ജയ്പൂര്‍: രാജസ്ഥാനിലെ എട്ടാംക്ലാസ് പാഠപുസ്തകത്തില്‍ നിന്നും ‘സതി’യുടെ ചിത്രം ഒഴിവാക്കി. ബി.ജെ.പി സര്‍ക്കാരിന്റെ കാലത്താണ് സതി അനുഷ്ഠിക്കുന്ന ചിത്രം പുസ്തകത്തിന്റെ പുറംചട്ടയില്‍ ഉള്‍പ്പെടുത്തിയത്. ഭര്‍ത്താവിന്റെ ചിതയില്‍ ഭാര്യമാര്‍ ചാടിമരിക്കുന്ന ‘സതി’ എന്ന ദുരാചാരത്തെ കുറിച്ചാണ് ചിത്രം പറഞ്ഞിരുന്നത്.
ഇതൊരു സാധാരണ നടപടിക്രമമാണെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വ്യക്തമാക്കിയത്. അതേസമയം, സതി പോലുള്ള ദുരാചാരങ്ങളുടെ ചിത്രം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊതാസ്ര വ്യക്തമാക്കി.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന, സ്വയം തീയില്‍ച്ചാടി മരിക്കുന്നതിനെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാനാകില്ല. അമേരിക്കയിലെ അറിയപ്പെടുന്ന കോളെജുകളില്‍ പോയി പെണ്‍കുട്ടികള്‍ പഠിക്കുന്നത് കാണാനാണ് താല്‍പ്പര്യപ്പെടുന്നതെന്നും ദൊതാസ്ര പറഞ്ഞു.
അതേസമയം, സവര്‍ക്കറുടെ ആത്മകഥയുടെ ഭാഗം എടുത്തുമാറ്റി സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് എഴുതി നല്‍കിയ മാപ്പപേക്ഷ പത്താം ക്ലാസിലെ സാമൂഹ്യപാഠ പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ സിലബസ് റിവിഷന്‍ കമ്മിറ്റി സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിരുന്നു.
സവര്‍ക്കറിന്റെ പേരിന് മുന്നിലെ ‘വീര്‍’ എന്ന പദം ഒഴിവാക്കാനും കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. വീര്‍ സവര്‍ക്കര്‍ എന്ന പേരുമാറ്റി വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്നാക്കി മറ്റും. കഴിഞ്ഞ ബി.ജെ.പി സര്‍ക്കാര്‍ സംസ്ഥാനത്തെ പാഠപുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ച പാഠഭാഗങ്ങളാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നീക്കം ചെയ്യുന്നത്.
മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തത് സവര്‍ക്കറാണെന്നും 1910 ല്‍ ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്തപ്പോള്‍ തന്റെ 50 വര്‍ഷത്തെ ജയില്‍ ശിക്ഷ ഇളവ് ചെയ്ത് കിട്ടാന്‍ സവര്‍ക്കര്‍ മാപ്പപേക്ഷിച്ചതും പാഠത്തില്‍ ഉള്‍പ്പെടുത്തും.
2014ല്‍ കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് പിന്നാലെ, നരേന്ദ്ര മോദി സര്‍ക്കാറിനെ പ്രകീര്‍ത്തിച്ചു കൊണ്ടും, പാര്‍ട്ടിയുടെ ഹിന്ദുത്വ ആശയങ്ങള്‍ എഴുതിച്ചേര്‍ത്തും സംസ്ഥാനത്തെ പാഠപുസ്തകങ്ങളില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു.