ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിംഗ് ഓള്‍റൗണ്ടറാണ് റിയാന്‍ പരാഗ്. സീസണിലെ ആദ്യ മത്സരങ്ങളില്‍ ഫോം കണ്ടെത്താനാവാതെ പെട്ടന്ന് തന്നെ മടങ്ങാറുള്ള താരം റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
ഓപ്പണര്‍മാരും മുന്‍നിര സീനിയര്‍ താരങ്ങളും പതറിയപ്പോഴാണ് രക്ഷകന്റെ റോളില്‍ പരാഗ് അവതരിച്ചത്. 56 റണ്‍സായിരുന്നു താരം ടീം ടോട്ടലിലേക്ക് സംഭാവന നല്‍കിയത്.
പരാഗിന്റെ പ്രകടനത്തിന്റെ ബലത്തിലായിരുന്നു ഒരുവേള നൂറ് കടക്കുമോ എന്ന് തോന്നിച്ച സ്‌കോര്‍ 144ല്‍ എത്തിയത്. ബാറ്റിംഗിന് പുറമെ ഫീല്‍ഡിംഗിലും മികച്ച പ്രകരടനമായിരുന്നു പരാഗ് പുറത്തെടുത്തത്.
കോഹ്‌ലിയുടേതടക്കം എണ്ണം പറഞ്ഞ നാല് ക്യാച്ചുകളായിരുന്നു താരം സ്വന്തമാക്കിയത്. എന്നാല്‍ തുടര്‍ന്നുവന്ന മത്സരങ്ങളില്‍ ഇതേ ഫോം തുടരാന്‍ താരത്തിനായില്ല.
ക്രീസിലെത്തിയപാടെ ആഞ്ഞടിച്ചാണ് പരാഗ് തുടങ്ങാറ്. എന്നാല്‍ ആ ആളിക്കത്തിലിന് അല്‍പായുസ്സ് മാത്രമാണ് ഉണ്ടാവാറുള്ളത് എന്നത് മറ്റൊരു വസ്തുതയാണ്.
സിക്‌സറുകളടിച്ചാണ് താരം രാജസ്ഥാന്‍ സ്‌കോറിംഗിന് വേഗം കൂട്ടാറുള്ളത്. അത്തരത്തിലൊരു കൂറ്റനടിയുടെ വീഡിയോയാണ് ഇപ്പോള്‍ രാജസ്ഥാന്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.
നെറ്റ്‌സിലെ ബാറ്റിംഗ് സെഷനില്‍ ടീമിന്റെ ഫാസ്റ്റ് ബൗളിംഗ് കോച്ച് ലസിത് മലിംഗയുടെ പന്ത് അടിച്ചു പറത്തുന്ന പരാഗിന്റെ വീഡിയോ ആണ് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
തന്റെ സ്വതസിദ്ധമായ ഫാസ്റ്റ് റണ്‍ അപ് ഇല്ലാതെ ബൗളിംഗ് എന്‍ഡിലെ വിക്കറ്റിനടുത്ത് നിന്നാണ് മലിംഗ പന്തെറിഞ്ഞത്. മലിംഗയെ അടിച്ചു പറത്തിയ ശേഷം തന്റെ സ്ഥിരം ഫാന്‍സി സെലിബ്രേഷനും പരാഗ് നടത്തുന്നുണ്ട്.
രാജസ്ഥാന്റെ എല്ലാ മത്സരത്തിലേയും സ്റ്റാര്‍ട്ടിംഗ് ഇലവന്റെ ഭാഗമായ പരാഗ് പഞ്ചാബ് കിഗ്‌സിനെതിരെയുള്ള മത്സരത്തിലും ടീമിനൊപ്പമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബെംഗളൂരുവിനെതിരായ മത്സരത്തില്‍ താരം പുറത്തെടുത്ത പ്രകടനം വരും മത്സരത്തിലും കാഴ്ചവെച്ചാല്‍, മിഡില്‍ ഓര്‍ഡറിലെ പ്രശ്‌നങ്ങള്‍ നികത്താനാവുമെന്നാണ് ആരാധകര്‍ കരുതുന്നത്.
മെയ് 7ന് മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ വെച്ചാണ് രാജസ്ഥാന്‍ റോയല്‍സ് – പഞ്ചാബ് കിംഗ്‌സ് പോരാട്ടം