ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ വീണ്ടും സജീവമാകുന്നു. സച്ചിന്‍ പൈലറ്റ് ക്യാംപിലെ നേതാക്കള്‍ സോണിയ ഗാന്ധിയെ കാണാനായി ദല്‍ഹിയില്‍ തുടരുകയാണ്.
ബി.എസ്.പി. വിട്ട് കോണ്‍ഗ്രസിലെത്തിയ എം.എല്‍.എമാര്‍ സര്‍ക്കാരില്‍ സ്ഥാനമാനങ്ങള്‍ക്കായി അമിത സ്വാധീനം ചെലുത്തുന്നുവെന്നാണ് വിമതനേതാക്കളുടെ പരാതി.
2018 ല്‍ സഹാപൂരിലെ സ്ഥാനാര്‍ത്ഥിയായി പരാജയപ്പെട്ട മനിഷ് യാദവും സംഘവുമാണ് ദല്‍ഹിയിലുള്ളത്. സോണിയ ഗാന്ധിയെ നേരില്‍ കാണാതെ പോകില്ലെന്ന് മനിഷ് യാദവ് പറഞ്ഞു.
സോണിയയെ കാണാന്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ സമയം അനുവദിച്ചിരുന്നെന്നു എന്നാല്‍ പല കാരണങ്ങള്‍ കൂടിക്കാഴ്ച നടക്കാതെ പോകുകയാണെന്നും മനിഷ് യാദവ് പറഞ്ഞു.
15 നേതാക്കളാണ് സോണിയ ഗാന്ധിയെ കാണാന്‍ സമയം തേടിയത്. എന്നാല്‍ അഞ്ച് പേര്‍ക്ക് മാത്രം അനുമതി നല്‍കുമെന്നാണ് ഹൈക്കമാന്റ് അറിയിച്ചത്.
തങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു വര്‍ഷത്തോളമായിട്ടും നേതൃത്വം തയ്യാറായിട്ടില്ലെന്നാണ് പൈലറ്റ് പക്ഷത്തുള്ളവര്‍ പറയുന്നത്. വിമത എം.എല്‍.എമാരുടെ മണ്ഡലങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നില്ല എന്ന ആരോപണവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ അതിരൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവുകയും സച്ചിനും സംഘവും കോണ്‍ഗ്രസ് വിടുകയും ചെയ്തിരുന്നു.
സിന്ധ്യയുടെ വഴി തന്നെ സച്ചിനും പിന്തുടരും എന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതൃത്വം സച്ചിനുമായി ചര്‍ച്ച നടത്തുകയും ഗെലോട്ടിന്റെ ഇഷ്ടക്കേടിന് മുഖം കൊടുക്കാതെ സച്ചിനെ തിരിച്ചുവിളിക്കുകയും ആയിരുന്നു.