ജയ്പുര്‍: മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനുമെതിരേ ഗുരുതര ആരോപണമുന്നയിച്ച് രാജസ്ഥാനില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ ആത്മഹത്യാക്കുറിപ്പ് ചര്‍ച്ചയാകുന്നു. അധികാരത്തിലേറി 10 ദിവസത്തിനുള്ളില്‍ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുമെന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രഖ്യാപനം നടപ്പിലായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഞായറാഴ്ച ഗംഗാനഗര്‍ ജില്ലയിലെ സോഹന്‍ ലാല്‍ കഡേല എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്.
തന്റെ ആത്മഹത്യാക്കുറിപ്പില്‍ കഡേല ഗെഹ്‌ലോട്ടിന്റെയും പൈലറ്റിന്റെയും പേരെഴുതിച്ചേര്‍ത്തിട്ടുണ്ട്. തന്റെ മരണത്തിന് ഇരുവരുമാണ് ഉത്തരവാദികളെന്ന് അദ്ദേഹം ആരോപിക്കുന്നു. ‘മറ്റാരെയും അതിനു കുറ്റപ്പെടുത്തുന്നില്ല. അവരുടെ വാഗ്ദാനങ്ങള്‍ക്ക് എന്തുപറ്റി. എന്റെ എല്ലാ സഹോദരങ്ങളുടെയും (കര്‍ഷകരുടെ) കടങ്ങള്‍ എഴുതിത്തള്ളുന്നതുവരെ എന്റെ മൃതദേഹം കത്തിക്കരുത്.’- കത്തില്‍ പറയുന്നു.
‘കര്‍ഷകരുടെ ഐക്യം ഇപ്പോള്‍ കാണണം. ഗെഹ്‌ലോട്ടിനെതിരേ ക്രിമിനല്‍ക്കേസ് കൊടുക്കൂ. ഐക്യം നിലനിര്‍ത്താന്‍ ഞാനെന്റെ ഗ്രാമവാസികളോട് അപേക്ഷിക്കുന്നു. എന്റെ കുടുംബത്തിന്റെ ക്ഷേമം ഇനി നിങ്ങളുടെ ഉത്തരവാദിത്വമാണ്. അവരെ നന്നായി നോക്കുക.’- അദ്ദേഹം എഴുതി.
മൂന്നേക്കര്‍ ഭൂമിയാണ് കഡേലയ്ക്കുള്ളത്. ഇതില്‍ കൃഷിക്കായി റെയ്‌സിങ്‌നഗറിലെ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ശാഖയില്‍ നിന്ന് രണ്ടുലക്ഷം രൂപ വീതം രണ്ടുതവണ അദ്ദേഹം വായ്പയെടുത്തിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ആ തുക വര്‍ധിക്കുകയും തിരിച്ചടയ്ക്കാന്‍ കഴിയാതാകുകയും ചെയ്തു.
എന്നാല്‍ കടക്കെണി മൂലമല്ല കഡേല ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലേക്കാണ് പൊലീസെത്തുന്നത്. അദ്ദേഹത്തെക്കുറിച്ച് ചില വസ്തുതകള്‍ കണ്ടെത്തിയതായി ഗംഗാനഗര്‍ പൊലീസ് സുപ്രണ്ട് ഹേമന്ത് ശര്‍മ ദ വയറിനോടു പറഞ്ഞു.
അധിക വരുമാനത്തിനായി കഡേല ഒരു കട നടത്തിയിരുന്നെന്നും അദ്ദേഹമൊരു വ്യവസായിയായിരുന്നെന്നും ഹേമന്ത് ശര്‍മ പറഞ്ഞു. ‘2008-ല്‍ അദ്ദേഹം ഒരു സ്‌പ്രേ വെച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. 2018-ല്‍ അദ്ദേഹത്തിനെതിരേ ആത്മഹത്യാശ്രമത്തിനും അനുവാദമില്ലാതെ ആളെക്കൂട്ടിയതിനും കേസെടുത്തിരുന്നു. അതിനര്‍ഥം അദ്ദേഹത്തിന് ആത്മഹത്യാപ്രവണതയുണ്ടായിരുന്നു എന്നാണ്.
ജോധ്പുരില്‍ അദ്ദേഹം ഒരു വസ്തു വിറ്റിരുന്നു. അതിലൂടെ അദ്ദേഹം വലിയൊരു തുക നേടി. ഇതാണു ഞങ്ങളുടെ കണ്ടെത്തലുകള്‍. എന്നാല്‍ നിഗമനത്തിലേക്കെത്തിയിട്ടില്ല.’- അദ്ദേഹം പറഞ്ഞു.
കഡേല കടക്കെണിയിലായിരുന്നില്ലെന്നാണ് സച്ചിന്‍ പൈലറ്റ് വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടത്. ഒരു കര്‍ഷകന്‍ മരിക്കുന്നതോ കൊല്ലപ്പെടുന്നതോ ഞങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല. അദ്ദേഹം കടക്കെണിയിലായിരുന്നില്ലെന്നാണു ഞാന്‍ പറയുന്നത്. പക്ഷേ കാരണമെന്തായാലും ഒരാള്‍ മരിച്ചു. അതൊരു സങ്കടകരമായ കാര്യമാണ്. കര്‍ഷകരുടെ നല്ല ഭാവിക്കുവേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാര്‍ പൂര്‍ണമായി പ്രതിജ്ഞാബദ്ധരാണെന്നും പൈലറ്റ് പറഞ്ഞു.
എന്നാല്‍ കടക്കെണിയല്ലാതെ മറ്റൊരു കാരണവും ആത്മഹത്യക്കു പിന്നിലില്ലെന്ന് കഡേലയുടെ മകള്‍ മീനാക്ഷി പറഞ്ഞു. ബാങ്ക് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിനോട് വായ്പ തിരിച്ചടയ്ക്കാന്‍ പറഞ്ഞ് സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുകയായിരുന്നെന്ന് മീനാക്ഷി പറഞ്ഞു. ഈ സമ്മര്‍ദത്തെത്തുടര്‍ന്നാണ് അദ്ദേഹം വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഇതിനുത്തരവാദി കോണ്‍ഗ്രസ് സര്‍ക്കാരാണെന്നും മകള്‍ ആരോപിച്ചു.
കഡേല സാമ്പത്തികമായി നല്ല അവസ്ഥയിലായിരുന്നില്ലെന്നും കടക്കെണിയിലായിരുന്നെന്നും സമീപവാസികളും പറയുന്നു. കൃഷിയിടത്തില്‍ നിന്ന് ആവശ്യത്തിനു വരുമാനം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് അദ്ദേഹം ചെറിയ കട തുടങ്ങിയതെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ജില്ലാ പ്രസിഡന്റ് കാലു തോറി ദ വയറിനോടു പറഞ്ഞു.