ഇഷാ ഫൗണ്ടേഷന്റെ മണ്ണ് സംരക്ഷണത്തിന്റെ പേരിലുള്ള പദ്ധതിയുമായാണ് (സേവ് സോയില്‍) അശോക് ഗെലോട്ടിന്റെ സര്‍ക്കാര്‍ മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിങ്ങില്‍ (എം.ഒ.യു/ MoU) ഒപ്പുവെച്ചത്.
അശോക് ഗെലോട്ട് തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം പുറത്തുവിട്ടിട്ടുണ്ട്. അശോക് ഗെലോട്ടും സദ്ഗുരു ജഗ്ഗി വാസുദേവും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായും ജഗ്ഗി വാസുദേവ് ഗെലോട്ടിന് സോയില്‍ റീവൈറ്റലൈസേഷന്‍ ഹാന്‍ഡ്ബുക്ക് (Soil Revitalisation Handbook) കൈമാറിയതായും ഇഷാ ഫൗണ്ടേഷന്റെ സോഷ്യല്‍ മീഡിയ റിലീസിലൂടെ പുറത്തുവിട്ടു.
”മണ്ണ് നമ്മുടെ മാതാവാണ്. നമ്മള്‍ എന്നും സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമാണ് മണ്ണിനെ കണ്ടിട്ടുള്ളത്.
മണ്ണിന്റെ ശോചനീയാാവസ്ഥയില്‍ വേദന തോന്നിയിട്ടുണ്ടെങ്കിലും സദ്ഗുരു ജഗ്ഗി വാസുദേവ് ജി സേവ് സോയില്‍ എന്ന മൂവ്‌മെന്റ് ലോഞ്ച് ചെയ്തത് തീര്‍ത്തും ആവേശഭരിതമായ ഒന്നാണ്.
നമ്മളെല്ലാവരും ഈ മൂവ്‌മെന്റിന്റെ ഭാഗമാകേണ്ടതുണ്ട്. അതിന്റെ വിജയത്തിന് എന്റെ എല്ലാവിധ ആശംസകളും,” ജഗ്ഗി വാസുദേവിന് പിന്തുണ അര്‍പ്പിച്ചുകൊണ്ട് അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു.
Soil is our Mother. We have always treated soil with love and respect. It pains me to hear about the degradation of soil but it is heartening that @SadhguruJV ji has launched this movement to #SaveSoil which all of us should be a part of. My best wishes for its success. pic.twitter.com/EJHi4Uxo67
ഇതിന് മറുപടിയായി ജഗ്ഗി വാസുദേവ് പുറത്തുവിട്ട പ്രസ്താവനയില്‍ രാജസ്ഥാന്‍ സര്‍ക്കാരിനെ പുകഴ്ത്തിക്കൊണ്ടും സംസാരിക്കുന്നുണ്ട്. മണ്ണ് സൗഹൃദ പോളിസികള്‍ നടപ്പിലാക്കുന്നതില്‍ മുന്‍പന്തിയിലുള്ള സംസ്ഥാനമാണ് രാജസ്ഥാന്‍ എന്നാണ് ജഗ്ഗി വാസുദേവ് പറഞ്ഞത്.
ഇന്ത്യയില്‍ ഇഷാ ഫൗണ്ടേഷനുമായി എം.ഒ.യു ഒപ്പുവെക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് രാജസ്ഥാന്‍. നേരത്തെ ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തും ഇഷാ ഫൗണ്ടേഷനുമായി എം.ഒ.യു ഒപ്പുവെച്ചിരുന്നു.
ജഗ്ഗി വാസുദേവിനെതിരെ നേരത്തെ തന്നെ നിരവധി വിമര്‍ശനങ്ങളും പരാതികളും ഉയര്‍ന്നിട്ടുണ്ട്. ഭാര്യയെ കൊലപ്പെടുത്തി എന്നതടക്കമുള്ള ആരോപണങ്ങള്‍ ഇയാള്‍ക്കെതിരെ നിലനില്‍ക്കുന്നുണ്ട്.
നേരത്തെ കര്‍ണാടക ഹൈക്കോടതിയില്‍ ഇഷാ ഫൗണ്ടേഷനെതിരെ ഹരജി നല്‍കിയിട്ടുണ്ട്. ഫൗണ്ടേഷന്റെ കാവേരി കോളിംഗ് പദ്ധതിക്കെതിരെയായിരുന്നു അഡ്വ: എ.വി അമര്‍നാഥന്‍ പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തത്.
കാവേരി നദീതീരത്ത് വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിക്കുന്ന പദ്ധതിക്കെതിരെയാണ് ഹര്‍ജി. 253 കോടി വൃക്ഷങ്ങള്‍ നട്ടുപിടിക്കുമെന്ന പേരില്‍, ഒരു വൃക്ഷത്തിന് 42 രൂപ വെച്ച് മൊത്തം 10,626 കോടി രൂപ പിരിച്ചെടുത്തതിനെതിരെയാണ് ഹരജി.
ഇതിന് പിന്നാലെ ഇഷാ ഫൗണ്ടേഷനെതിരെ കര്‍ണാടക ഹൈക്കോടതി കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു
ഒരു ആത്മീയ സ്ഥാപനവും രാജ്യത്തിന്റെ നിയമസംഹിതകള്‍ക്ക് മുകളിലല്ല എന്ന് പറഞ്ഞ കോടതി, ഫൗണ്ടേഷന്‍ ജനങ്ങളില്‍ നിന്നും കോടിക്കണക്കിന് രൂപ പിരിച്ചെടുത്തപ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ എന്തുകൊണ്ട് ഇടപെട്ടില്ല എന്നും ചോദിച്ചിരുന്നു.
Content Highlight: Rajasthan government signed a Memorandum of Understanding with Jaggi Vasudev’s Isha foundation to save soil