| Friday, 15th December 2023, 11:20 am

വിജയ് ഹസാരെ ട്രോഫിയില്‍ ഹൂഡ കൊടുംങ്കാറ്റ്; 16 വര്‍ഷത്തെ ചരിത്രം തിരുത്തികുറിച്ച് രാജസ്ഥാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയെ തോല്‍പ്പിച്ച് രാജസ്ഥാന്‍ ഫൈനലില്‍ പ്രവേശിച്ചു. കര്‍ണാടകയെ ആറ് വിക്കറ്റുകള്‍ക്ക് തകര്‍ത്തായിരുന്നു രാജസ്ഥാന്‍ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്. 16 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് രാജസ്ഥാന്‍ വിജയ് ഹസാരെ ട്രോഫിയുടെ ഫൈനലില്‍ എത്തുന്നത്.

നായകന്‍ ദീപക് ഹൂഡ വെടിക്കെട്ട് ഇന്നിങ്‌സ് നടത്തിയപ്പോള്‍ രാജസ്ഥാന്‍ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.

സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ കര്‍ണാടക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സാണ് നേടിയത്.

കര്‍ണാടകയുടെ ബാറ്റിങ് നിരയില്‍ അഭിനവ് മനോഹര്‍ 80 പന്തില്‍ 91 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. പത്ത് ഫോറുകളും മൂന്ന് പടുകൂറ്റന്‍ സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. അഭിനവിനു പുറമേ മനോജ് ബാന്‍ദ്‌ജെ 39 പന്തില്‍ 63 റണ്‍സ് നേടി വെടിക്കെട്ട് നടത്തിയപ്പോള്‍ കര്‍ണാടക 282 എന്ന വലിയ ലക്ഷ്യം രാജസ്ഥാന് മുന്നില്‍ ഉയര്‍ത്തുകയായിരുന്നു.

രാജസ്ഥാന്‍ ബൗളിങ്ങില്‍ അനികേത് ചൗധരി, അജയ് കൂക്‌ന എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 43.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. രാജസ്ഥാന്‍ ബാറ്റിങ് നിരയില്‍ നായകന്‍ ദീപക് ഹൂഡ 128 പന്തില്‍ 180 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്.

19 ഫോറുകളും അഞ്ച് പടുകൂറ്റന്‍ സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഹൂഡയുടെ വെടിക്കെട്ട് ഇന്നിങ്സ്. ഈ മിന്നും പ്രകടനം മത്സരത്തിലെ പ്ലയെര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് നേടാനും ഹൂഡക്ക് സാധിച്ചു. ഹുഡക്കൊപ്പം കരണ്‍ ലാംബ കുട്ടി 12 പന്തില്‍ 73 റൺസ് നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഫൈനലില്‍ രാജസ്ഥാന്‍ ഡിസംബര്‍ 15ന് ഹരിയാനയെ നേരിടും. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് ആവേശകരമായ ഫൈനല്‍ നടക്കുക.

Content Highlight: Rajasthan reach Vijay Hazare trohy final.

We use cookies to give you the best possible experience. Learn more