എലിമിനേറ്ററിലെ വെടിക്കെട്ട്... 38 പന്തില്‍ 69, 14 ഓവറില്‍ ജയിച്ചുകയറി മുമ്പോട്ട്
Sports News
എലിമിനേറ്ററിലെ വെടിക്കെട്ട്... 38 പന്തില്‍ 69, 14 ഓവറില്‍ ജയിച്ചുകയറി മുമ്പോട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 7th September 2023, 4:14 pm

രാജസ്ഥാന്‍ പ്രീമിയര്‍ ലീഗ് 2023ലെ എലിമിനേറ്റര്‍ മത്സരത്തില്‍ ജന്‍ബാസ് കോട്ട ചലഞ്ചേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഉദയ്പൂര്‍ ലേക്സിറ്റി വാരിയേഴ്സ്. കഴിഞ്ഞ ദിവസം ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലായിരുന്നു ലേക്‌സിറ്റിയുടെ വിജയം.

യുവതാരം കാര്‍ത്തിക് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിലാണ് ഉദയ്പൂര്‍ ലേക്സിറ്റി വാരിയേഴ്സ് വിജയം സ്വന്തമാക്കിയത്. 38 പന്തില്‍ 69 റണ്‍സ് നേടികൊണ്ടാണ് ഈ യുവതാരം ക്രിക്കറ്റ് ആരാധകരുടെ മനസിലേക്ക് കടന്നുകയറിയത്.

നാല് പടുകൂറ്റന്‍ സിക്‌സറുകളുടെയും ആറ് ഫോറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു ഈ അവിസ്മരണീയ ഇന്നിങ്സ്.

ജന്‍ബാസ് കോട്ട ചലഞ്ചേഴ്സ് ഉയര്‍ത്തിയ 125 റണ്‍സ് വെറും 14 ഓവറിലാണ് ലേക്‌സിറ്റി മറികടന്നത്. ഓപ്പണര്‍ കാര്‍ത്തിക് ശര്‍മ തകര്‍ത്തടിച്ചത് ടീമിന്റെ വിജയം വേഗത്തിലാക്കുന്നതിന് കാരണമായി.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ജന്‍ബാസ് കോട്ട ചലഞ്ചേഴ്സ് 19.3 ഓവറില്‍ 125 റണ്‍സിന് പുറത്താവുകയായിരുന്നു.

ചലഞ്ചേഴ്സിന് വേണ്ടി ഓപ്പണര്‍ നിഖില്‍ സച്‌ദേവ് 30 പന്തുകളില്‍ നിന്നും 49 റണ്‍സ് നേടി ചെറുത്തുനിന്നു. ആറു ഫോറും ഒരു സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു ഈ ഇന്നിങ്‌സ്. 163 സ്‌ട്രൈക്ക് റേറ്റില്‍ ആണ് താരം റണ്‍സടിച്ചുകൂട്ടിയത്.

വിക്കറ്റ് കീപ്പര്‍ ബാറ്ററായ അസീം അക്തര്‍ രണ്ട് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ 23 പന്തില്‍ 27 റണ്‍സും നേടി. ചലഞ്ചേഴ്‌സ് നിരയില്‍ ബാക്കിയുള്ള കളിക്കാര്‍ക്കൊന്നും തന്നെ ഇരുപതിനുമുകളില്‍ സ്‌കോര്‍ ചെയ്യാനായില്ല.

ഉദയ്പൂര്‍ ലേക്സിറ്റി വാരിയേഴ്സിന് വേണ്ടി സണ്‍റൈസേസ് ഹൈദരാബാദ് താരം കൂടിയായ പേസര്‍ ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റ് നേടി. ഖലീലിന് പുറമെ അജയ് ധര്‍ണി മൂന്ന് വിക്കറ്റും സാഹില്‍ ധിവാന്‍ രണ്ടു വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉദയ്പൂര്‍ ലേക്സിറ്റി വാരിയേഴ്സ് 14 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. കാര്‍ത്തിക്കിന് പുറമെ 23 പന്തില്‍ നിന്നും പുറത്താകാതെ 20 റണ്‍സ് നേടിയ രാഹുല്‍ തോമറാണ് ലേക്‌സിറ്റി നിരയില്‍ മികച്ചുനിന്ന മറ്റൊരു ബാറ്റര്‍.

 

 

Content highlight: Rajasthan Premier League, ULW defeats JKC