| Sunday, 10th November 2024, 1:24 pm

പഠനാന്തരീക്ഷം സൃഷ്ടിക്കാനെന്ന് വാദം; കോളേജ് ഗേറ്റുകളില്‍ കാവി നിറം നല്‍കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: പഠനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കോളേജുകളിലെ ഗേറ്റുകള്‍ക്ക് ഓറഞ്ച് നിറം നല്‍കാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍. പരീക്ഷണാടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത കോളേജുകളില്‍ ഏഴ് ദിവസത്തിനകം പെയ്ന്റിങ്ങ് പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തെ കോളേജുകളിലെ ഗേറ്റുകള്‍ ഓറഞ്ച് നിറം നല്‍കാനുള്ള തീരുമാനത്തിനെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണുയരുന്നത്. വിദ്യാഭ്യാസത്തെയും കാവിവത്ക്കരിക്കാനുളള ശ്രമമാണ് സര്‍ക്കാരിന്റേതെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.

ഉത്തരവിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തുന്നത്.

രാജസ്ഥാനില്‍ ആയിരക്കണക്കിന് ലക്ച്ചറര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്നും ഇക്കാര്യങ്ങളില്‍ സര്‍ക്കാരിന് ചിന്തയില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. കോളേജുകളുടെ കെട്ടിടങ്ങളും ബെഞ്ചുകളും തകര്‍ന്ന അവസ്ഥയിലാണെന്നും അപര്യാപ്തമാണെന്നും കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനകള്‍ പറയുന്നുണ്ട്.

അതേസമയം കായകല്‍പ്പ് പദ്ധതി പ്രകാരം പത്ത് ഡിവിഷനുകളിലായി ആകെ ഇരുപത് കോളേജുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതിന് വേണ്ടി ഉത്തരവ് നടപ്പാക്കാനൊരുങ്ങുന്നത്. രാജസ്ഥാന്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രസ്താവനയിലാണ് അറിയിപ്പ്.

കോളേജില്‍ പ്രവേശിക്കുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് പോസിറ്റീവായി തോന്നുന്ന തരത്തിലായിരിക്കണം കോളേജുകളുടെ വിദ്യാഭ്യാസ അന്തരീക്ഷവും സാഹചര്യവുമെന്നാണ് ഉത്തരവ്. ഉന്നത വിദ്യാഭ്യാസത്തിനായുള്ള നല്ല സന്ദേശങ്ങള്‍ സമൂഹത്തിലേക്ക് കൈമാറുന്നതിന് നല്ലതും വൃത്തിയുള്ളതുമായ കോളേജുകളായി പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

ഏഷ്യന്‍ പെയിന്റിന്റെ വൈറ്റ് ഗോള്‍ഡ്, ഓറഞ്ച് ബ്രൗണ്‍ നിറങ്ങള്‍ ഉപയോഗിച്ചായിരിക്കണം ഗേറ്റുകള്‍ പുനരുദ്ധരിക്കേണ്ടതെന്നും ഏഴ് ദിവസത്തിനകം ഇവ പൂര്‍ത്തിയാക്കിയതിന് ശേഷം ഗേറ്റുകളുടെ ചിത്രങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന് അയക്കണമെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.

Content Highlight: Rajasthan orders college gates to be colored orange to create conducive learning environment

We use cookies to give you the best possible experience. Learn more