| Wednesday, 15th May 2024, 4:47 pm

പ്ലേ ഓഫിലെത്തി, ഇനി വേണ്ടത് ഒന്നാം സ്ഥാനം; കാത്തുവെച്ച പകവീട്ടാന്‍ പരാഗിന്റെ മണ്ണില്‍ സഞ്ജുപ്പട

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ദല്‍ഹി ക്യാപ്പിറ്റല്‍സ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തില്‍ റിഷബ് പന്തും സംഘവും വിജയിച്ചതോടെ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് ടിക്കറ്റ് ഉറപ്പിച്ചിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങള്‍ ശേഷിക്കവെയാണ് റോയല്‍സ് ആദ്യ നാലില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചത്.

പ്ലേ ഓഫിലെത്തുന്ന രണ്ടാമത് ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് പ്ലേ ഓഫിലെത്തിയ ആദ്യം ടീം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ഗുജറാത്ത് ടൈറ്റന്‍സ് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫിലും പിന്നാലെ ക്വാളിഫയര്‍ ഒന്നിലും സ്ഥാനം പിടിച്ചത്.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന രണ്ട് മത്സരങ്ങള്‍ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ഒരുങ്ങുന്നത്. ടീമിന്റെ രണ്ടാം ഹോം സ്‌റ്റേഡിയമായ അസമിലെ ബര്‍സാപര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍.

സീസണില്‍ നേരത്തെ പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മുല്ലാപൂരിലെ മഹാരാജ യാദവീന്ദ്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ പഞ്ചാബ് സിംഹങ്ങളെ പരാജയപ്പെടുത്തിയിരുന്നു. ഇപ്പോള്‍ സ്വന്തം മണ്ണില്‍ പഞ്ചാബിനെ നേരിടാനൊരുങ്ങുകയാണ് റോയല്‍സ്.

പഞ്ചാബിനെതിരെ ബര്‍സാപരയില്‍ ഏറ്റുമുട്ടുമ്പോള്‍ തീര്‍ക്കാന്‍ ബാക്കിവെച്ച ഒരു കടം കൂടി രാജസ്ഥാന്റെ മനസിലുണ്ടാകും.

കഴിഞ്ഞ സീസണിലാണ് രാജസ്ഥാന്‍ തങ്ങളുടെ രണ്ടാം ഹോം സ്‌റ്റേഡിയമായി ബര്‍സാപരയെ പ്രഖ്യാപിച്ചത്. നോര്‍ത്ത് ഈസ്‌റ്റേണ്‍ സംസ്ഥാനങ്ങളില്‍ ക്രിക്കറ്റിന്റെ വളര്‍ച്ച കൂടി ലക്ഷ്യമിട്ടായിരുന്നു രാജസ്ഥാന്റെ ഈ നീക്കം.

എന്നാല്‍ ബര്‍സാപരയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ രാജസ്ഥാന് തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു. അന്ന് സഞ്ജുവിനെയും സംഘത്തെയും തോല്‍പിച്ചതാകട്ടെ പഞ്ചാബ് കിങ്‌സും.

ശിഖര്‍ ധവാന്റെയും പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 197 റണ്‍സ് നേടിയപ്പോള്‍ പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് 192 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. സഞ്ജു സാംസണ്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറെല്‍ എന്നിവരുടെ കരുത്തില്‍ രാജസ്ഥാന്‍ പൊരുതിയെങ്കിലും അഞ്ച് റണ്‍സകലെ കാലിടറി വീണു.

ഈ തോല്‍വിക്ക് പകരം ചോദിക്കാന്‍ കൂടിയായിരിക്കും റിയാന്‍ പരാഗിന്റെ അസമിലേക്ക് രാജസ്ഥാന്‍ ഇറങ്ങുന്നത്.

ബര്‍സാപരയില്‍ ഇതുവരെ രണ്ട് മത്സരം കളിച്ച രാജസ്ഥാന് ഒരു വിജയവും ഒരു തോല്‍വിയുമാണ് അസം ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ട് സമ്മാനിച്ചത്.

ഇന്ന് നടക്കുന്ന കിങ്‌സ് – റോയല്‍സ് മത്സരത്തില്‍ സഞ്ജുവിനും സംഘത്തിനും വിജയിക്കാനായാല്‍ ക്വാളിഫയര്‍ ഒന്നില്‍ കളിക്കാനുള്ള ടീമിന്റെ സാധ്യതകളും വര്‍ധിക്കും.

മെയ് 19നാണ് രാജസ്ഥാന്‍ ബര്‍സാപരയില്‍ തങ്ങളുടെ രണ്ടാം മത്സരം കളിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍. ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ വിജയിച്ചാല്‍ 19ന് നടക്കുന്ന പര്‍പ്പിള്‍ – പിങ്ക് പോരാട്ടമാകും പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരെ തീരുമാനിക്കുക.

പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി തന്നെ പ്ലേ ഓഫിനിറങ്ങാനാകും രണ്ട് ടീമും ഒരുങ്ങുന്നത്.

Content highlight: Rajasthan Royals are all set to play their first match of the season at the Barsapara Stadium

We use cookies to give you the best possible experience. Learn more