ജയ്പൂര്‍: കുതിരക്കച്ചടം നടത്തി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്ക് തടയിടാനൊരുങ്ങി രാജസ്ഥാന്‍ പൊലീസ്. അശോക് ഗെലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാനായി ചില നീക്കങ്ങള്‍ നടത്തിയെന്ന പരാതിയിലാണ് മൂന്ന് പേരെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അജ്മര്‍ സ്വദേശിയായ ഭാരത് മലാനി, ബന്‍സാര സ്വദേശി അശോക് സിങ് എന്നിവരാണ് അറസ്റ്റിലായ രണ്ട് പേര്‍.
രാജസ്ഥാനിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേര്‍ അറസ്റ്റിലായിരിക്കുന്നത്. രണ്ട് പേര്‍ ചൊവ്വാഴ്ചയും ഒരാളെ ബുധനാഴ്ചയുമാണ് അറസ്റ്റ് ചെയ്തതത്. അശോക് ഗെലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാനായി ചില പ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്തിയെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.
” അറസ്റ്റിലായ രണ്ട് പേര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. അശോക് ഗെലോട്ട് സര്‍ക്കാരിനെ താഴെയിറക്കാന്‍ പദ്ധതിയിട്ടിരുന്നതായി ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ഇതിനുള്ള ആലോചനകള്‍ ഏപ്രില്‍ മാസം മുതല്‍ ആരംഭിച്ചെന്നാണ് ചോദ്യം ചെയ്യലില്‍ അവര്‍ പറഞ്ഞത്. നിരവധി സ്വതന്ത്ര എം.എല്‍.എമാരുടെ വിവരങ്ങളും ഇവര്‍ നല്‍കിയിട്ടുണ്ട്,” പൊലീസ് പറഞ്ഞു.
രാജസ്ഥാന്‍ ചീഫ് വിപ്പ് മഹേഷ് ജോഷിയാണ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ചിലര്‍ നടത്തുന്നതായി കാണിച്ച് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ടീമിന് പരാതി നല്‍കിയത്. തുടര്‍ന്ന് ഗൂഢാലോചന, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സര്‍ക്കാരിനെ താഴെയിറക്കാനായി കുതിരക്കച്ചവടം നടത്തുന്ന സംഘത്തെ തകര്‍ക്കാന്‍ തന്നെയാണ് ഇനിയുള്ള ശ്രമം. ബ്രേക്ക് ദ ചെയിന്‍ കാമ്പയിനായാണ് ഇതിനേയും കാണുന്നത്. രണ്ട് പേര്‍ മാത്രമല്ല ഇതില്‍ പങ്കാളികളായുള്ളത്. കൂടുതല്‍ അറസ്റ്റുകള്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിടുന്നതിന് മുന്‍പ് തന്നെ രാജസ്ഥാന്‍ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ ചിലര്‍ നടത്തുന്നതായി മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചിരുന്നു.
ജയ്പൂരില്‍ കുതിരക്കച്ചവടം നടന്നുകഴിഞ്ഞെന്നും തങ്ങളുടെ പക്കല്‍ അതിനുള്ള തെളിവുണ്ടെന്നും അതുകൊണ്ട് തന്നെയാണ് ഞങ്ങളുടെ എം.എല്‍.എമാരെ ഹോട്ടലിലേക്ക് മാറ്റേണ്ടി വന്നതെന്നും ഗെലോട്ട് പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ