ഐ.പി.എല്‍ 2023ലെ 56ാം മത്സരത്തിനാണ് കളമൊരുങ്ങുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ നൈറ്റ് റൈഡേഴ്‌സ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനെ നേരിടും.
ഈ മത്സരത്തില്‍ വിജയിക്കുന്ന ടീമിന് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാനും തോല്‍ക്കുന്ന ടീമിന്റെ ഐ.പി.എല്‍ യാത്രക്ക് അവസാനിക്കുമെന്നതിനാലും ഫൈനലിനേക്കാള്‍ ആവേശകരമായ മത്സരത്തിനാണ് കൊല്‍ക്കത്ത സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.
ഇരു ടീമിന്റെയും എല്ലാ ബാറ്റിങ്ങും ബൗളിങ്ങും ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗങ്ങളും എണ്ണയിട്ട യന്ത്രങ്ങള്‍ പോലെ പ്രവര്‍ത്തിക്കുകയാണ്. വരുണ്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തിലിറങ്ങുന്ന കൊല്‍ക്കത്തയുടെ ബൗളിങ് നിരയും അശ്വിനും ചഹലും അടങ്ങുന്ന രാജസ്ഥാന്റെ ബൗളിങ് നിരയും ഇരുടീമിന്റെ ബാറ്റര്‍മാരെയും വെള്ളം കുടിപ്പിക്കുമെന്നുറപ്പാണ്.
രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിങ് നിരക്കെതിരെ പ്രത്യേക തന്ത്രങ്ങളുമായിട്ടാവും കൊല്‍ക്കത്ത നായകന്‍ നിതീഷ് റാണ കളത്തിലേക്കിറങ്ങുന്നത്. രാജസ്ഥാന്റെ ഓപ്പണര്‍മാരും മധ്യനിരയും തകര്‍ത്തടിച്ചാല്‍ തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന ഉത്തമ ബോധ്യം റാണക്കുണ്ടാകും.
ഇതിനൊപ്പം അവസാന ഓവറുകളില്‍ രാജസ്ഥാന്‍ പുറത്തെടുക്കുന്ന ആക്രമണോത്സുക ബാറ്റിങ് ശൈലിയും നിതീഷ് റാണയുടെ കണക്കുകൂട്ടലുകളില്‍ സ്ഥാനം പിടിച്ചേക്കും.
ഡെത്ത് ഓവറുകളില്‍ മികച്ച പ്രകടനമാണ് രാജസ്ഥാന്‍ കാഴ്ചവെക്കുന്നത്. അവസാന നാല് ഓവറുകളില്‍ എതിര്‍ ടീം ബൗളര്‍മാര്‍ക്ക് മേല്‍ പടര്‍ന്നുകയറുന്നതാണ് റോയല്‍സിന്റെ രീതി. ഇത് ശരിവെക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്.
ഡെത്ത് ഓവറുകളില്‍ ഏറ്റവുമധികം 50+ സ്‌കോര്‍ ഉള്ള ടീമായാണ് രാജസ്ഥാന്‍ ഈഡന്‍ ഗാര്‍ഡന്‍സിലേക്കിറങ്ങുന്നത്. കളിച്ച 11 മത്സരത്തില്‍ ഏഴ് തവണയാണ് രാജസ്ഥാന്‍ 50+ സ്‌കോര്‍ സ്വന്തമാക്കിയത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഇക്കാര്യത്തില്‍ ഒട്ടും മോശക്കാരല്ല. അഞ്ച് തവണയാണ് കൊല്‍ക്കത്ത ഡെത്ത് ഓവറില്‍ 50+ സ്‌കോര്‍ നേടിയിയത്.
ഐ.പി.എല്‍ 2023ല്‍ 16-20 ഓവറുകളില്‍ ഏറ്റവുമധികം 50+ സ്‌കോര്‍ നേടിയ ടീം
രാജസ്ഥാന്‍ റോയല്‍സ് – 7
പഞ്ചാബ് കിങ്‌സ് – 6
ചെന്നൈ സൂപ്പര്‍ കിങ്‌സ് – 5
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 5
ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന രണ്ട് ടീമുകള്‍ പരസ്പരം കൊമ്പുകോര്‍ക്കുമ്പോള്‍ ടി-20യുടെ സകല ആവേശവും ഉള്‍ക്കൊള്ളുന്ന തകര്‍പ്പന്‍ മത്സരം തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
Content Highlight: Rajasthan Royals are the team with the highest score of 50+ in death overs