ഐ.പി.എല്ലില്‍ മികച്ച പ്രകടനം തുടരുന്ന രാജസ്ഥാന്‍ റോയല്‍സിനെ വിലയിരുത്തി ഇംഗ്ലണ്ട് ഇതിഹാസ താരം ഗ്രെയം സ്വാന്‍. തൊട്ടുമുമ്പത്തെ സീസണിനേക്കാള്‍ അഞ്ച് ഇരട്ടി മികച്ച പ്രകടനമാണ് ടീം നടത്തുന്നതെന്നായിരുന്നു സ്വാന്‍ പറഞ്ഞത്.
സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ക്രിക്കറ്റ് ലൈവിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘വളരെ മികച്ച ക്രിക്കറ്റാണ് രാജസ്ഥാന്‍ റോയല്‍സ് ഈ സീസണില്‍ കളിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ അഞ്ചിരട്ടി മികച്ച പ്രകടനമാണ് ഇപ്പോള്‍ കാഴ്ചവെക്കുന്നത്. മെഗാ താരലേലത്തില്‍ മികച്ച ഒരു ടീമിനെ കെട്ടിപ്പടുക്കാന്‍ അവര്‍ക്കായി,’ സ്വാന്‍ പറയുന്നു.
മുന്‍ ഇംഗ്ലണ്ട് താരം നിക്ക് നൈറ്റും സമാന അഭിപ്രായം പറഞ്ഞിരുന്നു. രാജസ്ഥാന്‍ ശക്തമായ ടീമാണെന്നും ഐ.പി.എല്ലിന്റെ ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നുമായിരുന്നു നൈറ്റ് പറഞ്ഞത്.
‘രാജസ്ഥാന്റെ അടിത്തറ ശക്തമാണ്. അവര്‍ ന്യൂ ബോളില്‍ കളിയാരംഭിക്കുന്നത് എനിക്കിഷ്ടമാണ്. ജോസ് ബട്‌ലറിനെ ഉപയോഗിച്ച് സ്‌ഫോടനാത്മകമായ ഇന്നിംഗ്‌സിന് തുടക്കം കുറിക്കുന്നത് തന്നെ ഹരമാണ്.
അശ്വിനും ചഹലുമടങ്ങിയ സ്പിന്നര്‍മാരും ഹെറ്റ്‌മെയറിനെ പോലെ ഒരു ഫിനിഷറും അവര്‍ക്കൊപ്പമുണ്ട്. മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള എല്ലാ റിസോഴ്‌സും രാജസ്ഥാനുണ്ട്,’ നൈറ്റ് പറയുന്നു.
പുതിയ സീസണില്‍ കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും രാജസ്ഥാന്‍ ജയിച്ചിരുന്നു. ആറ് പോയിന്റോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ടീം.
വ്യാഴാഴ്ചയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.
ഹര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്തിനെതിരെയും ജയിച്ച് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനാണ് രാജസ്ഥാന്‍ ഒരുങ്ങുന്നത്. മാരക ഫോമില്‍ തുടരുന്ന ജോസ് ബട്ലറും, ബട്ലറിന് പിന്തുണ നല്‍കാനും വമ്പന്‍ സ്‌കോറുകള്‍ അടിച്ചെടുക്കാനും ദേവ്ദത്തും സഞ്ജുവും പൂര്‍ണ സജ്ജരായിരിക്കുമ്പോള്‍ രാജസ്ഥാന്‍ ബാറ്റിംഗ് നിര സുശക്തമാണ്.
മറുഭാഗത്ത് ഗില്ലിന്റെ പോരാട്ട വീര്യത്തിലാണ് ഗുജറാത്ത് കുതിക്കുന്നത്. ഗില്ലിന് പിന്തുണ നല്‍കാന്‍ ക്യാപ്റ്റന്‍ ഹര്‍ദിക്കും കൂട്ടിനുണ്ട്.
ബൗളര്‍മാരുടെ പോരാട്ടമായും മത്സരം വിലയിരുത്തപ്പെടുന്നുണ്ട്. വിക്കറ്റ് വേട്ടക്കാരില്‍ മുമ്പനായ ചഹലും സ്പിന്‍ മജീഷ്യന്‍ റാഷിദ് ഖാനും കളം നിറഞ്ഞാടുമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.