| Thursday, 14th December 2017, 9:55 am

ലൗ ജിഹാദ് ആരോപിച്ച് കൊല; പ്രതി ശംഭുലാലിന്റെ കുടുംബത്തിന് വേണ്ടി പിരിച്ചെടുത്തത് മൂന്ന് ലക്ഷം രൂപ; ബാങ്ക് അക്കൗണ്ട് മരവിച്ചതായി പൊലീസ്

എഡിറ്റര്‍

ജയ്പൂര്‍: രാജസ്ഥാനില്‍ ലൗജിഹാദ് ആരോപിച്ച് മുസ്‌ലീം തൊഴിലാളി മുഹമ്മദ് അഫ്രാസുളിനെ മര്‍ദ്ദിച്ച ശേഷം ജീവനോടെ കത്തിച്ച കേസിലെ പ്രതിയായ ശംഭുലാല്‍ റീഗറിന്റെ കുടുംബത്തിന് 516 ചേര്‍ന്ന് മൂന്ന് ലക്ഷം രൂപ പിരിച്ചുനല്‍കിയതായി പൊലീസ്.

ശുഭുലാലിന്റെ ഭാര്യ സീതയുടെ പേരില്‍ ആരംഭിച്ച അക്കൗണ്ടിലാണ് മൂന്ന് ലക്ഷം രൂപ എത്തിയത്. ശംഭുലാലിന്റെ കുടുബത്തിന് സഹായം നല്‍കണമെന്ന് കാണിച്ച് ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ ശംഭുലാലിന്റെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ട് മരവിപ്പിച്ചതായും പോലീസ് പറഞ്ഞു. രാജസ്ഥാനില്‍നിന്നുമാത്രമല്ല സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരും ധനസഹായം നല്‍കിയതായി അന്വേഷണത്തില്‍ വ്യക്തമാണ്. ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയും പണം ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ശംഭുലാലിന്റെ കുടുംബത്തിന് ധനസഹായം നല്‍കിയതായി കാണിച്ചുകൊണ്ടുള്ള രസീത് സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.

ഇയാളുടെ കുടുംബത്തെ സഹായിക്കാനായി സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ പ്രചരണം നടക്കുന്നുവെന്നും ഇതിനെ തുടര്‍ന്നാണ് ഇക്കാര്യം അന്വേഷിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.

അക്കൗണ്ടില്‍ പണം നിക്ഷേപിച്ചവര്‍ പ്രതിയുമായി നേരിട്ട് ബന്ധമുള്ളവരാണോ എന്ന കാര്യം അന്വേഷിക്കുമെന്നും ഉദയ്പൂര്‍ റേഞ്ച് ഐ.ജി അനന്ത് ശ്രീവാസ്തവ പറഞ്ഞു.

ഡിസംബര്‍ ആറിനാണ് ലൗജിഹാദ് ആരോപിച്ച് ശംഭുലാല്‍ അഫ്രാസുളിനെ മര്‍ദ്ദിക്കുകയും തുടര്‍ന്ന് പെട്രോളിച്ച് തീ കൊളുത്തുകയും ചെയ്തത്.

തുടര്‍ന്ന് ലവ് ജിഹാദിന്റെ പേരിലാണ് താനിത് ചെയ്യുന്നതെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള വിധി ഇതായിരിക്കുമെന്ന് ഇയാള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. മര്‍ദ്ദനവും കൊലപാതകവും 14 വയസുള്ള മരുമകനെ കൊണ്ടായിരുന്നു ഇയാള്‍ ഷൂട്ട് ചെയ്യിപ്പിച്ചത്.

അതിനിടെ, സമീപ ജില്ലയായ ഉദയ്പൂരില്‍ ശംഭുലാലിന് പിന്തുണ അറിയിച്ചു കൊണ്ട് ഒരു വിഭാഗം ഇന്നു നടത്താനിരുന്ന പ്രകടനത്തിന് പോലീസ് വിലക്കേര്‍പ്പെടുത്തി.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more