| Friday, 16th August 2019, 9:52 pm

പെഹ്‌ലുഖാന്‍ കൊലപാതകക്കേസ് പുനരന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: പെഹ്‌ലുഖാന്‍ കൊലക്കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനം. കേസ് പുനരന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇന്ന് വിളിച്ച യോഗത്തിലാണ് തീരുമാനം.

പശുക്കടത്താരോപിച്ച് ക്ഷീരകര്‍ഷകന്‍ പെഹ്‌ലുഖാനെ കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികളെയും വെറുതെ വിടുന്നതായിരുന്നു വിചാരണ കോടതിയുടെ വിധി. വ്യക്തമായ തെളിവ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിചാരണ കോടതി പ്രതികളെ വെറുതെ വിട്ടത്.

കേസിലെ വിധി ഞെട്ടലുണ്ടാക്കുന്നതാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. രാജസ്ഥാന്‍ സര്‍ക്കാര്‍ പെഹ്ലലുഖാന്റെ നീതിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നതെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചിരുന്നു. പിന്നാലെയാണ് കേസ് പുനരന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനം.

ഹരിയാന സ്വദേശിയായ പെഹ്ലു ഖാനും സംഘവും 2017 ഏപ്രില്‍ 1നു തന്റെ ഫാമിലേക്ക് പശുക്കളെ വാങ്ങി വരുമ്പോഴായിരുന്നു ഗോ രക്ഷാ അക്രമികളുടെ ക്രൂരതക്കിരയായത്. വാഹനം തടഞ്ഞു നിര്‍ത്തിയ അക്രമി സംഘം ഖാനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കേസിലെ വിചാരണ ആഗസ്റ്റ് 7 ന് പൂര്‍ത്തിയായിരുന്നു. കേസില്‍ ആകെ 9 പ്രതികളാണുണ്ടായിരുന്നത്. അതില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. ഇവര്‍ ജാമ്യത്തിലാണ്. ഇവരുടെ കേസ് ജുവനൈല്‍ കോടതിയിലാണ് വിചാരണ ചെയ്യുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more