തോറ്റത് രാജസ്ഥാനോ അതോ സഞ്ജുവെന്ന ക്യാപ്റ്റനോ?
Sports News
തോറ്റത് രാജസ്ഥാനോ അതോ സഞ്ജുവെന്ന ക്യാപ്റ്റനോ?
ശ്രീരാഗ് പാറക്കല്‍
Friday, 12th April 2024, 5:14 pm

മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റ തേരോട്ടത്തിന് തടയിടുകയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ്. ജയ്പൂരില്‍ നടന്ന മത്സരത്തില്‍ ഗുജറാത്തിന്റെ യുവ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും കൂട്ടര്‍ക്കും തങ്ങളുടെ മൂന്നാം വിജയം ആഘോഷിക്കാന്‍ മറ്റൊരു കാരണവും ഉണ്ടായിരുന്നു. 2024 ഐ.പി.എല്ലില്‍ എതിരാളികളെ അമ്പരപ്പിച്ചുകൊണ്ട് തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ വിജയിച്ച രാജസ്ഥാനെ തളക്കാന്‍ കഴിഞ്ഞത് തന്നെയാണ് അത്.

മാത്രമല്ല പരാജയത്തിന്റെ വക്കില്‍ നിന്നും അപ്രതീക്ഷിതമായി വിജയം തിരിച്ചുകിട്ടിയതിന്റെ സന്തോഷവും ഒന്നു വേറെ തന്നെയാണ്. രാജസ്ഥാനെ സംബന്ധിച്ചിടത്തോളം സീസണിലെ ആദ്യ തോല്‍വി ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. വിജയിക്കാമായിരുന്നിട്ടും ആ തോല്‍വി രാജസ്ഥാന്‍ ആരാധകരെയും നിരാശരാക്കി.

മത്സരത്തിനുശേഷം ഹൃദയം വിങ്ങിയാണ് സഞ്ജു സംസാരിച്ചത്. അയാള്‍ക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു. ഏത് ഘട്ടത്തിലാണ് രാജസ്ഥാന്‍ തോല്‍വി വഴങ്ങിയത് എന്ന ചോദ്യത്തിന് സഞ്ജുവിന്റെ മറുപടി ‘അവസാന പന്തില്‍’ എന്നായിരുന്നു. എന്നാല്‍ ആ അവസാന പന്ത് മാത്രമായിരുന്നോ രാജസ്ഥാന്റെ പരാജയത്തിന് പിന്നില്‍? അതോ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയിലെ പിഴവോ?

സ്വന്തം തട്ടകത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് ആണ് നേടിയത്. യശസ്വി ജെയ്‌സ്വാളും ജോഷ് ബട്‌ലറും കാര്യമായ സംഭാവന നല്‍കാതെ മടങ്ങിയപ്പോള്‍ റിയാന്‍ പരാഗിന്റെയും ക്യാപ്റ്റന്‍ സഞ്ജുവിന്റെയും അമ്പരപ്പിക്കുന്ന കൂട്ടുകെട്ടില്‍ മികച്ച സ്‌കോര്‍ ആയിരുന്നു ടീം കെട്ടി പടുത്തത്.

ഗുജറാത്ത് ബൗളിങ് നിരില്‍ മോഹിത് ശര്‍മ 51 റണ്‍സ് വഴങ്ങി ഒരുവിക്കറ്റ് നേടിയപ്പോള്‍ ഉമേഷ് യാദവിനും സമാനമായ തിരിച്ചടി കിട്ടി. മറ്റ് ബൊളര്‍മാരെ അപേഷി റാഷിദ് ഖാന് മാത്രമാണ് അടി വാങ്ങിക്കൂട്ടാഞ്ഞത്. നാല് ഓവറില്‍ നിന്നും 18 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് ഖാന്‍ നേടിയത്. 4.50 എന്ന എക്കണോമിയിലായിരുന്നു താരം പന്തെറിഞ്ഞത്.

കൂടാതെ കഴിഞ്ഞ സീസണ്‍ മുതല്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ റിയാന്‍ പരാഗിന്റെ തകര്‍പ്പന്‍ പ്രകടനവും ആരാധകരെ ആവേശം കൊള്ളിച്ചു. 48 പന്തില്‍ അഞ്ച് സിക്‌സറും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 76 റണ്‍സ് ആണ് പരാഗ് അടിച്ചെടുത്തത്.

സഞ്ജു 38 പന്തില്‍ രണ്ട് സിക്‌സറും 7 ബൗണ്ടറിയും ഉള്‍പ്പെടെ 68 റണ്‍സ് നേടി പുറത്താക്കാതെയും നിന്നു. ബാറ്റര്‍ എന്ന നിലയില്‍ ഗുജറാത്തിനെതിരെ മികവ് പുലര്‍ത്താനും സഞ്ജുവിന് സാധിച്ചു.

മറുപടി ബാറ്റിങ്ങില്‍ ഗുജറാത്ത് ഇറങ്ങിയപ്പോള്‍ കഴിഞ്ഞ മത്സരങ്ങളില്‍ പരീക്ഷിക്കാത്ത രണ്ട് ബൗളര്‍മാരെയാണ് സഞ്ജു കളത്തില്‍ ഇറക്കിയത്. ഏറെ പരിചിതമല്ലാത്ത വലം കയ്യന്‍ പേസര്‍ കുല്‍ദീപ് സെന്നും സൗത്ത് ആഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജുമായിരുന്ന് അത്. ഇന്നിങ്‌സ് തുടങ്ങിയപ്പോള്‍ പവര്‍പ്ലെയില്‍ ട്രെന്റ് ബോള്‍ട്ടിന്റെ രണ്ട് ഓവറുകള്‍ സഞ്ജു ഉപയോഗിച്ചു. രണ്ട് ഓവറില്‍ നിന്ന് എട്ട് റണ്‍സ് വഴങ്ങി 4 എക്കണോമിയായിരുന്നു ബോള്‍ട്ട് നിലനിര്‍ത്തിയത്. കേശവ് രണ്ട് ഓവറില്‍ 16 റണ്‍സ് വിട്ടുകൊടുത്ത് 8 എക്കണോമിയിലും പന്തെറിഞ്ഞു.

ഗുജറാത്തിന് വേണ്ടി ഗില്‍ 44 പന്തില്‍ നിന്ന് രണ്ട് സിക്‌സും ആറ് ബൗണ്ടറിയും ഉള്‍പ്പെടെ 72 റണ്‍സ് നേടി തകര്‍ത്തപ്പോള്‍ സായ് സുദര്‍ശന്‍ 35 റണ്‍സും സ്വന്തമാക്കി. തന്റെ ആദ്യ പന്തില്‍ കുല്‍ദീപ് സെന്‍ എല്‍.ബി.ഡബ്ലിയുവിലൂടെ സായ് സുദര്‍ശനെ പുറത്താക്കിയപ്പോള്‍ രാജസ്ഥാന്‍ വിക്കറ്റ് വേട്ടക്ക് തുടക്കം കുറിക്കുകയായിരുന്നു. പിന്നീട് മാത്യു വേഡിനേയും അഭിനവ് മനോഹറിനെയും പറഞ്ഞയച്ച് സെന്‍ വിക്കറ്റ് ടേക്കിങ്ങില്‍ ട്രാക്കിലെത്തിയിരുന്നു. യൂസ്വേന്ദ്ര ചഹല്‍ നാല് ഓവറില്‍ 43 റണ്‍സ് വിട്ട് കൊടുത്ത് രണ്ട് വിക്കറ്റ് നേടിപ്പോള്‍ ആര്‍. അശ്വിന്‍ വിക്കറ്റൊന്നും നേടാതെ 40 റണ്‍സും വഴങ്ങി.

എന്നാലും ഭേദപ്പെട്ട രീതിയിലാണ് രാജസ്ഥാന്‍ മുന്നോട്ട് പോയത്. പക്ഷെ അവസാന രണ്ട് ഓവറാണ് രാജസ്ഥാന് ഏറെ നിര്‍ണായകമായത്. 12 പന്തില്‍ ഗുജറാത്തിന് വിജയലക്ഷ്യം 35 റണ്‍സായിരുന്നു. സമ്മര്‍ദ ഘട്ടത്തില്‍ എക്‌സപീരിയന്‍സ് ബൗളറായ ട്രെന്റ് ബോള്‍ട്ടിനെ തെരഞ്ഞെടുക്കാതെ സഞ്ജു വീണ്ടും കുല്‍ദീപിലേക്ക് നീങ്ങി.

എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരിതമായി 20 റണ്‍സാണ് സെന്‍ വാങ്ങിക്കൂട്ടിയത്. സെന്നിന്റെ നാല് ഓവര്‍ സമാപിക്കുമ്പോള്‍ 41 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റായിരുന്നു താരം നേടിയത്. രണ്ട് വൈഡും ഒരു നോ ബോള്‍ വിത്ത് ബൗണ്ടറിയും അടക്കം തകിടം മറിഞ്ഞ സെന്നിന്റെ ഓവറിന് പിന്നാലെ കുറഞ്ഞ ഓവര്‍ റേറ്റ് പെനാല്‍റ്റിയും രാജസ്ഥാന് വഴങ്ങേണ്ടിവന്നു. ഇതോടെ യാഡ് സര്‍ക്കിളിന് പുറത്ത് അഞ്ച് ഫീല്‍ഡര്‍മാരെ വെട്ടിക്കുറച്ച് നാല് പേരെ ഉള്‍ക്കൊള്ളിക്കാന്‍ രാജസ്ഥാന്‍ നിര്‍ബന്ധിതരായി. ഇതോടെ ടീമിന് സമ്മര്‍ദം ഇരട്ടിയാവുകയാകുകയും ചെയ്തു.

ക്രീസില്‍ മികച്ച ഫോമോടെ അഫ്ഗാന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ റാഷിദ് ഖാനും രാഹുല്‍ തെവാട്ടിയയും വിജയത്തിനായി തക്കം പാര്‍ത്ത് നില്‍ക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഡെത്ത് ഓവറില്‍ രാജസ്ഥാനെ വിജയിപ്പിച്ച ആവേശ് ഖാന് ഓവര്‍ നല്‍കാനായിരുന്നു സഞ്ജു തീരുമാനിച്ചത്.

ക്രിക്കറ്റ് ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ അവസാന ഓവറില്‍ ഗുജറാത്തിന് വിജയിക്കാന്‍ വേണ്ടത് 15 റണ്‍സ് ആയിരുന്നു. ആവേശ് ഖാന്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ റാഷിദ് ഖാന്‍ ഫോര്‍ നേടി. രണ്ടാം പന്തില്‍ ഡബിളും മൂന്നാം പന്തില്‍ ഫോറും നാലാം പന്തില്‍ സിംഗിളും നേടി റാഷിദ് ഗുജറാത്തിനെ വിജയത്തിനടുത്ത് എത്തിച്ചു. അഞ്ചാം പന്ത് ഫേസ് ചെയ്ത തെവാട്ടിയ ഒരു ട്രിപ്പിളിന് ശ്രമിച്ചപ്പോള്‍ ബട്‌ലറിന്റെ തകര്‍പ്പന്‍ സേവ് ത്രോയില്‍ ആവേശ് തെവാട്ടിയയെ പുറത്താക്കി. 11 പന്തില്‍ മൂന്ന് ഫോര്‍ അടക്കം 22 റണ്‍സാണ് താരം നേടിയത്. ശേഷം നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ നൂര്‍ അഹമ്മദ് ഇറങ്ങി.

അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടപ്പോള്‍ ആവേശ് റാഷിദ് ഖാന് ഒരു സ്ലോവര്‍ ഷോട്ട് ബോള്‍ എറിയുകയായിരുന്നു. പക്ഷെ ആവേശിന്റെ തന്ത്രം കാറ്റില്‍ പറത്തി ഡീപ് പോയിന്റിലേക്ക് ഫോര്‍ നേടികൊണ്ട് ഗുജറാത്തിന് ആവേശകരമായ വിജയം സമ്മാനിക്കുകയായിരുന്നു റാഷിദ്. 11 പന്തില്‍ നാല് ഫോര്‍ അടക്കം 24 റണ്‍സ് നേടികൊണ്ടായിരുന്നു റാഷിദ് ഗുജറാത്തിന്റെ വിജയശില്പിയായത്.

അവസാനത്തെ ബൗളര്‍മാരെ തെരഞ്ഞെടുക്കുന്നതില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ സഞ്ജുവിന് പിഴവ് സംഭവിച്ചത് കൊണ്ട് തന്നെയാണ് അര്‍ഹതപ്പെട്ട വിജയം രാജസ്ഥാന് നഷ്ടപ്പെട്ടതും. അനുഭവസമ്പത്തുള്ള ട്രെന്റ് ബോള്‍ട്ടിനെ മാറ്റി നിര്‍ത്തിയതും സ്പിന്നര്‍ കേശവ് മഹാരാജിനെ വേണ്ടരീതിയില്‍ ഉപയോഗിക്കാഞ്ഞതും രാജസ്ഥാന്റെ തോല്‍വിയിലേക്കുള്ള ടേണിങ് പോയിന്റായിരുന്നു. ആറ് ബൗളര്‍മാരെ ഉപയോഗിച്ചതില്‍ നാല് ബൗളര്‍മാര്‍ക്കും 40 റണ്‍സിന് മുകളില്‍ വഴങ്ങേണ്ടിവന്നു.

ഐ.പി.എല്‍ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നാല് ബൗളര്‍മാര്‍ 40 റണ്‍സിന് മുകളില്‍ വിട്ടുനല്‍കുന്നത്. ഇതിനുമുമ്പ് 2010 സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയായിരുന്നു രാജസ്ഥാന്റെ നാല് ബൗളര്‍മാര്‍ 40+ റണ്‍സ് വിട്ടുനല്‍കിയത്. യൂസഫ് പത്താന്‍, ഷെയ്ന്‍ വാട്‌സണ്‍, സുമിത് നാര്‍വല്‍, ഷോണ്‍ ടൈറ്റ് എന്നിവരായിരുന്നു ആ മത്സരത്തില്‍ റണ്‍സ് വഴങ്ങിയത്.

18ാം ഓവറില്‍ സ്ലോ ഓവര്‍ റേറ്റ് കുരുക്കില്‍പെട്ട രാജസ്ഥാനെതിരെ ഗുജറാത്തിന്റെ ബാറ്റര്‍മാര്‍ക്ക് ബൗണ്ടറികള്‍ അടിക്കാനും ഡബിള്‍സ് എടുക്കാനും എളുപ്പമായി. ഇതോടെ 12 ലക്ഷം രൂപയാണ് സഞ്ജുവിന് പിഴ കൊടുക്കേണ്ടി വന്നതും. കൈവന്ന കളി വിട്ടുകൊടുത്ത രാജസ്ഥാനെയും താരങ്ങളേയും വിമര്‍ശിച്ച് കൊണ്ട് മുന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്ങും സഞ്ജയ് മഞ്ജരേക്കറും രംഗത്ത് വന്നിരുന്നു.

ഗുജറാത്തിനെതിരെ വിജയിച്ചിരുന്നെങ്കില്‍ തുടര്‍ച്ചയായ അഞ്ച് വിജയം സ്വന്തമാക്കാനും ഒപ്പം ഐ.പി.എല്ലില്‍ സീസണിലെ ആദ്യ അഞ്ച് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിജയിക്കുന്ന ടീമാകാനും രാജസ്ഥാന് കഴിയുമായിരുന്നു. 2015ലാണ് രാജസ്ഥാന്‍ ഇതിന് മുമ്പ് 5 മത്സരങ്ങല്‍ വിജയിച്ചത്.

തോറ്റെങ്കിലും അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും ഒരു തോല്‍വിയും അടക്കം എട്ട് പോയിന്റോടെ ഒന്നാം സ്ഥാനത്ത് തന്നെയാണ് സഞ്ജുവും കൂട്ടരും. ഏപ്രില്‍ 13ന് പഞ്ചാബിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. പഞ്ചാബിന്റെ തട്ടകമായ മഹാരാജ യാദവീന്ദ്ര സിങ് സ്റ്റേഡിയത്തില്‍ ശക്തമായ തിരിച്ച് വരവിന് ഒരുങ്ങുകയാണ് സഞ്ജുവും കൂട്ടരും.

 

Content Highlight: Rajasthan Royals’ And Sanju Samson First Lose In IPL 2024

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ