ഐ.പി.എല്‍ 2022ല്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താണ് രാജസ്ഥാന്‍ റോയല്‍സ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നത്. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് അവരുടെ ഹോം ഗ്രൗണ്ടില്‍ വെച്ച് തോല്‍ക്കേണ്ടി വന്നെങ്കിലും ആരാധകരുടെ മനസ് കീഴടക്കിയാണ് രാജസ്ഥാന്‍ റോയല്‍സ് ഐ.പി.എല്‍ 2022നോട് വിടപറഞ്ഞത്.
കഴിഞ്ഞ സീസണില്‍ ഏറ്റവും മികച്ച ബാറ്റര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പും രാജസ്ഥാന്‍ റോയല്‍സിന്റെ പാളയത്തിലേക്കെത്തിയിരുന്നു.
2016ല്‍ വിരാട് കോഹ്‌ലി സൃഷ്ടിച്ച റെക്കോഡ് മറികടക്കാനായില്ലെങ്കിലും വിരാടിന്റെ അതേ രീതിയില്‍ ആക്രമിച്ചു കളിച്ചാണ് ജോസ് ബട്‌ലര്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്. ഒരുവേള വിരാടിനെ മറികടന്നേക്കുമെന്നും ബട്‌ലര്‍ തോന്നിച്ചിരുന്നു. 863 റണ്‍സ് നേടിയാണ് ബട്‌ലര്‍ ഐ.പി.എല്‍ 2022ലെ ഓറഞ്ച് ക്യാപ്പിനുടമയായത്.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വാനിന്ദു ഹസരങ്കയോട് പൊരുതിയാണ് യൂസ്വേന്ദ്ര ചഹല്‍ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയകത്. 27 വിക്കറ്റാണ് സീസണില്‍ ചഹല്‍ പിഴുതെറിഞ്ഞത്.
ഇതിനൊപ്പം തന്നെ മറ്റൊരു പുരസ്‌കാരവും രാജസ്ഥാന്‍ റോയല്‍സിനെ തേടിയെത്തിയിരുന്നു. കളിക്കളത്തിലെ മാന്യത നിലനിര്‍ത്തിയതിനുള്ള ഫെയര്‍പ്ലേ പുരസ്‌കാരമാണ് രാജസ്ഥാന്‍ റോയല്‍സിന് ലഭിച്ചത്. അതിനുള്ള പ്രധാന കാരണം ക്യാപ്റ്റന്‍ സഞ്ജു സാംസണുമാണ്.
17 മത്സരത്തില്‍ നിന്നും 10 എന്ന ആവറേജില്‍ 170 പോയിന്റായിരുന്നു കഴിഞ്ഞ സാസണില്‍ രാജസ്ഥാന്‍ റോയല്‍സിനുണ്ടായിരുന്നത്.
തൊട്ടുമുമ്പുള്ള സീസണിലും, അതായത് സഞ്ജു സാംസണ്‍ ക്യാപ്റ്റനായി സ്ഥാനമേറ്റെടുത്ത ആദ്യ സീസണിലും ഫെയര്‍ പ്ലേ പുരസ്‌കാരം രാജസ്ഥാന്‍ റോയല്‍സിന് തന്നെയായിരുന്നു. 14 മത്സരത്തില്‍ നിന്നും 10.14 ആവറേജില്‍ 142 പോയിന്റാണ് അന്ന് രാജസ്ഥാനുണ്ടായിരുന്നത്.
കഴിഞ്ഞ തവണ സ്വന്തമാക്കിയ ഈ നേട്ടം ഈ സീസണിലും രാജസ്ഥാന്‍ റോയല്‍സ് നേടുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. അങ്ങനെയെങ്കില്‍ തുടര്‍ച്ചയായ മൂന്നാം തവണയാകും രാജസ്ഥാന്‍ ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്.
ഫെയര്‍ പ്ലേ പുരസ്‌കാരം മാത്രമല്ല, ഈ സീസണിലെ കിരീടവും ആരാധകര്‍ അത്രകണ്ട് മോഹിക്കുന്നുണ്ട്. 2008ല്‍ ഷെയ്ന്‍ വോണ്‍ അത് നേടിക്കൊടുത്തതിന് ശേഷം ഈ സീസണില്‍ സഞ്ജു അത് തങ്ങള്‍ക്ക് നേടി തരുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content highlight: Rajasthan Royals are all set to win the Fair Play Award for the third consecutive season