national news
ഗെഹ്‌ലോട്ട് രാവണനെന്ന പരാമര്‍ശം; കേന്ദ്ര മന്ത്രിക്കെതിരെ കേസെടുത്ത് രാജസ്ഥാന്‍ പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Apr 30, 10:10 am
Sunday, 30th April 2023, 3:40 pm

ജോധ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ടിനെതിരായ രാവണന്‍ പരാമര്‍ശത്തില്‍ കേന്ദ്ര മന്ത്രിക്കെതിരെ കേസ്. കേന്ദ്ര ജലവകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനെതിരെയാണ് രാജസ്ഥാന്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വ്യാഴാഴ്ച ചിത്തോര്‍ഗഢില്‍ വെച്ച് ബി.ജെ.പിയുടെ ജന്‍ആക്രോശ് റാലിയില്‍ നടത്തിയ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന സുരേന്ദ്ര സിങ് ജദാവത്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അശോക് ഗെഹ്ലോട്ട് രാജസ്ഥാന്‍ രാഷ്ട്രീയത്തിലെ രാവണനാണെന്നും അദ്ദേഹത്തെ പുറത്താക്കി രാമരാജ്യം സ്ഥാപിക്കാന്‍ കൈകള്‍ ഉയര്‍ത്തി പ്രതിജ്ഞ ചെയ്യണമെന്നുമായിരുന്നു ഷെഖാവത്ത് പറഞ്ഞത്.

ഷെഖാവത്തിന്റെ പരാമര്‍ശം അശോക് ഗെഹ്ലോട്ടിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചെന്നും രാവണ-രാമ പരാമര്‍ശത്തിലൂടെ സമൂഹത്തില്‍ മതധ്രുവീകരണം നടത്താനാണ് ബി.ജെ.പി ശ്രമിച്ചതെന്നുമാണ് പരാതിക്കാരന്റെ വാദം.

രാജസ്ഥാന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന പരാമര്‍ശമാണ് ബി.ജെ.പി മന്ത്രി നടത്തിയത്. സര്‍ക്കാരിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന നടപടി അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രിയെ രാവണനോടുപമിച്ച് അദ്ദേഹത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണ് ഷെഖാവത്ത് ശ്രമിച്ചിട്ടുള്ളത്,’ പരാതിക്കാരന്‍ പറഞ്ഞു.

നിയമ വിരുദ്ധമായി സംഘം ചേര്‍ന്നതിന് ഐ.പി.സി സെക്ഷന്‍ 143, മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചതിന് സെക്ഷന്‍ 295-എ പ്രകാരമാണ് ഷെഖാവത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂട്ടത്തില്‍ സെക്ഷന്‍ 500 പ്രകാരം മാനനഷ്ടത്തിന് മറ്റൊരു കേസും ഫയല്‍ ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്കെതിരായ കേസ് ആയതുകൊണ്ട് തന്നെ അന്വേഷണം സംസ്ഥാനത്തെ സി.ബി-സി.ഐ.ഡിക്ക് കൈമാറുമെന്ന് ചിത്തോര്‍ഗഢ് എസ്.എച്ച്.ഒ പറഞ്ഞതായി ദി സ്റ്റേസ്മാന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതാദ്യമായല്ല ഷെഖാവത്തിനെതിരെ രാജസ്ഥാന്‍ പൊലീസ് കേസെടുക്കുന്നത്. നേരത്തെ സഞ്ജീവനി കോ-ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ് കേസിലും കേസിലും ഷെഖാവത്ത് പ്രതിയാണ്.

Content Highlight: rajasthan police register case against gajendra singh shekhawath