| Wednesday, 6th May 2015, 8:04 am

ഗോമൂത്രം കൊണ്ട് ആശുപത്രി ശുദ്ധീകരിച്ച് രാജസ്ഥാന്‍ സര്‍ക്കാറിന്റെ പരീക്ഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ഗോമൂത്രം ശേഖരിക്കാന്‍ ജാലൂര്‍ ജില്ലയില്‍ റിഫൈനറി സ്ഥാപിച്ചതിനു പിന്നാലെ ഇതു ആശുപത്രികള്‍ ശുദ്ധീകരിക്കാന്‍ ഉപയോഗിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ നീക്കം.

ജയ്പൂരിലെ ഏറ്റവും വലിയ ആശുപത്രിയായ സാവായ് മാന്‍ സിങ് ഹോസ്പിറ്റലിലെ ഒരു വാര്‍ഡ് ശുദ്ധീകരിച്ചുകൊണ്ടാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിക്കുക. ഗോമൂത്രം ഉപയോഗിച്ച് ശുദ്ധീകരിച്ച വാര്‍ഡും മറ്റു വസ്തുക്കള്‍ കൊണ്ട് ശുദ്ധീകരിച്ച വാര്‍ഡും ഡോക്ടര്‍മാരുടെ ടീം താമതമ്യം ചെയ്യും.

ഒരുമാസം പരീക്ഷണാടിസ്ഥാനത്തില്‍ ഇതു നടപ്പിലാക്കാനും കാര്യങ്ങള്‍ പരിശോധിക്കാനും ഡോക്ടര്‍മാരുടെ ടീമിനെ നിയോഗിച്ചിട്ടുണ്ടെന്ന് രാജസ്ഥാന്‍ ആരോഗ്യമന്ത്രി രാജേന്ദ്ര റാഥോര്‍ പറഞ്ഞു. ഗോമൂത്രം എത്രത്തോളം ഗുണകരമാണെന്നാണ് ഡോക്ടര്‍മാര്‍ പരിശോധിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വിഷയത്തില്‍ ഗവേഷണം നടത്താന്‍ ജോധ്പൂര്‍ ആയുര്‍വേദിക് യൂണിവേഴ്‌സിറ്റിക്കും ബിക്കാനീറിലെ വെറ്റിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഗോമൂത്രത്തിനു ഔഷധഗുണമുണ്ടെന്നാണ് ജയ്പൂരിലെ സംഗാനറിലെ പിഞ്ച്ര പോള്‍ ഗോശാലയിലെ കെയര്‍ടേക്കറായ ദേവി സിങ് പറയുന്നു. കിഡ്‌നിരോഗങ്ങള്‍ക്കുള്ള മരുന്നുകളും ഐ ഡ്രോപ്പ്‌സും ഗോശാലയില്‍ തങ്ങള്‍ ഉണ്ടാക്കി വില്‍ക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാജസ്ഥാന്‍ സര്‍ക്കാറിന്റെ നടപടിയെ പ്രശംസിച്ച് ആര്‍.എസ്.എസും രംഗത്തുവന്നിട്ടുണ്ട്. നമ്മുടെ സംസ്‌കാരവുമായി വളരെയേറെ അടുത്ത വിശുദ്ധ പശുവിന്റെ മൂല്യം തിരിച്ചറിഞ്ഞു തുടങ്ങിയെന്നാണ് ആര്‍.എസ്.എസ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.

അതേസമയം, സര്‍ക്കാര്‍ അടിസ്ഥാന വൈദ്യ സഹായത്തിനാണു പ്രാധാന്യം നല്‍കേണ്ടതെന്നാണ് കോണ്‍ഗ്രസ് നിലപാട്. തങ്ങള്‍ ഒരു തരത്തിലുള്ള ഗവേഷണങ്ങള്‍ക്കും എതിരല്ല. എന്നാല്‍ അടിസ്ഥാന ആവശ്യങ്ങളില്‍ ശ്രദ്ധയൂന്നണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more