national news
രാജസ്ഥാനില്‍ കൈകോര്‍ത്ത് ബി.ജെ.പിയും കോണ്‍ഗ്രസും; ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിച്ചത് കോണ്‍ഗ്രസ് വോട്ടില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 11, 12:15 pm
Friday, 11th December 2020, 5:45 pm

ജയ്പൂര്‍: രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ സഹായം.

രാജസ്ഥാനിലെ ഡുംഗര്‍പൂരില്‍ ജില്ലാ പ്രമുഖിനെ തെരഞ്ഞെടുക്കാനാണ് ബി.ജെ.പിക്ക് കോണ്‍ഗ്രസിന്റെ പിന്തുണയും സഹായവും ലഭിച്ചത്.

ഭാരതിയ ട്രൈബല്‍ പാര്‍ട്ടി പിന്തുണ കൊടുത്ത സ്ഥാനാര്‍ത്ഥികളെ പരാജപ്പെടുത്തുക എന്ന ലക്ഷ്യവും കോണ്‍ഗ്രസ്- ബി.ജെ.പി കൂട്ടുകെട്ടിന് പിന്നില്‍ ഉണ്ടായിരുന്നു.

ഡുംഗര്‍പൂരില്‍ 27 സീറ്റുകളില്‍ 13 എണ്ണവും ബി.ടി.പി പിന്തുണയുള്ള സ്വതന്ത്രരാണ് നേടിയത്. ബി.ജെ.പിയും കോണ്‍ഗ്രസും യഥാക്രമം 8, 6 സീറ്റുകളാണ് നേടിയത്.
കോണ്‍ഗ്രസിന്റെ സഹായത്തോടെ ബി.ടിപി ബോര്‍ഡ് രൂപീകരിക്കുമെന്ന സാഹചര്യം നിലനില്‍ക്കേയാണ് കോണ്‍ഗ്രസ് ബി.ജെ.പിക്ക് പിന്തുണ നല്‍കിയത്. ഇതോടെ സംഭവങ്ങള്‍ മാറിമറിഞ്ഞു.

ബി.ജെ.പി സ്ഥാനാര്‍ത്ഥി സൂര്യ അഹാരിയെ ജില്ലാ പ്രമുഖ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണച്ചതോടെ ബി.ടി.പി പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി അഹാരി ജില്ലാ പ്രമുഖായി തെരഞ്ഞെടുക്കപ്പെട്ടു. അഹാരി 14 വോട്ടാണ് നേടിയത്. എതിര്‍ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 13 വോട്ടാണ്.

അതേസമയം, നേതൃത്വം അറിയാതെയാണ് ഇത്തരമൊരു തീരുമാനമുണ്ടായതെന്നാണ് സംഭവത്തില്‍ കോണ്‍ഗ്രസിന്റെ വിശദീകരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Rajasthan local body polls: Cong, BJP members join forces against BTP-backed candidate in Dungarpur