ന്യൂദല്‍ഹി: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായത് കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവരുന്ന യുവമുഖങ്ങളെക്കുറിച്ചായിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ്, മിലിന്ദ് ദിയോറ, ജിതിന്‍ പ്രസാദ, സന്ദീപ് ദീക്ഷിത് തുടങ്ങി വലിയ യുവ നിര തന്നെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനുണ്ടായിരുന്നു. പല സംസ്ഥാനങ്ങളിലും പ്രചാരണ പരിപാടികളില്‍ കോണ്‍ഗ്രസിന്റെ ശക്തിയായതും ഈ യുവ നേതാക്കള്‍ തന്നെയായിരുന്നു.
മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തുന്ന രീതിയില്‍ യുവ പ്രാധിനിത്യം കൊണ്ടുവന്ന കോണ്‍ഗ്രസിന്റെ ആദ്യ രീതിയായിട്ടായിരുന്നു ഇത് പരിഗണിക്കപ്പെട്ടിരുന്നത്. രാഹുല്‍ ടീം എന്ന പേരില്‍ ഇവര്‍ പ്രശസ്തി നേടുകയും ചെയ്തു.
എന്നാല്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. ഒന്നിനുപുറകെ ഒന്നായി ഈ യുവ നേതൃത്വം പിന്മാറുകയോ അപ്രത്യക്ഷരാവുകയോ ചെയ്തു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുല്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു പിന്മാറി. അതില്‍ ഒടുവിലത്തേതാണ് ഇപ്പോള്‍ രാജസ്ഥാന്‍ സര്‍ക്കാരില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന തരത്തില്‍ സച്ചിന്‍ പൈലറ്റ് ഇടഞ്ഞിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
നാല് മാസങ്ങള്‍ക്ക് മുമ്പ്, 24 എം.എല്‍.എമാരുമായി മധ്യപ്രദേശില്‍നിന്നും ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി പാളയത്തില്‍ ഇടം നേടി. പാര്‍ട്ടിയില്‍ വേണ്ടത്ര പരിഗണ ലഭിക്കുന്നില്ല എന്നതായിരുന്നു സിന്ധ്യ ഉന്നയിച്ച ആരോപണങ്ങളിലൊന്ന്. 2018-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വിജയം നേടിക്കൊടുത്തതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയായിട്ടായിരുന്നു അതുവരെ സിന്ധ്യയെ വിശേഷിപ്പിച്ചിരുന്നത്. എന്നിട്ടും സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് സിന്ധ്യയെ പരിഗണിച്ചിരുന്നില്ല.
തുടര്‍ന്ന് മാര്‍ച്ചില്‍ സിന്ധ്യ കോണ്‍ഗ്രസിനൊപ്പമുള്ള യാത്ര അവസാനിപ്പിച്ചു.
മുംബൈ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും മിലിന്ദ് ദിയോറയും രാജിവെച്ചു. സഞ്ജയ് നിരുപവും ചുമതലയൊഴിഞ്ഞു. പാര്‍ട്ടിക്കുള്ളില്‍നിന്നുള്ള സമ്മര്‍ദ്ദം കൊണ്ടാണ് ഇരുവരും പിന്മാറിയതെന്നാണ് അഭ്യൂഹം.
സിന്ധ്യയ്ക്ക് സമാനമായി 2018ലെ രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയത്തിലേക്കെത്തിച്ചത് സച്ചിന്‍ പൈലറ്റായിരുന്നു. എന്നാല്‍ വകുപ്പ് വിഭജനം മുതല്‍ പാര്‍ട്ടി തന്നെ തഴയുകയാണെന്നാണ് പൈലറ്റ് കുറ്റപ്പെടുത്തുന്നത്. 2013 ലെ ദയനീയ പരാജയത്തിന് ശേഷം അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് സംസ്ഥാനത്ത് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിച്ചതില്‍ പ്രധാന പങ്കുവഹിച്ച തന്നെ തഴഞ്ഞ നീക്കമാണ് പൈലറ്റിനെ ചൊടിപ്പിച്ചത്.
2019 ഏപ്രിലില്‍ പാര്‍ട്ടി നേതാക്കളിലൊരാള്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് പരാതിപ്പെട്ട് യുവ നേതാവ് പ്രയങ്ക ചതുര്‍ വേദിയും പാര്‍ട്ടി വിട്ടിരുന്നു. പ്രിയങ്ക പിന്നീട് ശിവസേനയില്‍ ചേര്‍ന്നു.
അസമില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തരുണ്‍ ഗൊഗോയിയോട് വിയോജിച്ച് ഹിമന്ദ ബിശ്വ ശര്‍മ്മയും കോണ്‍ഗ്രസില്‍നിന്നും പുറത്തേക്ക് നീങ്ങി.
മുതിര്‍ന്ന നേതാക്കള്‍ യുവ നേതാക്കളോട് പലപ്പോഴും മാന്യമായി പെറുമാറുന്നില്ലെന്നാണ് പേരുവെളിപ്പെടുത്താത്ത ഒരു പാര്‍ട്ടി തന്ത്രജ്ഞന്‍ പറയുന്നത്.
എന്നാല്‍, പാര്‍ട്ടിയുടെ പ്രത്യയ ശാസ്ത്രങ്ങള്‍ മുറുകെ പിടിക്കുന്നതില്‍ യുവ നേതാക്കള്‍ക്ക് പിഴവ് സംഭവിക്കുന്നു എന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. ഹരിയാനയുടെ ചുമതലയുണ്ടായിരുന്ന അശോക് തന്‍വാറിനും മുംബൈയുടെ ചുമതലയുണ്ടായിരുന്ന മിലിന്ദ് ദിയോറയ്ക്കും അവരുടെ പ്രദേശങ്ങളില്‍ പാര്‍ട്ടിയെ ഏകോപിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഇവര്‍ പറയുന്നത്.
യുവ നേതാക്കളെ മുതിര്‍ന്നവര്‍ തഴയുകയാണെന്ന വാദം തള്ളിയും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. സച്ചിന്‍ പൈലറ്റ് 26-ാം വയസില്‍ എം.പിയായി. 34-ാം വയസില്‍ കേന്ദ്ര മന്ത്രിയും സംസ്ഥാനാധ്യക്ഷനും 40 വയസുള്ളപ്പോള്‍ ഉപമുഖ്യമന്ത്രിയുമായി എന്നതാണ് ഇതിന് ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാണിച്ചത്.
മുമ്പും കോണ്‍ഗ്രസില്‍ യുവ നിരയിലുണ്ടായിരുന്നവരില്‍ പലരും പുറംതള്ളല്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ 1998-ല്‍ മമത ബാനര്‍ജി പാര്‍ട്ടിയുമായി പിണങ്ങി. പിന്നീട് അവര്‍ മുഖ്യമന്ത്രിയാവുകയും ചെയ്തു. സമാന രീതിയില്‍, ഹെലികോപ്ടര്‍ അപകടത്തില്‍ അച്ഛന്‍ എസ് രാജശേഖര റെഡ്ഡിയുടെ മരണത്തിന് പിന്നാലെ വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിക്കും പാര്‍ട്ടിയില്‍ നില്‍ക്കാനായില്ല. അദ്ദേഹം ആന്ധ്രാ പ്രദേശ് കോണ്‍ഗ്രസില്‍നിന്നും പുറത്താവുകയും ശേഷം പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു.
2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്ര നേതൃത്വത്തിലുണ്ടായിരിക്കുന്ന അനിശ്ചിതത്വം പല വിഭാഗീയതകള്‍ക്കും കാരണമായെന്നാണ് കരുതപ്പെടുന്നത്. രാഹുലിന്റെ അടുപ്പക്കാരായിരുന്ന പല സംസ്ഥാനാധ്യക്ഷന്‍മാരും പാര്‍ട്ടി വിട്ടു. ഹരിയാനയില്‍നിന്നും അശോക് തന്‍വാര്‍, ത്രിപുരയില്‍നിന്നും പ്രദ്യോത് ദേബ് ബര്‍മന്‍, ജാര്‍ഖണ്ഡില്‍നിന്നും അജോയ് കുമാര്‍ എന്നിവര്‍ അവരില്‍ ചിലരാണ്. 2015-ല്‍ ദല്‍ഹി അധ്യക്ഷനായി ചുമതലയേറ്റെടുത്ത അജയ് മാക്കനും 2019-ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സ്ഥാനമൊഴിഞ്ഞിരുന്നു.
രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിക്കുകയും തെരഞ്ഞെടുക്കുകയും ചുമതലപ്പെടുത്തുകയും ചെയ്ത ടീമിനെ പാര്‍ട്ടിക്കുള്ളിലെ കാരണവന്‍മാര്‍ തഴഞ്ഞെന്നാണ് പൊതുവിലുള്ള അഭിപ്രായം. ദേശീയ നേതാക്കളെ തൃപ്തിപ്പെടുത്താന്‍ രാഹുലിന്റെ ടീമിന് കഴിഞ്ഞില്ലെന്നാണ് മറ്റൊരു വാദം.
‘പുതിയ നേതൃത്വം കെട്ടിപ്പെടുക്കുന്നതിലും പരിഷ്‌കാരങ്ങളും പുതിയ സംരംഭങ്ങളും കൊണ്ടുവരുന്നതിലും മികച്ച കാഴ്ചപ്പാടും കഴിവുമുള്ള വ്യക്തിയായിരുന്നു രാഹുല്‍ ഗാന്ധി. പക്ഷേ, അദ്ദേഹത്തിന്റെ രാജിക്ക് പിന്നാലെ ഞങ്ങളുടെ വാക്കുകള്‍ക്ക് വിലയില്ലാതെയായി’, അശോക് തന്‍വാര്‍ പറയുന്നതിങ്ങനെ.
‘ചുമതലയൊഴിഞ്ഞവരാരും രാഹുല്‍ ഗാന്ധിയുടെ മേല്‍ പഴിചാരാന്‍ തയ്യാറായിട്ടില്ല. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഏറ്റവും ധൈര്യവും മനസുമുള്ള നേതാവാണ് രാഹുല്‍ എന്നാണ് ഞാന്‍ കരുതുന്നത്’, എന്നാണ് രാഹുലിന്റെ രാജിക്ക് പിന്നാലെ ജാര്‍ഖണ്ഡില്‍നിന്നും പാര്‍ട്ടി വിട്ട അജോയ് കുമാര്‍ പറയുന്നത്. ഇദ്ദേഹം കോണ്‍ഗ്രസ് വിട്ട് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.
പാര്‍ട്ടിക്കുള്ളിലെ നേതൃത്വത്തിന്റെ അഭാവം മൂലമാണ് താന്‍ രാജിവെച്ചതെന്നാണ് കോണ്‍ഗ്രസ് ത്രിപുര അധ്യക്ഷനായിരുന്ന പ്രദ്യോത് ദേബ് ബര്‍മാന്‍ പറയുന്നത്. പാര്‍ട്ടിയുടെ നയങ്ങളില്‍ സ്ഥിരതയില്ല. പഴയ നേതാക്കള്‍ക്ക് നയിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ പട്ടികയെക്കുറിച്ച് അസമിലും ത്രിപുരയിലും കോണ്‍ഗ്രസ് വ്യത്യസ്ത നിലപാടുകളുണ്ടായത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇത് മുതിര്‍ന്നവരും ചെറുപ്പക്കാരും തമ്മിലുള്ള പ്രശ്‌നം മാത്രമല്ല. നേതാക്കള്‍ക്ക് കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാനുള്ള കഴിവില്ലായ്മയാണ്. ജ്യോതിരാദിത്യ സിന്ധ്യ ആദ്യത്തെ ആളല്ല, മുതിര്‍ന്ന നേതാക്കളുമായി ഇടഞ്ഞ് പാര്‍ട്ടി വിടുന്ന അവസാനത്തെ ആളല്ല സച്ചിന്‍. രണ്ടാം യു.പി.എ ഭരണത്തിന് ശേഷം കോണ്‍ഗ്രസിനുള്ളല്‍ കാര്യങ്ങളൊന്നും വേണ്ടവിധം കൈകാര്യം ചെയ്യപ്പെട്ടിട്ടില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിനായുള്ള ചോതന പാര്‍ട്ടിക്ക് നഷ്ടമായെന്നാണ് കരുതുന്നത്’, രാഷ്ട്രീയ വിദഗ്ധന്‍ നിലഞ്ജന്‍ മുഖര്‍ജി അഭിപ്രായപ്പെട്ടു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ