ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ സഞ്ജുവിന്റെ രാജസ്ഥാന് തകര്‍പ്പന്‍ വിജയം.
മന്‍സിങ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബെംഗളൂരുവിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് ബെംഗളൂരുവിന് നേടാന്‍ സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ 19.1 ഓവറില്‍ നാല് വിക്ക്റ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു രാജസ്ഥാന്‍.
അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു ഓപ്പണര്‍ ജോസ് ബട്‌ലര്‍ കാഴ്ചവച്ചത്. 58 പന്തില്‍ നിന്ന് നാല് സിക്‌സറും ഒമ്പത് ഫോറും ഉള്‍പ്പെടെ സീസണിലെ തന്റെ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കിക്കൊണ്ട് ടീമിനെ വിജയിപ്പിക്കുകയായിരുന്നു ബട്‌ലര്‍.
ബട്‌ലറും ക്യാപ്റ്റന്‍ സഞ്ജു സാംസനും നടത്തിയ തകര്‍പ്പന്‍ പോരാട്ടത്തിലാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്.
42 പന്തില്‍ രണ്ട് സിക്‌സറും 8 ഫോറും ഉള്‍പ്പെടെ 69 റണ്‍സ് ആണ് സഞ്ജു അടിച്ചെടുത്തത്. ഇതോടെ സീസണിലെ തന്റെ രണ്ടാം ഫിഫ്റ്റിയും താരം സ്വന്തമാക്കി.
വിജയലക്ഷ്യം പിന്തുടര്‍ന്നെത്തിയ പിങ്ക് ആര്‍മിക്ക് രണ്ടാം പന്തില്‍ യശ്വസി വാളിനെ നഷ്ടപ്പെട്ടു. 0 റണ്‍സിനാണ് താരം മടങ്ങിയത്.
താരത്തിന് പുറകെ റിയാന്‍ പരാഗ് നാലു റണ്‍സിനും ധ്രുവ് ജുറെല്‍ രണ്ട് റണ്ണിനും പുറത്തായി. ആറു പന്തില്‍ നിന്ന് 11 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്മയര്‍ ബട്‌ലറിന് കൂട്ടുനില്‍ക്കുകയായിരുന്നു.
72 പന്തില്‍ നിന്ന് നാല് സിക്‌സറും 12 ഫോറും ഉള്‍പ്പെടെ 113 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് ബെംഗളൂരുവിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. 33 പന്തില്‍ നിന്നും രണ്ട് സിക്‌സറും രണ്ട് ഫോറും അടക്കം 44 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് വിരാടിന് മികച്ച രീതിയില്‍ കൂട്ടുനിന്നു. ടീമില്‍ മറ്റാര്‍ക്കും തന്നെ രണ്ടക്കം കടക്കാന്‍ സാധിച്ചില്ലായിരുന്നു.
ബെംഗളൂരുവിന്റെ ക്യാപ്റ്റനെയും സൗരവ് ചൗഹാനെയും ആര്‍.ആര്‍ സ്പിന്നര്‍ യുവേന്ദ്ര ചാഹലാണ് പുറത്താക്കിയത്. കൂടാതെ നാന്ദ്രെ ബര്‍ഗര്‍ മാര്‍ക്‌സ് വെല്ലിനെ ഒരു റണ്‍സിനും പുറത്താക്കി.
ബെംഗളൂരുവിന്റെ റീസ് ടോപ്ലേ രണ്ട് വിക്കറ്റും യാഷ് ദയാല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഇതോടെ പോയിന്റ് ടേബിളില്‍ 8 പോയിന്റ് നേടി രാജസ്ഥാനാണ് മുന്നില്‍.
Content Highlight: Rajasthan Royal Win Against Royal Challengers Bengaluru