| Thursday, 5th September 2019, 5:57 pm

ലീവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ കഴിയുന്ന സ്ത്രീകളെ അധിക്ഷേപിച്ച് രാജസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍; അധിക്ഷേപം നടത്തിയത് 'മയില്‍ പ്രസ്താവന' നടത്തിയ ജഡ്ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലീവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ കഴിയുന്ന സ്ത്രീകളെ അധിക്ഷേപിച്ച് രാജസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍. വിവാദ പ്രസ്താവനകളുടെ പേരില്‍ മുന്‍പും വാര്‍ത്തകളില്‍ ഇടംപിടിച്ച രാജസ്ഥാന്‍ ഹൈക്കോടതി മുന്‍ ജഡ്ജിയായ മഹേഷ് ചന്ദ്ര ശര്‍മ അംഗമായ രണ്ടംഗ ബെഞ്ചാണ് അധിക്ഷേപം നടത്തിയത്.

‘വെപ്പാട്ടി’ എന്ന വാക്കുപയോഗിച്ചായിരുന്നു ബെഞ്ചിന്റെ അധിക്ഷേപ പരാമര്‍ശം. ജസ്റ്റിസ് പ്രകാശ് താട്ടിയയായിരുന്നു ഈ ബെഞ്ചിന്റെ അധ്യക്ഷന്‍.

ലീവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ നിയന്ത്രിക്കാനും രജിസ്റ്റര്‍ ചെയ്യാനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേകം പ്രത്യേകം നിയമം കൊണ്ടുവരണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഒരു സ്ത്രീ വെപ്പാട്ടിയായി തുടരുന്നത് അവരുടെ സ്ത്രീത്വത്തിനെതിരാണ്. ജീവിതകാലം മുതല്‍ വെപ്പാട്ടിയായി തുടരുന്നത് ജീവിക്കാനുള്ള അവകാശമായി കാണാനാവില്ല. അങ്ങനെയൊരു സ്ത്രീക്ക് അവരുടെ മൗലികാവകാശം സംരക്ഷിക്കാനാവില്ല.’- ബെഞ്ച് നിരീക്ഷിച്ചു.

താന്‍ ജുഡീഷ്യറിയില്‍ നിന്ന് വിരമിച്ച 2017-ല്‍, ഓഫീസിലെ അവസാന ദിവസമാണ് ഏറ്റവുമൊടുവിലായി ശര്‍മ വിവാദം ക്ഷണിച്ചുവരുത്തിയത്.

മയില്‍ ജീവിതകാലം മുഴുവന്‍ ബ്രഹ്മചാരിയാണെന്നും അവ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ പ്രസ്താവന. ആണ്‍മയിലിന്റെ കണ്ണീര്‍ കുടിച്ചാണ് പെണ്‍മയില്‍ ഗര്‍ഭിണിയാകുന്നതെന്നും അദ്ദേഹം അന്നു പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള വിധിപ്രസ്താവത്തില്‍ ഒപ്പുവെച്ചതിനു ശേഷമായിരുന്നു ശര്‍മയുടെ ‘മയില്‍ പ്രസ്താവന’.

ഗോഹത്യ നടത്തുന്നവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ കൊടുക്കണമെന്നും അദ്ദേഹം ശുപാര്‍ശ ചെയ്തിരുന്നു. ഗോഹത്യയെക്കാള്‍ ക്രൂരമായ മറ്റൊരു കുറ്റകൃത്യവുമില്ലെന്നും ശര്‍മ പറഞ്ഞിരുന്നു.

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു കുട്ടികള്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്നു പറഞ്ഞതിനു പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഒരാള്‍ നല്‍കിയ അപകീര്‍ത്തിക്കേസ് തള്ളിയതും ശര്‍മയായിരുന്നു.

കഴിഞ്ഞവര്‍ഷമാണ് മനുഷ്യാവകാശ കമ്മീഷനില്‍ ശര്‍മ അംഗമായത്.

We use cookies to give you the best possible experience. Learn more