്വാളിഫയറില്‍ മഴയോ മറ്റ് മോശം കാലാവസ്ഥയോ കാരണം ഒരു പന്തുപോലും എറിയാന്‍ സാധിക്കാതെ ഉപേക്ഷിക്കുകയാണെങ്കില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ഗുജറാത്ത് ടൈറ്റന്‍സിനെ വിജയിയായി പ്രഖ്യാപിക്കുകയും സ്വാഭാവികമായി രാജസ്ഥാന്‍ തോല്‍ക്കുകയും ചെയ്യും.

എന്നാല്‍, മഴമൂലം കളി തടസ്സപ്പെടുകയും മത്സരം തുടങ്ങാന്‍ വൈകുകയും ചെയ്താല്‍ മുഴുവന്‍ ഓവറുകളിലും കളി നടക്കാനുള്ള സാധ്യതയുമുണ്ട്. അതായത്, പ്ലേ ഓഫ് മത്സരങ്ങള്‍ ആരംഭിക്കാന്‍ വൈകിയാലും പരമാവധി 9.40ന് വരെ മത്സരം തുടങ്ങാന്‍ സാധിക്കും.

അതുകൊണ്ട് തന്നെ മഴ പെയ്യാന്‍ ഗുജറാത്ത് ആരാധകരും മഴ ചതിക്കാതിരിക്കാന്‍ രാജസ്ഥാന്‍ ആരാധകരും മനമുരുകി പ്രാര്‍ത്ഥിക്കുമെന്നുറപ്പാണ്.

7.30നാണ് മത്സരം ആരംഭിക്കുന്നത്. ഗുജറാത്ത് – രാജസ്ഥാന്‍ പോരാട്ടത്തില്‍ തോല്‍ക്കുന്നവര്‍ക്ക് ഫൈനലില്‍ എത്താന്‍ ഒരു ചാന്‍സ് കൂടി ബാക്കിയുണ്ട്. ആദ്യ എലിമിനേറ്ററിലെ വിജയികളെ തോല്‍പിച്ചാല്‍, ഇവര്‍ക്ക് ഫൈനലിലെത്താം.

Content Highlight: Rajasthan Royals at Eden Gardens

Latest Stories

We use cookies to give you the best possible experience. Learn more