| Friday, 5th May 2023, 9:38 pm

അഫ്ഗാന്‍ വിപ്ലവം; റോയല്‍സിന്റെ ഉരുക്കുകോട്ടയില്‍ സഞ്ജുവിന്റെ ചിറകരിഞ്ഞ് റാഷിദ് ഖാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 48ാം മത്സരത്തില്‍ മോശം പ്രകടനം പുറത്തെടുത്ത് രാജസ്ഥാന്‍ റോയല്‍സ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ റോയല്‍സ് 18 ഓവര്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ ഓള്‍ ഔട്ടാവുകയായിരുന്നു. 17.5 ഓവറില്‍ വെറും 118 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്.

സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ തൊട്ടതെല്ലാം പിഴക്കുന്ന അവസ്ഥയായിരുന്നു രാജസ്ഥാനുണ്ടായത്. ബാറ്റര്‍മാര്‍ പലരും താളം കണ്ടെത്താന്‍ കഷ്ടപ്പെട്ടപ്പോള്‍ അനാവശ്യമായി നടത്തിയ പരീക്ഷണങ്ങളും രാജസ്ഥാന് വിനയായി.

20 പന്തില്‍ നിന്നും 30 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജുവാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ശേഷം 15 റണ്ണെടുത്ത ബോള്‍ട്ടാണ് സ്‌കോറിലേക്ക് അല്‍പമെങ്കിലും സംഭാവന ചെയ്തത്.

ബൗളര്‍മാര്‍ കളം നിറഞ്ഞാടിയ അഫ്ഗാന്‍ റിസ്റ്റ് സ്പിന്നേഴ്‌സായിരുന്നു മത്സരത്തിലെ സ്‌പോട് ലൈറ്റ് തട്ടിയെടുത്തത്. കഴിഞ്ഞ മത്സരത്തില്‍ സഞ്ജുവിന്റെ തല്ലുവാങ്ങിക്കൂട്ടിയ റാഷിദ് ഖാന്റെ പ്രതികാരം കൂടിയായിരുന്നു എസ്.എം.എസ്സില്‍ കണ്ടത്.

നാല് ഓവര്‍ പന്തെറിഞ്ഞ് 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാനും മൂന്ന് ഓവറില്‍ 25 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ നൂര്‍ അഹമ്മദുമാണ് രാജസ്ഥാന്റെ പതനം വേഗത്തിലാക്കിയത്.

രവിചന്ദ്രന്‍ അശ്വിന്‍, റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ റാഷിദ് ഖാന് മുമ്പില്‍ വീണപ്പോള്‍ ദേവ്ദത്ത് പടിക്കലും ധ്രുവ് ജുറെലും നൂര്‍ അഹമ്മദിന് മുമ്പിലും കീഴടങ്ങി.

മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ, ജോഷ്വ ലിറ്റില്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ രണ്ട് പേര്‍ റണ്‍ ഔട്ടാവുകയും ചെയ്തു.

ടൈറ്റന്‍സിന്റെ തകര്‍പ്പന്‍ ബൗളിങ്ങിന് പുറമെ രാജസ്ഥാന്റെ മോശം തീരുമാനങ്ങളും സ്‌കോറിങ്ങില്‍ തിരിച്ചടിയായി. അശ്വിന് ബാറ്റിങ് ഓര്‍ഡറില്‍ പ്രമോഷന്‍ നല്‍കിയതും ഇംപാക്ട് പ്ലെയറായി റിയാന്‍ പരാഗിനെ കളിപ്പിച്ചതും ഫലത്തില്‍ ഗുജറാത്തിന് അനുഗ്രഹമായി.

ഈ മത്സരം വിജയിക്കുന്നവര്‍ക്ക് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താമെന്നിരിക്കെ വിജയം കൈപ്പിടിയിലൊതുക്കാനാണ് ടൈറ്റന്‍സ് ശ്രമിക്കുന്നത്.

Content Highlight: Rajasthan Royals all out for 118 runs against Gujarat Titans

We use cookies to give you the best possible experience. Learn more