| Saturday, 25th July 2020, 8:01 pm

'ഇപ്പോള്‍ നിയമസഭ സമ്മേളനം വിളിക്കുന്നത് എന്തിന്?'; ഗെലോട്ടിന്റെ പ്രഖ്യാപനത്തില്‍ പ്രതിരോധത്തിലായി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയതിന് പിന്നാലെ ഭൂരിപക്ഷം തെളിയിക്കാന്‍ തിങ്കളാഴ്ച രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പ്രഖ്യാപനത്തില്‍ പ്രതിരോധത്തിലായി ബി.ജെ.പി. ഗെലോട്ട് നിയമസഭാ സമ്മേളനം വിളിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ തുടര്‍ ആലോചനകളിലേക്ക് കടന്നിരിക്കുകയാണ് പാര്‍ട്ടി.

ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ 12 അംഗ ബി.ജെ.പി പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. ഇതിന് പിന്നാലെ സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി നിലനില്‍ക്കുകയാണെന്നും പാര്‍ട്ടി ആരോപിച്ചു.

മുഖ്യമന്ത്രി അശോക് ഗെലോട്ടും കോണ്‍ഗ്രസും അതി നാടകീയത കൊണ്ടുവരികയാണെന്നും ഗവര്‍ണറെ ഭരണഘടനാ കടമകളില്‍നിന്ന് വിലക്കുകയായണെന്നും ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ സതീഷ് പൂനിയ കുറ്റപ്പെടുത്തി. ഗവര്‍ണറെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു അദ്ദേഹം.

‘നിയമസഭാ സമ്മേളനം വിളിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നിലവിലിരിക്കെ, രാജ്ഭവനെ കുത്തിയിരിപ്പ് സമരവേദിയാക്കുകയാണ് കോണ്‍ഗ്രസ്. അത് ശരിയാണോ? അവര്‍ പകര്‍ച്ചവ്യാധി നിയമം ലംഘിക്കുകയാണ്. കൊറോണ വൈറസില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞങ്ങള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്’, പൂനിയ പറഞ്ഞു.

നിയമസഭാ സമ്മേളനം വിളിക്കാന്‍ മന്ത്രിസഭയ്ക്ക് അവകാശമുണ്ട്. പക്ഷേ, അതിനൊരു കാരണമുണ്ടായിരിക്കണം. കോണ്‍ഗ്രസ് നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്തതിന് പിന്നില്‍ യാതൊരു കാരണവുമില്ലെന്നും ബി.ജെ.പി പറഞ്ഞു. ഗവര്‍ണര്‍ക്ക് സി.ആര്‍.പി.എഫ് സുരക്ഷ ഏര്‍പ്പെടുത്തണം. സര്‍ക്കാര്‍ ഇപ്പോള്‍ ഭരണഘടനാ പ്രതിസന്ധിയിലാണെന്നും ബി.ജെ.പി നേതാക്കള്‍ വിമര്‍ശിച്ചു.

നിയമസഭ വിളിച്ചുചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കുമെന്നാണ് അശോക് ഗെലോട്ട് അറിയിച്ചിരിക്കുന്നത്. സച്ചിന്‍ പൈലറ്റിനെയും 18 എം.എല്‍.എമാരെയും അയോഗ്യരാക്കിയ വിഷയത്തില്‍ രാജസ്ഥാന്‍ ഹൈക്കോടതിയും സുപ്രീംകോടതിയും വാദം കേള്‍ക്കല്‍ തുടരവെയാണ് ഗെലോട്ട് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more