| Saturday, 28th October 2017, 5:39 pm

'പഠനയാത്രയിലും കാവിവല്‍ക്കരണം'; കോളേജ് വിദ്യാര്‍ത്ഥികള്‍ ആര്‍.എസ്.എസ് കേന്ദ്രത്തില്‍ നിര്‍ബന്ധമായും പഠനയാത്ര പോകണമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ആര്‍.എസ്.എസ് പിന്തുണയുള്ള കേന്ദ്രത്തില്‍ സംസ്ഥാനത്തെ എല്ലാ കോളേജ് വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായി പഠനയാത്ര നടത്തണമെന്ന ഉത്തരവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. 1857ലെ “ഒന്നാം സ്വാതന്ത്ര്യസമരം” ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യാചരിത്രം തിരുത്തിയെഴുതിയതിനു പിന്നാലെയാണ് വിദ്യാഭ്യാസ മേഖലയില്‍ രാജസ്ഥാന്റെയും രാഷ്ട്രീയ ഇടപെടല്‍.

രാജസ്ഥാനിലെ ആര്‍.എസ്.എസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പ്രതാപ് ഗൗരവ് കേന്ദ്രയില്‍ എല്ലാ കോളേജുകളും നിര്‍ബന്ധമായി പഠനയാത്ര നടത്തണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് സോഹന്‍ സിംഗ് രൂപം നല്‍കിയ കേന്ദ്രമാണിത്.


Also Read: യു.പിയിലെ വൃന്ദാവനിലും ബര്‍സാനയിലും മദ്യ, മാംസ വില്‍പ്പനങ്ങള്‍ നിരോധിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍


മഹാറാണ പ്രതാപ് രാജാവിന്റെ ചരിത്രവും നേട്ടങ്ങളുമാണ് ഇവിടെ വിശദീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് ആണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്.

വിദ്യാഭ്യാസം, സംസ്‌കാരം, പാരമ്പര്യം, ദേശസ്‌നേഹം, ടൂറിസം, ധീരത തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവബോധമുണ്ടാക്കുകയാണ് പഠനയാത്ര കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ജോയിന്റ് ഡയറക്ടര്‍ ബന്ദന ചക്രവര്‍ത്തി പുറത്തിറക്കിയ ഉത്തരവില്‍, പ്രതാപ് ഗൗരവ് കേന്ദ്രത്തെ ദേശീയ-തീര്‍ഥാടന-സഞ്ചാര കേന്ദ്രമായാണു വിശേഷിപ്പിച്ചിരിക്കുന്നത്.


Also Read: ‘വിഷ്ണുനാഥ് കോണ്‍ഗ്രസിന്റെ ഭാവിവാഗ്ദാനം’; കെ.പി.സി.സി പട്ടികയില്‍ നിന്ന് ആരും ഒഴിവാക്കില്ലെന്ന് വി.ഡി സതീശന്‍


നേരത്തെ 1817ല്‍ ഒഡീഷയില്‍ നടന്ന പൈക പ്രക്ഷോഭം ഒന്നാം സ്വാതന്ത്ര്യ സമരമായി അംഗീകരിച്ച് സ്‌കൂളുകളിലും കോളേജുകളിലും പഠിപ്പിക്കുമെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യം മുഴുവന്‍ പൈക പ്രക്ഷോഭത്തിന്റെ ചരിത്ര സ്മാരകങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്രം 200 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

നേരത്തെ മുഗള്‍ കാലഘട്ടം വിവരിക്കുന്ന ചരിത്രപാഠങ്ങള്‍ മാറ്റി ഛത്രപതി ശിവജിയുടെയും മഹാറാണാ പ്രതാപിന്റെയും കാലഘട്ടത്തെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ സര്‍വകാലശാല സിലബസുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സംസ്ഥാന സര്‍ക്കാരും ആര്‍.എസ്.എസ് അനുകൂല നിലപാടുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more