| Friday, 27th December 2024, 1:49 pm

70 മണിക്കൂറായി കുഞ്ഞ് കുഴൽക്കിണറിനുള്ളിൽ; ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച്‌ അമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂർ: രാജസ്ഥാനിൽ കുഴൽക്കിണറിൽ വീണ കുഞ്ഞിനെ 70 മണിക്കൂറിന് ശേഷവും പുറത്തെടുക്കാനായില്ല. കുട്ടിയെ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. 70 മണിക്കൂറിലധികമായി 150 അടി താഴ്ചയുള്ള കുഴൽക്കിണറിനുള്ളിൽ മൂന്ന് വയസുകാരി ചേതന കുടുങ്ങിക്കിടക്കുകയാണ്.

കോട്‌പുത്‌ലി-ബെഹ്‌റോർ ജില്ലയിലെ സരുന്ദ് പൊലീസ് സ്‌റ്റേഷന് പരിധിയിലുള്ള ബദിയാലി ധനിയിൽ പിതാവിൻ്റെ കൃഷിയിടത്തിൽ കളിക്കുന്നതിനിടെയാണ് ചേതന കുഴൽക്കിണറിൽ വീണത്.

കുഞ്ഞിന് ഭക്ഷണമോ വെള്ളമോ നൽകാൻ രക്ഷാസംഘത്തിന് കഴിയാതെ വന്നതോടെ പെൺകുട്ടിയെ ജീവനോടെ കണ്ടെത്തുമെന്ന പ്രതീക്ഷകൾ ഓരോ നിമിഷം കഴിയും തോറും കുറഞ്ഞുവരികയാണെന്ന് പൊലീസ് പറഞ്ഞു.

പ്രാദേശിക പോലീസിൻ്റെയും ഭരണകൂടത്തിൻ്റെയും സഹായത്തോടെ NDRF (നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്സ് ), SDRF (സംസ്ഥാന ദുരന്ത നിവാരണ സേന) ടീമുകളുടെ നിർത്താതെയുള്ള രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്.

രണ്ടുദിവസമായി പലതവണ ശ്രമിച്ചിട്ടും കുഞ്ഞിനെ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. സ്ഥിതിഗതികൾ വിലയിരുത്താൻ കോട്പുത്‌ലി-ബെഹ്‌റോർ ജില്ലാ കളക്ടർ കൽപന അഗർവാൾ ബുധനാഴ്ച രാത്രി വൈകി ഗ്രാമത്തിലെത്തി. രക്ഷാപ്രവർത്തനം നിരന്തരം നടന്നുകൊണ്ടിരിക്കുകയാണെന്ന് അവർ പറഞ്ഞു. പൈലിങ് മെഷീൻ ഫാമിലെത്തിക്കാൻ ബുദ്ധിമുട്ട് നേരിട്ടതായും അവർ പറഞ്ഞു.

രണ്ടാഴ്ച മുമ്പ് ദൗസ ജില്ലയിൽ അഞ്ച് വയസ്സുള്ള ആൺകുട്ടി കുഴൽക്കിണറിൽ വീണിരുന്നു, രക്ഷാപ്രവർത്തനം 55 മണിക്കൂറിലധികം നീണ്ടുനിന്നു. എന്നിരുന്നാലും, പുറത്തെടുക്കുമ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു. NDRF കണക്കുകൾ പ്രകാരം 2009 മുതൽ ഇന്ത്യയിൽ 40 ലധികം കുട്ടികൾ കുഴൽക്കിണറിൽ വീണ് മരിച്ചു.

Content Highlight: Rajasthan: Over 70 hrs on, child still stuck in borewell, mother refuses to eat

We use cookies to give you the best possible experience. Learn more