ജയ്പൂര്‍: പഞ്ചാബ് മാതൃകയില്‍ രാജസ്ഥാനിലും കാര്‍ഷിക നിയമത്തിനെതിരെ ബില്ലവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്.
പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തിനെതിരായ ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് രാജസ്ഥാനിലും സമാന മാതൃക പിന്തുടരുമെന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടം കോണ്‍ഗ്രസ് തുടരുമെന്നും ട്വിറ്ററിലൂടെ അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ നിയമനിര്‍മാണം നടത്തണമെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതിനായി ആര്‍ട്ടിക്കിള്‍ 254(2) ന്റെ സാധ്യതകള്‍ പരിശോധിക്കണമെന്നും സോണിയ പറഞ്ഞിരുന്നു.
സംസ്ഥാന താല്‍പ്പര്യത്തിന് വിരുദ്ധമായി കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഏതെങ്കിലും വിഷയത്തില്‍ പാര്‍ലമെന്റ് നിയമം പാസാക്കിയാല്‍ സംസ്ഥാനങ്ങള്‍ക്ക് നിയമ നിര്‍മ്മാണത്തിന് അനുവാദം നല്‍കുന്നതാണ് ആര്‍ട്ടിക്കിള്‍ 254(2).
കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബാണ് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായുള്ള പ്രതിഷേധത്തിന്റെ പ്രധാന കേന്ദ്രം. മുഖ്യമന്ത്രി അമരീന്ദര്‍ സിങും കര്‍ഷകര്‍ക്കൊപ്പം പഞ്ചാബില്‍ പ്രതിഷേധത്തിനിറങ്ങിയിരുന്നു.
പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തെ മറികടക്കാന്‍ മൂന്ന് കാര്‍ഷിക ബില്ലുകള്‍ പഞ്ചാബ് സര്‍ക്കാര്‍ പാസാക്കിയത്. കേന്ദ്ര നിയമത്തിനെതിരായ പ്രമേയവും നിയമഭയില്‍ പാസായിരുന്നു.
പഞ്ചാബിലെ പുതിയ ബില്ല് പ്രകാരം പഞ്ചാബ് സര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവിലയെക്കാള്‍ കുറഞ്ഞ വിലയില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ വില്‍പന കരാര്‍ ഉണ്ടാക്കുന്നത് കുറ്റകരമാകും.
നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും പിഴയുമായിരിക്കും ശിക്ഷ. താങ്ങുവിലയേക്കാള്‍ താഴ്ന്ന വിലയില്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നവര്‍ക്കും ശിക്ഷ ലഭിക്കും.
ഭക്ഷ്യ ധാന്യങ്ങളുടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയും. രണ്ടര ഏക്കര്‍വരെയുള്ള കാര്‍ഷിക ഭൂമികളുടെ ജപ്തി ഒഴിവാക്കുകയും ചെയ്തു.
പാര്‍ലമെന്റ് പാസാക്കിയ 2 കാര്‍ഷിക ബില്ലുകള്‍ക്കും അവശ്യവസ്തു നിയമ ഭേദഗതി ബില്ലിനും രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗീകാരം നല്‍കിയിരുന്നു. കര്‍ഷക ഉല്‍പന്ന വ്യാപാര വാണിജ്യ ബില്‍, കര്‍ഷക (ശാക്തീകരണ, സംരക്ഷണ) ബില്‍, അവശ്യവസ്തു ഭേദഗതി ബില്‍ 2020 എന്നിവരാണ് രാഷ്ട്രപതി ഒപ്പു വച്ചത്.
ബില്ലുകളില്‍ ഒപ്പുവെക്കരുതെന്നും പാര്‍ലമെന്റില്‍ പുനഃപരിശോധനയ്ക്ക് തിരിച്ചയക്കണമെന്നും പ്രതിപക്ഷം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇത് പരിഗണനയ്ക്ക് എടുക്കാതെ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെക്കുകയായിരുന്നു.
കേന്ദ്രസര്‍ക്കാരിന്റേത് കര്‍ഷക വിരുദ്ധ ബില്ലുകളാണെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ കര്‍ഷകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാരത ബന്ദ് നടത്തുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക