| Thursday, 30th April 2020, 7:06 pm

ലോക്ഡൗണിനിടെ നാട്ടിലേക്ക് മടക്കം; ഇതരസംസ്ഥാന തൊഴിലാളികളെ തിരികെ അയച്ച് രാജസ്ഥാന്‍; 40,000 പേര്‍ യാത്ര തുടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ഇതര സംസ്ഥാനത്തൊഴിലാളികളുടെ മടക്ക യാത്രയില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചതിന് പിന്നാലെ തൊഴിലാളികളെ യാത്രയാക്കി രാജസ്ഥാന്‍. സംസ്ഥാനത്തുനിന്നും 40,000 പേരാണ് ആദ്യഘട്ടത്തില്‍ യാത്ര ആരംഭിച്ചത്. മധ്യപ്രദേശില്‍നിന്നും ഹരിയാനയില്‍നിന്നുമുള്ള തൊഴിലാളികളാണ് ഇവരില്‍ ഭൂരിഭാഗവും.

ആറ് ലക്ഷം തൊഴിലാളികളാണ് നാടുകളിലേക്ക് മടങ്ങണം എന്നാവശ്യപ്പെട്ട് അശോക് ഗെലോട്ട് സര്‍ക്കാരിനെ സമീപിച്ചത്. ആദ്യഘട്ടത്തില്‍ മടങ്ങുന്ന 40,000 തൊഴിലാളികള്‍ റോഡ്മാര്‍ഗം ബസിലാണ് യാത്ര തിരിച്ചത്.

മധ്യപ്രദേശിലേക്ക് 26,000 പേരും ഹരിയാനയിലേക്ക് 20,000 പേരുമാണ് മടങ്ങിയിരിക്കുന്നത്. വിളവെടുപ്പ് കാലത്ത് രാജസ്ഥാനില്‍ എത്തിയവരാണ് ഇവരില്‍ ഭൂരിഭാഗവും. ഗുജറാത്തില്‍നിന്നുള്ളവരെയും അയച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ രാജസ്ഥാനില്‍നിന്നുള്ളവരെയും വീടുകളില്‍ എത്തിച്ചു.

ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും ചേര്‍ന്നാണ് ഇതരസംസ്ഥാനതൊഴിലാളികളുടെ മടക്കയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളില്‍ താമസ സ്ഥലമില്ലാത്തവര്‍ക്കാണ് ആദ്യ പരിഗണനയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

യാത്രയ്ക്ക് വിട്ടയച്ചിരിക്കുന്ന ബസുകളില്‍ തൊഴിലാളികള്‍ മാസ്‌കുകള്‍ ധരിക്കണമെന്നും കൃത്യമായ അകലം പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചതിന് പിന്നാലെ, കോട്ടയില്‍ കുടുങ്ങിയ യു.പിയില്‍നിന്നുള്ള വിദ്യാര്‍ത്ഥികളെയും രാജസ്ഥാന്‍ മടക്കി അയച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more