| Tuesday, 16th November 2021, 10:21 pm

ഇന്ധനവില കുറച്ച് രാജസ്ഥാന്‍; കുറച്ചത് പെട്രോളിന് 4 രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനില്‍ ഇന്ധനവില കുറച്ച് ഗെലോട്ട് സര്‍ക്കാര്‍. പെട്രോളിന് നാലും ഡീസലിന് അഞ്ചും രൂപയാണ് രാജസ്ഥാന്‍ ഇന്ധന വിലയില്‍ കുറച്ചിരിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വരും.

അശോക് ഗെലോട്ട് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ‘ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഐക്യകണ്‌ഠേന ഇന്ധന നികുതി കുറയ്ക്കാന്‍ തീരുമാനിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ പെട്രോളിന് നാല് രൂപയും ഡീസലിന് അഞ്ച് രൂപയും കുറയും,’ ഗെലോട്ട് ട്വീറ്റ് ചെയ്തു.

രാജസ്ഥാന്‍ ഒരിക്കലും ഇന്ധന നികുതി കുറയ്ക്കാന്‍ തയ്യാറെല്ലാന്നായിരുന്നു ഗെലോട്ട് നേരത്തെ പറഞ്ഞിരുന്നത്. തങ്ങള്‍ ഇന്ധന നികുതി കുറയ്ക്കില്ലെന്നും, നവംബര്‍ 4ലെ കേന്ദ്രത്തിന്റെ തീരുമാനത്തോടെ, സംസ്ഥാന നികുതിയില്‍ പെട്രോളിന് ലിറ്ററിന് 1.8 രൂപയും ഡീസലിന് 2.6 രൂപയും കുറഞ്ഞുവെന്നും, സംസ്ഥാന വരുമാനത്തില്‍ 1,800 കോടിയുടെ അധിക നഷ്ടമുണ്ടാക്കിയെന്നുമായിരുന്നു ഗെലോട്ടിന്റെ വാദം.

നേരത്തെ പഞ്ചാബും ഇന്ധനവില കുറച്ചിരുന്നു. പെട്രോളിന് 10 രൂപയും ഡീസലിന് 5 രൂപയുമാണ് പഞ്ചാബ് സര്‍ക്കാര്‍ കുറച്ചത്.

70 വര്‍ഷത്തിന് ശേഷമാണ് ഇന്ധന വില കുറയ്ക്കുന്നത് എന്നാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി പറഞ്ഞത്. അതേസമയം, അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ചന്നിയുടെ നീക്കം എന്നാണ് ആരോപണമുയരുന്നത്.

കേന്ദ്രം ഇന്ധന നികുതി കുറച്ചതിന് പിന്നാലെയാണ് പഞ്ചാബും പെട്രോള്‍-ഡീസല്‍ വില കുറച്ചിരിക്കുന്നത്.

ദീപാവലിയോടനുബന്ധിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചത്. ഇതോടെ പെട്രോളിന് 5ഉം ഡീസലിന് 10ഉം രൂപയായിരുന്നു കുറഞ്ഞത്. എന്നാല്‍ അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് ബി.ജെ.പി ഇന്ധന നികുതി കുറച്ചതെന്നാണ് ആരോപണമുയരുന്നത്.

കേന്ദ്രം നികുതി കുറച്ചതിന് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന അസം, ത്രിപുര, മണിപ്പൂര്‍, കര്‍ണാടക, ഗോവ, യു.പി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും പെട്രോള്‍-ഡീസല്‍ വില കുറച്ചിരുന്നു

ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Rajasthan cuts petrol price by Rs 4 per litre

We use cookies to give you the best possible experience. Learn more