ഭോപ്പാല്‍: പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന രാജസ്ഥാന്‍ സ്വദേശി പെഹ്‌ലു ഖാന്റെ മക്കള്‍ക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രം പിന്‍വലിക്കാനൊരുങ്ങി രാജസ്ഥാന്‍ പൊലീസ്. കേസിലെ ചില കാര്യങ്ങളില്‍ പുനരന്വേഷണം നടത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം പിന്‍വലിക്കാന്‍ പൊലീസ് കോടതിയില്‍ അനുമതി തേടിയത്.
2017 ഏപ്രില്‍ 1 നാണ് പശുക്കടത്ത് ആരോപിച്ച് ഖാനെ ഗോസംരക്ഷകര്‍ എന്നവകാശപ്പെടുന്ന ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നത്. പെഹ്‌ലു ഖാന്റെ മരണശേഷം, പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികരാത്തിലെത്തിയതിന് പിന്നാലെ ഡിസംബര്‍ 30നായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. രാജസ്ഥാനില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന സമയത്ത് തയ്യാറാക്കിയ കുറ്റപത്രം തന്നെയായിരുന്നു പൊലീസ് സമര്‍പ്പിച്ചത്.
2019 മെയ് 29നാണ് ബെഹ്‌റോറിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. പെഹ്‌ലു ഖാന്റെ മക്കളായ ഇര്‍ഷാദ്, ആരിഫ്, ഖാന്‍ മുഹമ്മദ്, വാഹന ഉടമ ജഗ്ദീഷ് പ്രസാദ് എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ടായിരുന്നു.
കന്നുകാലി കശാപ്പും കയറ്റുമതിയും നിരോധിച്ചുകൊണ്ടുള്ള രാജസ്ഥാന്‍ ബൊവിന്‍ ആനിമല്‍ ആക്ടിലെ 5, 8, 9 വകുപ്പുകള്‍ പ്രകാരമായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. ഖാന്‍ മരണപ്പെട്ടതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പേര് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ഖാന്റെ കുടുംബം തങ്ങളെ കണ്ടിരുന്നെന്നും കുറ്റപത്രം പിന്‍വലിച്ച് കേസില്‍ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്‍വാര്‍ എസ്.പി പാരിസ് ദേശ്മുഖ് പറഞ്ഞു. പരാതി പരിശോധിച്ച ശേഷമാണ് കുറ്റപത്രം പിന്‍വലരിക്കാന്‍ കോടതിയെ സമീപിച്ചതെന്നും ഇനി കോടതിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പശുക്കളെ അല്‍വാര്‍ ജില്ലിയിലെ തപുകാരയില്‍ നിന്നാണ് വാങ്ങിച്ചതെന്നാണ് കുടുംബം പറയുന്നത്. സംഭവം നടക്കുന്നതിന് മുന്‍പ് തന്നെ ട്രക്ക് വിറ്റിരുന്നതായി വാഹന ഉടമയും പറയുന്നു. അതുകൊണ്ട് തന്നെ ഈ കാര്യങ്ങള്‍ മുന്‍നിര്‍ത്തി കേസില്‍ പുതിയ അന്വേഷണം നടത്തേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു.
കേസില്‍ മുന്‍വിധിയോടെയുള്ള അന്വേഷണമാണ് നടന്നതെന്നും പുനരന്വേഷണം വേണ്ടി വന്നാല്‍ നടത്തുമെന്നും നേരത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖെഹ്‌ലോട്ട് പറഞ്ഞിരുന്നു.
ആദ്യകുറ്റപത്രത്തില്‍ പെഹ്‌ലു ഖാന്റെ സഹപ്രവര്‍ത്തകരായിരുന്ന റഫീഖ്, അസ്മത് എന്നിവര്‍ക്കെതിരെയും ട്രക്ക് ഡ്രൈവര്‍ അര്‍ജുന്‍, വാഹന ഉടമ ജഗ്ദീഷ് പ്രസാദ് എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു.
രണ്ടാമത് തയ്യാറാക്കിയ എഫ്.ഐ.ആറിലാണ് പെഹ്‌ലു ഖാന്റെ മക്കളുടെ പേരും ഉള്‍പ്പെട്ടത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്.