ന്യൂദല്‍ഹി: പശുക്കടത്ത് നടത്തിയെന്ന് ആരോപിച്ച് ഹിന്ദുത്വവാദികള്‍ ചുട്ടുകൊന്ന ജുനൈദിന്റെയും നാസിറിന്റെയും കുടുംബങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. നീതി ആവശ്യപ്പെട്ടുള്ള ബന്ധുക്കളുടെ പ്രതിഷേധം പ്രദേശത്തെ സമാധാനനില തകര്‍ത്തെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഭരത്പൂര്‍ ജില്ലാ ഭരണകൂടമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ഫെബ്രുവരി 27ന് കോടതിയില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പൊലീസുമായി സഹകരിച്ച് പ്രദേശത്തെ ക്രമസമാധാനം നില നിര്‍ത്താനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നതെന്നും എല്ലാം കൃത്യമായ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ചെയ്യുന്നതെന്നും സബ് ഡിവിഷണല്‍ മാജിസ്ട്രേറ്റ് സുനിത യാദവ് പറഞ്ഞു.
‘എല്ലാം കൃത്യമായ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ചെയ്യുന്നത്. പൊലീസുമായി സഹകരിച്ച് പ്രദേശത്തെ ക്രമസമാധാനം നിലനിര്‍ത്താനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. പൊലീസ് ആവശ്യപ്പെട്ട പ്രകാരമാണ് നോട്ടീസ് അയച്ചത്,’ സുനിത യാദവിനെ ഉദ്ധരിച്ച് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം പ്രതിഷേധം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവും ലോക്കല്‍ എം.എല്‍.എയുമായ സാഹിദ് ഖാന്‍, വിദ്യാഭ്യാസ മന്ത്രി തുടങ്ങിയവരില്‍ നിന്നും സമ്മര്‍ദ്ദമുണ്ടെന്ന് കുടുംബം ആരോപിച്ചു. പ്രതിഷേധത്തില്‍ നിന്നും പിന്മാറാത്ത പക്ഷം തെളിവുകള്‍ നശിപ്പിക്കുമെന്ന് എം.എല്‍.എ ഭീഷണിപ്പെടുത്തിയതായും കുടുംബത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
പശുവിനെ കടത്തിയെന്നാരോപിച്ച് ഫെബ്രുവരി 16നായിരുന്നു ജുനൈദ്-നാസിര്‍ എന്ന യുവാക്കളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ചുട്ടുകൊന്നത്. ബജ്‌റംഗ്ദള്‍ നേതാവ് മോനു മനേസര്‍ ആണ് കൊലപാതകത്തിന് പിന്നിലെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു.