ജയ്പൂര്‍: രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ കുതിരക്കച്ചവടം. ഒരു ജില്ലയില്‍ മാത്രം ഭൂരിപക്ഷം ലഭിച്ചിരുന്ന ബി.ജെ.പി, കോണ്‍ഗ്രസ് അംഗങ്ങളെ പാട്ടിലാക്കി രണ്ടിടത്ത് കൂടി ഭരണം പിടിക്കുകയായിരുന്നു.
ആറ് ജില്ലാ ബോര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സിരോഹിയില്‍ മാത്രമായിരുന്നു ബി.ജെ.പിയ്ക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ‘കനിഞ്ഞതോടെ’ ജയ്പൂരിലും ഭാരത്പൂരിലും ബി.ജെ.പി അധികാരം പിടിച്ചു.
ജയ്പുരില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച രമാദേവി കഴിഞ്ഞ ദിവസം രാവിലെ ഒമ്പതിന് രാജിവെച്ച് 11ന് ബി.ജെ.പിയില്‍ ചേര്‍ന്നു. വൈകുന്നേരം നടന്ന ജില്ലാ പഞ്ചായത്ത് പ്രമുഖ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ജയിക്കുകയും ചെയ്തു.
ബി.ജെ.പിക്ക് 25ഉം കോണ്‍ഗ്രസിന് 26ഉം സീറ്റാണ് ലഭിച്ചത്. രമാദേവിയോടൊപ്പം മറ്റൊരു കോണ്‍ഗ്രസ് അംഗവും ബി.ജെ.പിക്ക് വോട്ട് ചെയ്തതോടെ അവര്‍ക്ക് 27 വോട്ട് ലഭിച്ചു.
ആഗസ്റ്റ് 26 നായിരുന്നു ഒന്നാം ഘട്ട വോട്ടെടുപ്പ്. ആഗസ്റ്റ് 29 ന് രണ്ടാം ഘട്ടവും മൂന്നാം ഘട്ടം സെപ്റ്റംബര്‍ ഒന്നിനുമായിരുന്നു നടന്നത്. ആറ് ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.