| Thursday, 16th March 2017, 12:55 pm

കര്‍ണി സേനയുടെ അതിക്രമങ്ങള്‍ക്ക് പിന്തുണയുമായി രാജസ്ഥാന്‍ മന്ത്രി; പദ്മാവതി റിലീസിന് മുന്‍പേ കര്‍ണിസേന നേതാക്കളെ കാണിക്കണമെന്ന് നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: പദ്മാവതി സിനിമ ഷൂട്ടിങ്ങിന് നേരെ വ്യാപക അക്രമം നടത്തുന്ന രാഷ്ട്രീയ രജപത് കര്‍ണി സേനയ്ക്ക് പിന്തുണയുമായി രാജസ്ഥാന്‍ മന്ത്രി. കര്‍ണ സേനയുടെ നടപടികളെ തടയാന്‍ സിനിമ പ്രദര്‍ശനത്തിന് മുന്‍പായി അവരെ കാണിക്കണമെന്നാണ് മന്ത്രി അരുണ്‍ ചതുര്‍വേദിയുടെ നിര്‍ദേശം.

കഴിഞ്ഞ ദിവസം കൊല്‍ഹാപ്പൂരിലെ ഷൂട്ടിങ് സെറ്റ് കണ്‍ണിസേനക്കാര്‍ തീയിട്ട് നശിപ്പിച്ച സംഭവത്തിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.

സിനിമ സംസ്ഥാനത്ത് റിലീസ് ചെയ്യുന്നതിന് മുന്‍പ് രാഷ്ട്രീയ രജപുത് സേന അംഗങ്ങള്‍ക്കായി പ്രത്യേക സ്‌ക്രീനിങ് നടത്തണമെന്നും അവരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കാനുമാണ് മന്ത്രിയുടെ നിര്‍ദേശം.

കര്‍ണിസേന പ്രവര്‍ത്തകരുമായും ബ്രാഹ്മണ്‍ മഹാസംഘുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ചിത്രത്തിന്റെ ഷൂട്ടിങ് സംസ്ഥാനത്ത് നടത്തുന്നതിനും വിലക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഷൂട്ടിങ് സെറ്റിന് സംരക്ഷണം നല്‍കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പൊലീസ് അതിന് നല്‍കിയില്ലെന്ന് സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലി പറഞ്ഞു.


Dont Miss ഐ.എഫ്.എഫ്.കെ മേഖല ചലച്ചിത്രമേളയില്‍ സംവിധായകന്‍ കമല്‍ പങ്കെടുക്കരുതെന്ന് കളക്ടറുടെ നോട്ടീസ് 


കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് കൊല്‍ഹാപ്പൂരിലെ സെറ്റിന് നേരെ ആക്രമണം നടന്നത്.അക്രമികള്‍ സെറ്റ് തീയിട്ട് നശിപ്പിച്ചു. സെറ്റിലുണ്ടായിരുന്ന കുതിരകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. അക്രമണം നടക്കുമ്പോള്‍ സെറ്റില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല.

പെട്രോള്‍ ബോംബും കല്ലുകളും വടികളുമായി എത്തിയ 50 ഓളം വരുന്ന സംഘം സെക്യൂരിറ്റി ജീവനക്കാരെ മര്‍ദ്ദിച്ച ശേഷമാണ് സെറ്റിന് തീയിട്ടത്. സെറ്റിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറും തല്ലിതകര്‍ത്തിരുന്നു.

സംഭവത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അക്രമികളില്‍ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞമാസമായിരുന്നു ചിത്രത്തിന്റെ സംവിധായകനായ സഞ്ജയ് ലീലാ ബന്‍സാലിക്ക് നേരെ രാജസ്ഥാനിലെ ജയ്പൂരില്‍ ആക്രമണമുണ്ടായത്.

സംവിധായകനെ ക്രൂരമായി തല്ലിയ അക്രമികള്‍ അദ്ദേഹത്തിന്റെ തലമുടി പറിച്ചെടുത്തിരുന്നു. ജയ്പൂര്‍ കോട്ടയില്‍ വെച്ചായിരുന്നു സംഭവം.രജപുത് റാണിയായ പത്മാവതിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് ഇദ്ദേഹത്തെ ആക്രമിച്ചത്.

ചിത്രത്തില്‍ പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയ രംഗങ്ങളുണ്ടെന്നും ഈ രംഗങ്ങള്‍ തികച്ചും വാസ്തവ വിരുദ്ധമാണെന്നുമാണ് കര്‍ണി സേനയുടെ വാദം. എന്നാല്‍ അത്തരം രംഗങ്ങളൊന്നും ചിത്രത്തില്‍ ഇല്ലെന്നും ഇതെല്ലാം വെറും ആരോപണങ്ങള്‍ മാത്രമാണെന്നും സംവിധായകന്‍ പ്രതികരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more