ജയ്പൂര്‍: ലൗ ജിഹാദ് ആരോപിച്ച് മുസ്‌ലീം യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഇരയ്ക്ക് നീതി ആവശ്യപ്പെട്ട് റാലി നടത്തിയവരെ അറസ്റ്റ് ചെയ്ത് പൊലീസ്.
ഉദയ്പൂര്‍ സിറ്റിയില്‍ റാലി നടത്തിയ പത്ത് മുസ്‌ലീം യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പത്ത് പേര്‍ കസ്റ്റഡിയിലുള്ളതായി പ്രതാപ്‌നഗര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫീസര്‍ പറഞ്ഞതായി സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എന്തെല്ലാം വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയതെന്ന കാര്യം പൊലീസ് വ്യക്തമാക്കിയിട്ടില്ല.
അതേസമയം ഹിന്ദുത്വ ഭീകരതയ്‌ക്കെതിരെ മുസ്‌ലീം യുവാക്കള്‍ നടത്തിയ റാലിയില്‍ മോദി വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉണ്ടായിരുന്നെന്നും ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നതിനാലാണ് യുവാക്കളെ അറസ്റ്റ് ചെ്തതെന്നുമാണ് പൊലീസ് പറയുന്നത്.
പ്രതി ശംഭുലാലിന് വേണ്ടി കഴിഞ്ഞ ദിവസം നടത്തിയ പ്രകടനത്തിനിടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കോടതിയ്ക്ക് മുകളില്‍ കാവിക്കൊടി കെട്ടിയിരുന്നു. ജില്ലാ സെഷന്‍സ് കോടതിക്ക് മുകളിലാണ് പ്രവര്‍ത്തകര്‍ കയറി കൊടികെട്ടിയത്.
റാലി നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കോടതി പരിസരത്ത് പോലീസിനോട് ഏറ്റമുട്ടുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അക്രമമുണ്ടാക്കിയവര്‍ക്കെതിരെ പൊലീസ് ലാത്തിവീശി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉദയ്പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ തടയുകയും ചെയ്തിരുന്നു.
ഡിസംബര്‍ ആറിനാണ് ലൗജിഹാദ് ആരോപിച്ച് ശംഭുലാല്‍ അഫ്രാസുല്‍ എന്നയാള്‍ മുസ്ലിം യുവാവിനെ പിക്കാസ് കൊണ്ട് കുത്തിവീഴ്ത്തിയ ശേഷം തീകൊളുത്തി കൊന്നത്.
തുടര്‍ന്ന് ലവ് ജിഹാദിന്റെ പേരിലാണ് താനിത് ചെയ്യുന്നതെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള വിധി ഇതായിരിക്കുമെന്ന് ഇയാള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. മര്‍ദ്ദനവും കൊലപാതകവും 14 വയസുള്ള മരുമകനെ കൊണ്ടായിരുന്നു ഇയാള്‍ ഷൂട്ട് ചെയ്യിപ്പിച്ചത്.
പിടിയിലായ ശംഭുലാലിന്റെ കുടുംബത്തിന് വേണ്ടി വലതുപക്ഷ സംഘടനകള്‍ ധനശേഖരണമടക്കം നടത്തിയിരുന്നു. ശുഭുലാലിന്റെ ഭാര്യ സീതയുടെ പേരില്‍ ആരംഭിച്ച അക്കൗണ്ടിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൂന്നു ലക്ഷം രൂപയാണ് എത്തിയത്.
ശംഭുലാലിന്റെ കുടുബത്തിന് സഹായം നല്‍കണമെന്ന് കാണിച്ച് ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.