സഞ്ജുവിനെ ആളാക്കാന്‍ നോക്കിയതാ, എന്നാല്‍ പണി പാളി; പരസ്യമായി മാപ്പുപറഞ്ഞ് രാജസ്ഥാന്‍ റോയല്‍സ്
IPL
സഞ്ജുവിനെ ആളാക്കാന്‍ നോക്കിയതാ, എന്നാല്‍ പണി പാളി; പരസ്യമായി മാപ്പുപറഞ്ഞ് രാജസ്ഥാന്‍ റോയല്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th May 2023, 7:13 pm

അവസാന പന്ത് വരെ ആവേശം അലതല്ലിയ മത്സരത്തില്‍ ഹൈദരാബാദിനോട് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയാണ് രാജസ്ഥാന്‍ റോയല്‍സ് ഒരിക്കല്‍ക്കൂടി പടിക്കല്‍ കലമുടച്ചത്. അവസാന പന്തില്‍ വിജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ സന്ദീപ് ശര്‍മയെറിഞ്ഞ നോ ബോളാണ് കളിയുടെ വിധി തന്നെ മാറ്റി മറിച്ചത്.

18ാം ഓവര്‍ അവസാനിക്കുന്നത് വരെ മത്സരം രാജസ്ഥാന്റെ കയ്യില്‍ തന്നെയായിരുന്നു. അവസാന 12 പന്തില്‍ വിജയിക്കാന്‍ 41 റണ്‍സ് വേണമെന്നിരിക്കെ രാജസ്ഥാന്‍ ആരാധകര്‍ ആഘോഷം തുടങ്ങിയിരുന്നു. കൃത്യമായി രീതിയില്‍ ബൗളര്‍മാരെ ഉപയോഗിക്കുകയും ഫീല്‍ഡ് പ്ലേസ് ചെയ്യുകയും ചെയ്ത സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെയും ആരാധകര്‍ പുകഴ്ത്തിയിരുന്നു.

ആരാധകര്‍ മാത്രമല്ല, രാജസ്ഥാന്‍ റോയല്‍സിന്റെ സോഷ്യല്‍ മീഡിയ അഡ്മിനും ഇത്തരത്തില്‍ തന്നെയാണ് ചിന്തിച്ചത്. ഇതിന് പിന്നാലെ അവര്‍ ഒരു ട്വീറ്റ് പങ്കുവെക്കുകയും ശേഷം അത് വിവാദമാവുകയും ചെയ്തിരുന്നു.

സ്‌കിപ്പര്‍ സഞ്ജു സാംസണ്‍ (എസ്.എസ്.എസ്) ആര്‍.ആര്‍.ആര്‍ ചിത്രത്തേക്കാള്‍ മികച്ചത് എന്നായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ട്വീറ്റ് ചെയ്തത്.

എന്നാല്‍ അവര്‍ പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല തുടര്‍ന്ന് നടന്നത്. മത്സരത്തില്‍ മാത്രമല്ല, ട്വീറ്ററിലും രാജസ്ഥാന് തിരിച്ചടി നേരിടുകയായിരുന്നു. ആര്‍.ആര്‍.ആര്‍ എന്ന ഓസ്‌കാര്‍ വിന്നിങ് ചിത്രത്തെ അപമാനിക്കുകയാണ് രാജസ്ഥാന്‍ ചെയ്തതെന്നാണ് വിമര്‍ശനമുയര്‍ന്നത്.

സംഭവം വിവാദമായതോടെ പരസ്യമായി മാപ്പുപറഞ്ഞ് രാജസ്ഥാന്‍ റോയല്‍സ് രംഗത്തെത്തിയിരുന്നു.

സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ വിജയിച്ച ശേഷമായിരുന്നു രാജസ്ഥാന്‍ പരാജയത്തിലേക്ക് വീണത്. അവസാന പന്തില്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ ഷോട്ട് കളിച്ച അബ്ദുള്‍ സമദ് ജോസ് ബട്‌ലറിന് ക്യാച്ച് നല്‍കുകയായിരുന്നു.

നാല് റണ്‍സിന്റെ വിജയമാഘോഷിച്ച രാജസ്ഥാന്റെ ഇടനെഞ്ചില്‍ വെള്ളിടി വെട്ടിയാണ് അമ്പയര്‍ ആ ഡെലിവെറി ഓവര്‍ സ്റ്റെപ്പിങ്ങിന് നോ ബോള്‍ വിളിച്ചത്. അവസാന പന്തില്‍ വിജയിക്കാന്‍ നാല് റണ്‍സ് വേണമെന്നിരിക്കെ സ്‌ട്രൈക്കിലുണ്ടായിരുന്ന അബ്ദുള്‍ സമദ് സിക്‌സറടിച്ച് കളി വിജയിപ്പിക്കുകയായിരുന്നു.

സണ്‍റൈസേഴ്‌സിനെതിരെ വിജയിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയരാനും പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാനും രാജസ്ഥാന് സാധിക്കുമായിരുന്നു.

സണ്‍റൈസേഴ്‌സിനെതിരെ പരാജയപ്പെട്ടെങ്കിലും രാജസ്ഥാന്റെ വാതില്‍ പൂര്‍ണമായും അടഞ്ഞിട്ടില്ല. ശേഷിക്കുന്ന മൂന്ന് മത്സരത്തിലും മികച്ച വിജയം നേടാന്‍ സാധിച്ചാല്‍ രാജസ്ഥാന് പ്ലേ ഓഫ് സാധ്യതകള്‍ തെളിഞ്ഞേക്കും.

മെയ് 11നാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍.

 

Content Highlight: Rajasthan Royals apologize on RRR tweet