| Tuesday, 14th May 2019, 2:35 pm

സവര്‍ക്കര്‍ ഇനി മുതല്‍ 'ധീരനായ വിപ്ലവകാരിയല്ല', ബ്രിട്ടീഷ് സര്‍ക്കാറിനോട് മാപ്പപേക്ഷിച്ച വ്യക്തി; പാഠപുസ്തകത്തില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങളില്‍ ബി.ജെ.പിയുടെ വസുന്ധര രാജെ സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ തിരുത്താനൊരുങ്ങി കോണ്‍ഗ്രസ്. ആര്‍.എസ്.എസ് ആചാര്യന്‍ വിനായക ദാമോദര്‍ സവര്‍ക്കര്‍ക്ക് നല്‍കിയ ധീരനായ വിപ്ലവകാരിയെന്ന് പരാമര്‍ശം തിരുത്തുകയും, പകരം അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാറിന് സ്വാതന്ത്ര്യ സമരകാലത്ത് മാപ്പപേക്ഷ എഴുതി നല്‍കിയത് കൂട്ടിച്ചേര്‍ക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

2014ല്‍ കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് പിന്നാലെ, നരേന്ദ്ര മോദി സര്‍ക്കാറിനെ പ്രകീര്‍ത്തിച്ചു കൊണ്ടും, പാര്‍ട്ടിയുടെ ഹിന്ദുത്വ ആശയങ്ങള്‍ എഴുതിച്ചേര്‍ത്തും സംസ്ഥാനത്തെ പാഠപുസ്തകങ്ങളില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു.

പത്താം തരത്തിലെ പാഠ പുസ്തകത്തില്‍ സവര്‍ക്കറിനെ ഇന്ത്യയുടെ സ്വാതന്ത്ര സമര ചരിത്രത്തിലെ സമുന്നതനായ നേതാവായാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ‘രാജ്യത്തിന്റെ വിഭജനം തടയാന്‍ അത്യന്തം പരിശ്രമിച്ച, സ്വാതന്ത്ര്യ സമരകാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടു വട്ടം ജീവപര്യന്തം ജയില്‍ ശിക്ഷയ്ക്ക് വിധേയനായ ധീരനായ വിപ്ലവകാരിയെന്നാണ്’ സവര്‍ക്കറിനെ വിശേഷിപ്പിക്കുന്നത്.

ഗാന്ധി വധത്തെക്കുറിച്ചോ, 2002ലെ ഗുജറാത്ത് കലാത്തെക്കുറിച്ചോ പാഠപുസ്തകങ്ങളില്‍ പരാമര്‍ശം ഇല്ലെന്നതും ശ്രദ്ധേയമാണ്. മോദി സര്‍ക്കാറിന്റെ നേട്ടങ്ങളായി സര്‍ജിക്കല്‍ സ്‌ട്രൈക്കും, നോട്ടു നിരോധനവും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചരിത്രപരം എന്നാണ് ഇതിനെ പുസ്തകത്തില്‍ വിശേഷിപ്പിക്കുന്നത്. സര്‍ക്കാറിന്റെ നയങ്ങളെക്കുറിച്ച് വിമര്‍ശനാത്മകമായി ഒന്നും തന്നെ പുസ്തകങ്ങളില്ല.

കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ തിരിച്ചെത്തിയ ഉടന്‍ പാഠപുസ്തകങ്ങള്‍ പുനപരിശോധിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ റിവിഷന്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. സമിതിയുടെ നിര്‍ദേശപ്രകാരമാണ് സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാറിന് മാപ്പപേക്ഷ നല്‍കിയ കാര്യം കൂട്ടിച്ചര്‍ക്കാന്‍ തീരുമാനിച്ചത്.

‘കഴിഞ്ഞ സര്‍ക്കാര്‍ വിദ്യാഭ്യാസത്തെ ആര്‍.എസ്.എസ് രാഷ്ട്രീയ നേട്ടത്തിനായി പരീക്ഷണശാലയാക്കി മാറ്റിയിരുന്നു. സംഘ്പരിവാര്‍ എന്നും ആരാധിച്ചിരുന്ന സവര്‍ക്കറിനെപ്പോലെയും ദീന്‍ ദയാല്‍ ഉപാദ്യായയേയും പോലുള്ള ആളുകളെ പാഠപുസ്തകങ്ങളിലൂടെ പ്രകീര്‍ത്തിക്കാന്‍ വരെ അവര്‍ മടിച്ചില്ല. എന്നാല്‍ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബ്രിട്ടീഷ് സര്‍ക്കാറില്‍ നിന്നും സവര്‍ക്കര്‍ മാപ്പപേക്ഷിച്ചെന്ന് കൂട്ടിച്ചേര്‍ക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്’- സമിതിയുടെ നിര്‍ദേശ പ്രകാരം അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടു വരുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദൊട്ടാസാര പറഞ്ഞു.

ഈ നീക്കം ഹിന്ദുത്വ വിരുദ്ധമാണെന്നായിരുന്നു മുന്‍ വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്‌നാനിയുടെ പ്രതികരണം.

We use cookies to give you the best possible experience. Learn more