| Tuesday, 30th October 2018, 3:40 pm

മുസ്‌ലീങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യും; ഹിന്ദുക്കള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ബി.ജെ.പി മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാജ്യത്തെ ഹിന്ദുക്കളെല്ലാം ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട രാജസ്ഥാനിലെ ബി.ജെ.പി മന്ത്രി ധന്‍സിങ്ങിനെതിരെ കേസ്.

രാജ്യത്തെ മുസ്‌ലീങ്ങള്‍ എല്ലാവരും ഒരുമിക്കുമെന്നും അവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നും ഈ അവസരത്തില്‍ ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നിന്ന് കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്നായിരുന്നു തെരഞ്ഞെടുപ്പ് റാലിയ്ക്ക് പിന്നാലെ നടന്ന പൊതുപരിപാടിക്കിടെ മന്ത്രി ആവശ്യപ്പെട്ടത്.

ഒക്ടോബര്‍ 27 ന് ബന്‍സ് വാര ജില്ലയില്‍ നടത്തിയ പരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. മുസ്‌ലീങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് കോണ്‍ഗ്രസിന് വോട്ട് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അതിനെ മറികടക്കാന്‍ നമ്മള്‍ ഹിന്ദുക്കള്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കണം. വലിയ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തണം.- മന്ത്രി പറഞ്ഞു.


ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പരാമര്‍ശനത്തിനെതിരെ ഐ.പി.സി സെക്ഷന്‍ 125 പ്രകാരം ബന്‍സ്‌വാര കൊട്ട് വാലി പൊലീസ് സ്റ്റേഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജില്ലാ ഭരണകൂടത്തിന്റെ പരാതിയിന്‍മേലാണ് ഇദ്ദേഹത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ബന്‍സ്വാര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഘന്‍ശ്യാം ശര്‍മ പറഞ്ഞു.

പ്രസ്താവന വിവാദമായതോടെ വിഷയത്തില്‍ നിലപാട് വിശദീകരിച്ച രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കഠാരിയ പറഞ്ഞു. വോട്ടര്‍മാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചിട്ടില്ലെന്നും മുസ്‌ലീം ആയാലും ഹിന്ദു ആയാലും ഓരോ വ്യക്തിയും ഓരോ വോട്ടര്‍മാരാണെന്നും വോട്ടര്‍മാര്‍ക്ക് ജാതിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. രാജ്യത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന ആര്‍ക്കും ജനങ്ങള്‍ക്ക് വോട്ട് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 7 നാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

We use cookies to give you the best possible experience. Learn more