ഐ.പി.എല്ലില്‍ തുടര്‍ന്ന അതേ ഫോം തന്നെയാണ് ദേശീയ ടീമിനായി ജോസ് ബട്‌ലര്‍ പുറത്തെടുക്കുന്നത്. കണ്ണില്‍ കണ്ട ബൗളര്‍മാരെയെല്ലാം തച്ചുതകര്‍ക്കുന്ന ശീലം തുടരുന്ന ബട്‌ലറിന്റെ ഇപ്പോഴത്തെ ഇര നെതര്‍ലന്‍ഡ്‌സ് ടീമാണ്.
ഡച്ച് പടയ്‌ക്കെതിരായ പരമ്പര 3-0ന് ഇംഗ്ലണ്ട് തൂത്തുവാരിയിരുന്നു. ഏകദിനത്തിലെ റെക്കോഡ് സ്‌കോറും ഇതേ പരമ്പരയില്‍ തന്നെയായിരുന്നു പിറന്നത്.
പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് ഉയര്‍ത്തിയ 244 റണ്‍സിന്റെ വിജയ ലക്ഷ്യം അനായാസമായിട്ടായിരുന്നു ഇംഗ്ലീഷ് പട മറികടന്നത്.
മറ്റു മത്സരത്തിലേതെന്ന പോലെ ബട്‌ലര്‍ തന്നെയായിരുന്നു ഡച്ച് പടയ്ക്ക് മേല്‍ വിനാശം വിതച്ചത്. ബട്‌ലറിനൊപ്പം ജേസണ്‍ റോയ് കൂടി ആയതോടെ 20 ഓവര്‍ ശേഷിക്കെ ഇംഗ്ലണ്ട് വിജയം പിടിച്ചടക്കുകയായിരുന്നു.
മത്സരത്തിനിടെ നടന്ന ഒരു സൂപ്പര്‍ ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രന്റിങ്ങാവുന്നത്. ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 29ാം ഓവറിലാണ് സംഭവം.
നെതര്‍ലന്‍ഡ്‌സ് പേസര്‍ പോള്‍ വാനിന്റെ ഡെലിവറി പിച്ചിന് പുറത്താണ് ചെന്നുവീണത്. എന്നിരുന്നാലും ആ പന്തിനെ വെറുതെ വിടാന്‍ ബട്‌ലര്‍ ഒരുക്കമല്ലായിരുന്നു.
പന്തിനെ ചെയ്‌സ് ചെയ്ത് ക്രീസ് വിട്ടിറങ്ങി സെക്കന്റ് ബൗണ്‍സില്‍ ബട്‌ലര്‍ പന്ത് ഗാലറിയിലെത്തിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് തങ്ങളുടെ പ്രിയ താരത്തിന്റെ ഫോമിനെ അഭിനന്ദിക്കുന്ന ട്രോളുമായി രാജസ്ഥാന്‍ റോയല്‍സും എത്തിയത്. ‘കഴിഞ്ഞ കുറച്ചു മാസങ്ങളായി ബോള്‍ ജോസ് ബട്‌ലറോട് തന്നെ അടിക്കൂ എന്നാണ് പറയുന്നത്’ എന്ന ക്യാപ്ഷന്‍ നല്‍കിക്കൊണ്ടാണ് റോയല്‍സ് ബട്‌ലറിന്റെ ചിത്രം പങ്കിട്ടത്.
നേരത്തെ, ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയുടെ സമയത്തും വാന്‍ ഡെര്‍ ഡുസെനെയും യൂസ്വേന്ദ്ര ചഹലിനെയും ഉള്‍പ്പെടുത്തിയ ട്രോളുമായും രാജസ്ഥാന്‍ എത്തിയിരുന്നു.
അതേയമയം, ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ അഭാവത്തില്‍ ജോസ് ബട്‌ലറായിരുന്നു അവസാന ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ നയിച്ചത്.
64 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയും അഞ്ച് സിക്‌സറുമടക്കം പുറത്താവാതെ 84 റണ്‍സാണ് ബട്‌ലര്‍ സ്വന്തമാക്കിയത്. ജേസണ്‍ റോയ് 86 പന്തില്‍ നിന്ന് 101 റണ്‍സ് സ്വന്തമാക്കി ടോപ് സ്‌കോററായി.