| Saturday, 4th May 2013, 12:48 pm

പാക്ക് തീര്‍ത്ഥാടകരുടെ അജ്മീര്‍ സന്ദര്‍ശനത്തിനെതിരെ രാജസ്ഥാന്‍ പോലീസിന്റെ നിലപാട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അജ്മീര്‍: രാജസ്ഥാനിലെ അജ്മീരിലുള്ള ഹോജാ മുഹ്‌യുദ്ധീന്‍ ചിസ്തിയുടെ ദര്‍ഗ്ഗ സന്ദര്‍ശിക്കാനെത്തിയ 640 ഓളം പാക്കിസ്ഥാന്‍ തീര്‍ത്ഥാടകര്‍ക്കെതിരെ രാജസ്ഥാന്‍ പോലീസ് ഇന്റലിജന്‍സ വകുപ്പ് രൂക്ഷ വിമര്‍ശനവുമായി രംഗത്ത്.[]

സരബിജിത്ത സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിപടര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തിലാണ് പാക് തീര്‍ത്ഥാടകര്‍ അജ്മീര്‍ സന്ദര്‍ശിച്ചതെന്ന കാരണത്താലാണ് ഇന്റലിജന്‍സ് ഉദ്ദ്യാഗസ്ഥര്‍ ഇവര്‍ക്കെതിരെ രംഗത്ത് വന്നത്.

സന്ദര്‍ശനം റദ്ദ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് രാജസ്ഥാന്‍ തീരുമാനിച്ചതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

സരബ്ജിത്ത സിങ്ങിന്റെ മരണ സമയത്താണ് ഇവര്‍ അജ്മീര്‍ സന്ദര്‍ശിച്ചെന്നതിനാല്‍, ഇവര്‍ക്കെതിരെ നാട്ടുകാര്‍ അക്രമണങ്ങളുമായി മുന്നോട്ടു വരുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാലാണ് ഇവരെ തടയാന്‍ രാജസ്ഥാന്‍ പോലീസിനെ പ്രേരിപ്പിച്ചത്.

തീര്‍ത്ഥാടകര്‍ക്ക് പ്രത്യക സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ബുദ്ധിമുട്ടാണെന്നും പോലീസ് അറിയിച്ചു.

എന്നിരുന്നാലും രാജസ്ഥാനില്‍ ട്രൈയിനിറങ്ങിയതിന് ശേഷം കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പോലീസ് ഇവരെ രാജസ്ഥാനിലെ ഒരു സ്‌കൂളില്‍ പാര്‍പ്പിച്ചത്.

ഇതിനിടെ ബി.ജെ.പി, വിശ്വഹിന്ദു പരിഷത്ത്, ശിവസേന എന്നീ സംഘടനകളുടെ പ്രവര്‍ത്തകര്‍ തീര്‍ത്ഥാടകര്‍ക്കെതിരെ പ്രകോപന പരമായി രംഗത്തു വന്നു.

മെയ് 7 മുതല്‍ 22 വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏതാണ്ട് ഏഴു ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ അജ്മീര്‍ സന്ദര്‍ശിക്കുമെന്നാണ് കണകാക്കുന്നത്.

പാക്കിസ്ഥാനില്‍ നിന്നുള്ള തീര്‍ത്ഥാടകരെ ഇന്ത്യന്‍ പോലീസ് തടഞ്ഞു വെച്ച് അവരെ  തിരിച്ചയക്കുകയാണെങ്കില്‍ തീര്‍ത്ഥാടനത്തിന് വരുന്ന പാക്കിസ്ഥാനികളെ ഇന്ത്യ തടഞ്ഞു വെക്കുന്ന ആദ്യ സംഭവമായി ഇത് മാറും.

ഏതായാലും സരബ്ജിത്ത് സിങ്ങിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഈ വര്‍ഷം അജ്മീര്‍ തീര്‍ത്ഥാടകരില്‍ വന്‍ തോതിലുള്ള കുറവു വരാന്‍ സാധ്യതയുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more