ജയ്പൂര്‍: രക്താര്‍ബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് സൗജന്യമായി നല്‍കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആരോഗ്യവകുപ്പാണ് ഗ്ലിവക് മരുന്ന്(ഇമാറ്റിനിബ് ഗുളികകള്‍) രോഗികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.
രക്താര്‍ബുദ ചികിത്സയ്ക്കുള്ള ഗ്ലിവക് എന്ന മരുന്നിന്റെ കുത്തകാവകാശം കൈയടക്കാനുള്ള സ്വിസ് ബഹുരാഷ്ട്ര മരുന്നുകമ്പനിയായ നൊവാര്‍ട്ടിസിന്റെ ശ്രമത്തിന് സുപ്രീംകോടതി തടയിട്ട പശ്ചാത്തലത്തിലാണ് തീരുമാനം. []
മുഖ്യമന്ത്രിയുടെ സൗജന്യമരുന്ന് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഗ്ലിവക് മരുന്നു വിതരണം ചെയ്യുന്നത്. ഇതിന് പുറമെ അര്‍ബുദ ചികിത്സാ മരുന്നുകളില്‍ ഉള്‍പ്പെടുന്ന 14 ഇനം മരുന്നുകളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
ഏഴുവര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് താങ്ങാനാവുന്ന വിലയ്ക്കുള്ള മരുന്നുലഭിക്കാനുള്ള ജനങ്ങളുടെ അവകാശത്തിനുള്ള അംഗീകാരമായി വിലകുറഞ്ഞ ജനറിക് മരുന്നുകള്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ മരുന്നുകമ്പനികളെ തടയണമെന്ന നൊവാര്‍ട്ടിസിന്റെ ആവശ്യം സുപ്രീംകോടതി തള്ളിക്കളഞ്ഞത്.
ഗ്ലിവക് മരുന്നിന്റെ ഒരു മാസത്തെ ഡോസിന് (30 ഗുളികകള്‍) 1.23 ലക്ഷം രൂപയാണ് വില. ജീവന്‍നിലനിര്‍ത്താന്‍ ഓരോ ഗുളികവിതം ദിവസവും രോഗികള്‍ കഴിക്കേണ്ടതായിട്ടുണ്ട്. എന്നാല്‍, ഇതേ ഗുണങ്ങളുള്ള ഇന്ത്യന്‍ കമ്പനികളുടെ ജനറിക് മരുന്നിന് 8000 രൂപയേ വിലയുള്ളൂ.