ഭാരത് ആദിവാസി പാർട്ടി നേതാക്കള്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തി പിതൃത്വം തെളിയിക്കണമെന്ന പരാമര്‍ശം; മാപ്പ് പറഞ്ഞ് ബി.ജെ.പി നേതാവ്
national news
ഭാരത് ആദിവാസി പാർട്ടി നേതാക്കള്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തി പിതൃത്വം തെളിയിക്കണമെന്ന പരാമര്‍ശം; മാപ്പ് പറഞ്ഞ് ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th July 2024, 5:35 pm

ജയ്പൂര്‍: ഭാരത് ആദിവാസി പാർട്ടി നേതാക്കള്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തി പിതൃത്വം തെളിയിക്കണമെന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് രാജസ്ഥാനിലെ വിദ്യാഭ്യാസ മന്ത്രിയും ബി.ജെ.പി നേതാവുമായ മദന്‍ ദിലാവര്‍. ബി.എ.പിക്കെതിരെയാണ് മദന്‍ ദിലാവര്‍ കഴിഞ്ഞ ജൂണില്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

ബി.എ.പി നേതാക്കള്‍ തങ്ങള്‍ ഹിന്ദുക്കളാണെന്ന് കരുതുന്നില്ലെങ്കില്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തി അത് തെളിയിക്കണമെന്നാണ് മദന്‍ ദിലാവര്‍ പറഞ്ഞത്.

പ്രസ്താവന പെട്ടെന്ന് തന്നെ വിവാദമാവുകയും ചെയ്തു. ജൂലൈ 18നാണ് വിഷയത്തില്‍ മന്ത്രി മാപ്പ് പറഞ്ഞത്. ആദിവാസി വിഭാഗക്കാര്‍ ഹിന്ദു സമൂഹത്തിന്റെ ഭാഗമാണെന്ന് ദിലാവര്‍ പറഞ്ഞു. തന്റെ പ്രസംഗമോ വാക്കുകളോ പ്രതിപക്ഷത്തെയോ ഏതെങ്കിലും ആദിവാസി സഹോദരനെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ബി.എ.പി നേതാവ് രാജ്കുമാര്‍ റോവത്ത് മന്ത്രിയുടെ മാപ്പ് അപേക്ഷ തള്ളിക്കളഞ്ഞു. ദിലാവര്‍ മാപ്പ് അപേക്ഷ ഹൃദയത്തില്‍ നിന്നുള്ളതല്ലെന്നും മറ്റുള്ളവരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം പ്രസ്താവനകള്‍ ആദിവാസി സമൂഹം അംഗീകരിക്കില്ലെന്നും മന്ത്രി രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജൂണില്‍ പൊതുതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവാദങ്ങള്‍ ആരംഭിക്കുന്നത്. ഹിന്ദുമതം ഉള്‍പ്പെടെയുള്ള മതങ്ങളില്‍ നിന്ന് വ്യത്യസ്തമായ വിശ്വാസ സമ്പ്രദായത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്ന ബി.എ.പി നേതാവ് രാജ്കുമാര്‍ റോവത്തിന്റെ പ്രസ്താവനയ്ക്ക് മന്ത്രി നല്‍കിയ മറുപടിയാണ് വിവാദമായത്.

ബി.എ.പി നേതാക്കള്‍ തങ്ങള്‍ ഹിന്ദുക്കളായി കണക്കാക്കുന്നില്ലെങ്കില്‍ ഡി.എന്‍.എ പരിശോധന നടത്തി പിതൃത്വം തെളിയിക്കണമെന്ന് ജൂണ്‍ 23ന് ദിലാവര്‍ പറഞ്ഞു.

ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ദിലിവാറിന്റെ വസതിയിലേക്ക് രക്ത സാമ്പിളുകളുമായി ബി.എ.പിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടന്നിരുന്നു.

ബന്‍സ്വാരയിലെ ലോക്‌സഭാ സീറ്റില്‍ ബി.ജെ.പി നേതാവ് മഹേന്ദ്ര സിങ്ങിനെ പരാജയപ്പെടുത്തിയാണ് രാജ്കുമാര്‍ റോവത്ത് വിജയിച്ചത്. മണ്ഡലത്തില്‍ പ്രധാനമന്ത്രി നിരവധി വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയെങ്കിലും ബന്‍സ്വാരയില്‍ ബി.ജെ.പി പരാജയം ഏറ്റുവാങ്ങി.

Content Highlight: Rajasthan Minister Apologises for ‘DNA Test’ Remark about Bharat Adivasi Party Leaders