ജാതിപരാമര്‍ശം: സല്‍മാന്‍ ഖാനെതിരായ അന്വേഷണം രാജസ്ഥാന്‍ ഹൈക്കോടതി മരവിപ്പിച്ചു
Rajastan
ജാതിപരാമര്‍ശം: സല്‍മാന്‍ ഖാനെതിരായ അന്വേഷണം രാജസ്ഥാന്‍ ഹൈക്കോടതി മരവിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th February 2018, 11:36 pm

ജയ്പൂര്‍: രാജസ്ഥാനിലെ ചുരു ജില്ലയില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം ഹൈക്കോടതി മരവിപ്പിച്ചു. പരാതിക്കാരനും സംസ്ഥാനസര്‍ക്കാറിനും കോടതി നോട്ടീസ് അയച്ചിട്ടുമുണ്ട്. ജാതിപരാമര്‍ശം നടത്തിയതിനാണ് കേസ്.

അശോക് പന്‍വാര്‍ എന്നയാളാണ് കോട്‌വാലി പൊലീസ് സ്റ്റേഷനില്‍ സല്‍മാന്‍ ഖാനും ശില്‍പ്പ ഷെട്ടിയ്ക്കുമെതിരെ പരാതി നല്‍കിയത്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമപ്രകാരമാണ് കേസെടുത്തത്. ഇതിനെതിരെയാണ് സല്‍മാന്‍ ഖാന്‍ ഹൈക്കോടതിയെ സമീപിച്ചത്.

“സല്‍മാന്‍ ഏതെങ്കിലുമൊരു വിഭാഗത്തിനെ അധിക്ഷേപിച്ച് ഒന്നും സംസാരിച്ചിട്ടില്ലെന്ന് ഞങ്ങള്‍ കോടതിയോട് പറഞ്ഞു. നൃത്തത്തിലുള്ള സ്വന്തം കഴിവിനെ കുറിച്ചാണ് സല്‍മാന്‍ പറഞ്ഞത്. പരാതിക്കാരന്‍ പറയുന്നതു പോലെ പ്രഥമദൃഷ്ട്യാ എസ്.സി-എസ്.ടി നിയമപ്രകാരം കേസെടുക്കാനാകില്ല.” -സല്‍മാന്‍ ഖാന്റെ അഭിഭാഷകന്‍ മഹേഷ് ബോറ പറഞ്ഞു. കേസില്‍ സംസ്ഥാനസര്‍ക്കാറിനോും പരാതിക്കാരനോടും മറുപടി നല്‍കാനും ജസ്റ്റിസ് സന്ദീപ് മെഹ്ത ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം വാല്‍മീകി വിഭാഗത്തില്‍ പെട്ടവര്‍ സല്‍മാനെതിരെ പ്രതിഷേധം നടത്തി. പ്രതിഷേധക്കാര്‍ സല്‍മാന്‍ ഖാന്റെ കോലം കത്തിച്ചു. “ടൈഗര്‍ സിന്ദാ ഹൈ” എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയ്ക്കിടെയാണ് സല്‍മാന്‍ വിവാദ പരാമര്‍ശം നടത്തിയത്. നൃത്തത്തിലുള്ള തന്റെ കഴിവിനെ പറ്റി പറയുന്നതിനിടെ “ഭാംഗി” എന്ന വാക്ക് ഉപയോഗിച്ചതാണ് വിവാദത്തിനു കാരണമായത്. ശില്‍പ്പ ഷെട്ടിയും ഇതേ വാക്ക് ഉപയോഗിച്ചിരുന്നു.

ചുരു പൊലീസ് കഴിഞ്ഞമാസം സല്‍മാന്‍ ഖാനും ശില്‍പ്പ ഷെട്ടിയ്ക്കും സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഇരുവരും അന്വേഷണോദ്യോഗസ്ഥനു മുന്നില്‍ ഹാജരായില്ല.