| Thursday, 11th July 2024, 11:36 am

വിദ്യാലയങ്ങളിൽ രാംലല്ല പ്രാണ പ്രതിഷ്ഠാ ദിനം ആചരിക്കാൻ ആഹ്വാനവുമായി രാജസ്ഥാൻ സർക്കാർ; പ്രതിഷേധിച്ച് പി.യു.സി.എൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പുർ: സർക്കാർ വിദ്യാലയങ്ങളിലും വർഷം തോറും രാംലല്ല പ്രാണ പ്രതിഷ്ഠാ ദിനം ആചരിക്കണമെന്ന ഉത്തരവുമായി രാജസ്ഥാനിലെ ബി.ജെ.പി സർക്കാർ. ഈ വർഷം ജനുവരി 22ന് അയോധ്യയിൽ നടന്ന രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനെ അനുസ്മരിക്കാനാണ് ഈ ദിനം നടത്തുന്നതെന്നാണ് സർക്കാർ പറയുന്നത്.

വിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക കലണ്ടറിലും പരിപാടികളിലും ഔദ്യാഗികമായി ജനുവരി 22 പ്രാണ പ്രതിഷ്ഠാ ദിനമായി ആചരിക്കണമെന്ന് ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ദിനം എല്ലാ വർഷവും ആചരിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ പറഞ്ഞു.

പുതിയ വിദ്യാഭ്യാസ കലണ്ടറിന്റെ ഭാഗമായി പ്രാണ പ്രതിഷ്ഠാ ദിനത്തെക്കുറിച്ച് വിദ്യാർത്ഥികളെ അറിയിക്കാനും അതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കാനും അതനുബന്ധിച്ച് കലാസൃഷ്ടികൾ നിർമിക്കാനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികൾക്കിടയിൽ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണയും മതിപ്പും വളർത്തിയെടുക്കാനാണ് പ്രാണ പ്രതിഷ്ഠാ ദിനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഭജൻലാൽ ശർമയുടെ നേതൃത്വത്തിലുള്ള സർക്കാർ അവകാശപ്പെടുന്നു.

എന്നാൽ പ്രതിഷേധവുമായി പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബെർട്ടീസ് മുന്നോട്ടെത്തി. അവർ സർക്കാരിന്റെ തീരുമാനത്തെ അപലപിക്കുകയും വിദ്യാഭ്യാസത്തെ വർഗീകരിക്കാനുള്ള ശ്രമമാണ് രാജസ്ഥാനിൽ നടക്കുന്നതെന്നും പറഞ്ഞു. ഒപ്പം ഈ നിർദേശം പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

‘സർക്കാർ സ്‌കൂളുകളിൽ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ദിനം ആഘോഷിക്കാനുള്ള തീരുമാനം വർഗീയ ലക്ഷ്യങ്ങൾ മുന്നിൽകണ്ട് മാത്രം നടത്തുന്നതാണ്. ഇത് പ്രത്യേക അജണ്ടയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി നിർമിച്ചതാണ്. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ വർഗീയവൽക്കരണത്തിൽ പങ്കാളിയായത് ദൗർഭാഗ്യകരമാണ്.

ഈ തീരുമാനം വർഗീയവൽക്കരണത്തിന്റെ അടുത്ത ഘട്ടമാണ്. രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠാ ദിനം ഒരു മതപരമായ ഉത്സവമോ ഹിന്ദു പാരമ്പര്യത്തിൻ്റെ ഭാഗമോ അല്ല. പല മത സന്യാസിമാരും മതപരമായ വീക്ഷണകോണിൽ നിന്ന് അതിനെ ഒരു പുണ്യദിനമായി പോലും കണക്കാക്കുന്നില്ല. രാഷ്ട്രീയ പ്രേരിതമായ ഒരു പ്രവൃത്തിയെ മതവുമായി ബന്ധപ്പെടുത്തുന്നത് തെറ്റാണ്. യുവതലമുറയിൽ ഇത്തരം വർഗീയത നിരക്കുന്നതിനെതിരെ ഞങ്ങൾ പ്രതികരിക്കും,’ പി.യു.സി.എൽ പറഞ്ഞു.

പ്രാണ പ്രതിഷ്ഠാ ദിനത്തിന് പുറമെ വിദ്യാലയങ്ങളിൽ രക്ഷാബന്ധൻ ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Content  Highlight: Rajasthan govt asks schools to observe Ramlalla Pran Pratishtha Day, PUCL protests

We use cookies to give you the best possible experience. Learn more